വോഡ-ഐഡിയയെ ബിര്‍ളയും കൈയൊഴിഞ്ഞേക്കും

വോഡ-ഐഡിയയെ ബിര്‍ളയും കൈയൊഴിഞ്ഞേക്കും
  • പിഴയടവില്‍ ഇളവുകള്‍ ലഭിച്ചില്ലെങ്കില്‍ കമ്പനി പാപ്പരത്ത നടപടികളിലേക്ക് നീങ്ങും
  • എജിആര്‍ അടിസ്ഥാനത്തില്‍ പിഴയായി അടയ്‌ക്കേണ്ടി വരിക 39,000 കോടി രൂപയോളം
  • മൂന്നു മാസത്തിനകം കോടതി വിധിച്ച പിഴ അടയ്ക്കണമെന്ന് ടെലികോം മന്ത്രാലയം

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സഹായം ലഭിച്ചില്ലെങ്കില്‍ വോഡഫോണ്‍-ഐഡിയ സംയുക്ത ടെലികോം കമ്പനിയെ കൈയൊഴിയാന്‍ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെയും തീരുമാനം. യുകെ കമ്പനിയായ വോഡഫോണുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിലേക്ക് കൂടുതല്‍ നിക്ഷേപം നടത്തേണ്ടെന്നാണ് തീരുമാനമെന്ന് കമ്പനിയുടെ മുതിര്‍ന്ന ചുമതലക്കാര്‍ വ്യക്തമാക്കി. സുപ്രീം കോടതി വിധിച്ച പിഴയടക്കുന്നത് സംബന്ധിച്ച് ഇളവുകള്‍ ലഭിച്ചില്ലെങ്കില്‍ ടെലികോം ഭീമന്‍ പാപ്പരത്ത നടപടികളിലേക്ക് നീങ്ങുമെന്ന് ഇതോടെ ഉറപ്പായി. സഹായം ലഭിച്ചില്ലെങ്കില്‍ ഇന്ത്യ വിടുമെന്ന മുന്നറിയിപ്പ് വോഡഫോണ്‍ നല്‍കിയതിന് പിന്നാലെയാണ് ഐഡിയയുടെ ഉടമകളും കടുത്ത തീരുമാനവുമായി മുന്നോട്ടു പോകുന്നത്. തിട്ടപ്പെടുത്തിയ മൊത്ത വരുമാനത്തിന്റെ (എജിആര്‍) അടിസ്ഥാനത്തില്‍ ടെലികോം മന്ത്രാലയത്തിലേക്ക് 39,000 കോടി രൂപ പിഴ അടയ്ക്കാനാണ് സുപ്രീം കോടതി വോഡഫോണ്‍-ഐഡിയ ഗ്രൂപ്പിനോട് നിര്ഡദേശിച്ചിരിക്കുന്നത്.

ടെലികോം വ്യവസായം, സേവന കമ്പനികള്‍ക്കൊഴിച്ച് എല്ലാവര്‍ക്കും ലാഭമുണ്ടാക്കുന്നുണ്ടെന്നും തങ്ങളെ സംബന്ധിച്ച് ഇത് നഷ്ടവും തുടര്‍ന്നുകൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യവുമാണെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് തുടര്‍ന്നുള്ള മൂലധന നിക്ഷേപത്തെ കുറിച്ച് മാറിച്ചിന്തിക്കേണ്ടി വരുന്നതെന്നും ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ഇക്കാര്യത്തില്‍ വോഡഫോണ്‍ സിഇഒ നിക്ക് റീഡ് പ്രകടിപ്പിച്ച ആശങ്കളോട് യോജിപ്പാണെന്നും അദ്ദേഹം പറഞ്ഞു. അടിയന്തരമായി പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ സ്ഥിതിഗതികള്‍ അത്യധികം ഗുരുതരമാകുമെന്നാണ് റീഡ് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നത്. പാപ്പരത്ത പാതയിലാണ് കമ്പനിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അതേസമയം കമ്പനികള്‍ക്ക് സാമ്പത്തിക ഇളവുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരും തയാറല്ല. കണക്കുകള്‍ വിശദമായി പരിശോധിച്ച ശേഷം മൂന്നു മാസത്തിനകം കോടതി വിധിച്ച പിഴത്തുക അടച്ചു തീര്‍ക്കാന്‍ ആവശ്യപ്പെട്ട് ടെലികോം മന്ത്രാലയം കമ്പനികള്‍ക്ക് നോട്ടീസ് അയച്ചു. മൂന്ന് മാസത്തെ സമയം തന്നെയാണ് സുപ്രീം കോടതിയും നല്‍കിയിരുന്നത്. ടെലികോം മേഖല ആകെ അടയ്‌ക്കേണ്ട പിഴ 1.33 ലക്ഷം കോടി രൂപയാണ്. ഭാരതി എയര്‍ടെല്‍ 62,187.73 കോടി രൂപയും വോഡഫോണ്‍-ഐഡിയ 54,183.9 കോടി രൂപയും ബിഎസ്എന്‍എല്‍-എംടിഎന്‍എല്‍ 10,657.18 കോടി രൂപയും അടയ്‌ക്കേണ്ടി വരുമെന്നാണ് മന്ത്രാലയം കണക്കാക്കിയിരിക്കുന്നത്. അതേസമയം 13 കോടി രൂപ മാത്രം പിഴയായി അടയ്‌ക്കേണ്ട റിലയന്‍സ് ജിയോ, ഒരു തരത്തിലുള്ള ഇളവുകളും ആര്‍ക്കും നല്‍കരുതെന്ന ആവശ്യവുമായി രംഗത്തുണ്ട്.

വോഡ-ഐഡിയ നഷ്ടക്കച്ചവടം

ആദ്യപാദ നഷ്ടം 5,000 കോടി രൂപ

ആദ്യപാദ വരുമാനം 11,300 കോടി രൂപ

ലൈസന്‍സ് ഫീ പിഴ 28,000 കോടി രൂപ

സ്‌പെക്ട്രം പിഴ 11,000 കോടി രൂപ

ആകെ കടം 99,000 കോടി രൂപ

റീഡിന്റെ തിരുത്ത്

സര്‍ക്കാര്‍ അനിഷ്ടമറിയിച്ചതോടെ രാജ്യത്തെ ടെലികോം മേഖലയെ സംബന്ധിച്ച വിവാദ പ്രസ്താവനയില്‍ നിന്ന് പിന്‍മാറി വോഡഫോണ്‍ സിഇഒ. ഇന്ത്യയുടെ വളര്‍ച്ചാ ശേഷിയില്‍ വിശ്വാസമുണ്ടെന്നും രാജ്യത്തുനിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വോഡ സിഇഒ നിക്ക് റീഡ് വ്യക്തമാക്കി. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തതാണെന്ന് ചൂണ്ടിക്കാട്ടി അദ്ദഹം സര്‍ക്കാരിന് കത്തയച്ചു. രാജ്യത്തെ ടെലികോം മേഖലയും വോഡഫോണും ഗുരുതരാവസ്ഥയിലാണെന്നായിരുന്നു സാമ്പത്തിക പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് റീഡ് അഭിപ്രായപ്പെട്ടിരുന്നത്.

Categories: FK News, Slider