യുഎഇ ബാങ്കുകളില്‍ ചിലവ് ചുരുക്കല്‍ നടപടി തുടരുന്നു; നൂറുകണക്കിന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും

യുഎഇ ബാങ്കുകളില്‍ ചിലവ് ചുരുക്കല്‍ നടപടി തുടരുന്നു; നൂറുകണക്കിന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും
  • എച്ച്എസ്ബിസി 40 ജീവനക്കാരെ പിരിച്ചുവിട്ടു
  • എമിറേറ്റ്‌സ് എന്‍ബിഡി നൂറോളം പേരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

ദുബായ്: സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ബാങ്കുകള്‍ ചിലവ് ചുരുക്കല്‍ നടപടികള്‍ ഊര്‍ജിതമാക്കിയതോടെ യുഎഇയില്‍ നിരവധി ബാങ്ക് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. പ്രമുഖ അന്താരാഷ്ട്ര ബാങ്കിംഗ് സ്ഥാപനമായ എച്ച്എസ്ബിസി ബാങ്ക് യുഎഇയില്‍ നാല്‍പതോളം ജീവനക്കാരെയാണ് ഇതിനോടകം പിരിച്ചുവിട്ടത്. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ധനകാര്യസ്ഥാപനങ്ങളില്‍ ഒന്നായ എമിറേറ്റ്‌സ് എന്‍ബിഡിയും നൂറോളം തൊഴിലാളികളെ ജോലിയില്‍ നിന്നും പിരിച്ചുവിടാനിരിക്കുകയാണ്.

പ്രോപ്പര്‍ട്ടി വിലയിടിവ് മൂലം ദുബായ് അടക്കമുള്ള യുഎഇ നഗരങ്ങള്‍ വളര്‍ച്ചാ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ബാങ്കുകള്‍ ചിലവ് ചുരുക്കല്‍ നടപടികള്‍ കാര്യക്ഷമമാക്കുന്നത്.

വരുമാനത്തില്‍ കാര്യമായ ഇടിവ് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ലണ്ടന്‍ ആസ്ഥാനമായുള്ള എച്ച്എസ്ബിസി ബാങ്ക് ബൃഹത്തായ ചിലവ് ചുരുക്കല്‍ നടപടികളിലേക്ക് കടന്നത്. എച്ച്എസ്ബിസിയുടെ ഇടക്കാല സിഇഒ നോയല്‍ ക്വീന്റെ നേതൃത്വത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. തുര്‍ക്കി, പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക മേഖലകളില്‍ എച്ച്എസ്ബിസിക്കുള്ള പതിനായിരത്തോളം ജീവനക്കാരില്‍ 3,000 പേര്‍ യുഎഇയിലാണ്് ജോലി ചെയ്യുന്നത്.

ദുബായിലെ ഏറ്റവും വലിയ ബാങ്കായ എമിറേറ്റ്‌സ് എന്‍ബിഡിയിലും ചിലവ് ചുരുക്കല്‍ നടപടിയുടെ ഭാഗമായി പിരിച്ചുവിടല്‍ നടക്കുന്നുണ്ട്. എന്നാല്‍ എച്ച്എസ്ബിസിയും എമിറേറ്റ്‌സ് എന്‍ബിഡിയും ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ തയാറായിട്ടില്ല. ചിലവ് ചുരുക്കലിന്റെയും വെല്ലുവിളികള്‍ നിറഞ്ഞ വിപണി അന്തരീക്ഷത്തില്‍ ക്ഷമത വര്‍ധിപ്പിക്കുന്ന നടപടികളുടെയും ഭാഗമായാണ് പിരിച്ചുവിടല്‍ നടക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

അറബ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയായ യുഎഇയിലെ മറ്റ് ബാങ്കുകളിലും കൂട്ടുപ്പിരിച്ചുവിടല്‍ നടക്കുന്നുണ്ട്. സ്‌പെറ്റംബര്‍ വരെയുള്ള 12 മാസങ്ങളില്‍ രാജ്യത്തെ പ്രാദേശിക ബാങ്കുകളില്‍ ഏതാണ്ട് 446 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് യുഎഇ കേന്ദ്രബാങ്കില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ 35,518 ബാങ്ക് ജീവനക്കാരില്‍ 80 ശതമാനത്തിലേറെ പേരും സ്വകാര്യ ബാങ്കുകളില്‍ ജോലി ചെയ്യുന്നവരാണ്.

അബുദാബി കൊമേഴ്‌സ്യല്‍ ബാങ്ക്, യൂണിയന്‍ കൊമേഴ്‌സ്യല്‍ ബാങ്ക്, അല്‍ ഹിലാല്‍ ബാങ്ക് എന്നീ ബാങ്കുകളുടെ ലയനത്തിന്റെ ഫലമായി നൂറുകണക്കിന് ജീവനക്കാര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. ജീവനക്കാര്‍ക്ക് സ്വയം വിരമിക്കലിന് അവസരമൊരുക്കുമെന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ കൊമേഴ്‌സ്യല്‍ ബാങ്ക് ഇന്റെര്‍നാഷ്ണല്‍ (സിബിഐ) വ്യക്തമാക്കിയിരുന്നു. നൂറോളം ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ സ്വയം വിരമിക്കല്‍ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് സിബിഐ കണക്കുകൂട്ടുന്നത്. പ്രമുഖ ധനകാര്യ സ്ഥാപനമായ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡും സെപ്റ്റംബറില്‍ യുഎഇയില്‍ നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

പ്രോപ്പര്‍ട്ടി വിപണിയിലെ മാന്ദ്യം യുഎഇയിലെ ബാങ്കിംഗ് മേഖലയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുമെന്ന് സെപ്റ്റംബറില്‍ റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Comments

comments

Categories: Arabia
Tags: uae banks