ഒരു പരസ്യ പ്രതിഭയുടെ ഓര്‍മ്മയ്ക്ക്

ഒരു പരസ്യ പ്രതിഭയുടെ ഓര്‍മ്മയ്ക്ക്

ഇന്ത്യയിലെ പരസ്യങ്ങളുടെ കുലപതിയെന്നു വിശേഷിപ്പിക്കാവുന്ന അപൂര്‍വ പ്രതിഭ ഓര്‍മ്മയായിട്ട് നാളെ ഒരു വര്‍ഷം തികയുന്നു

എണ്‍പതുകളുടെ മധ്യത്തില്‍ ‘എല്ലാവര്‍ക്കും പ്രിയമാം നിര്‍മ്മ’ എന്ന ജിംഗിളുമായി നിര്‍മ്മ വിപണിയില്‍ എത്തിയ കാലം. അന്ന് വിപണിയില്‍ മുന്നിട്ടുനിന്നിരുന്ന സര്‍ഫിന് പുതിയ ബ്രാന്‍ഡ് വെല്ലുവിളിയാവുകയായിരുന്നു. അതു നേരിടാന്‍ പല വാഗ്ദാനങ്ങളും പരസ്യങ്ങളിലൂടെ സര്‍ഫ് അവതരിപ്പിച്ചുവെങ്കിലും ഉദ്ദേശിച്ച ഫലം കണ്ടില്ല. വിഷയം പ്രമുഖ പരസ്യകാരനായിരുന്ന അലീഖ് പദംസിയുടെ മുന്നിലെത്തി. അദ്ദേഹത്തിന്റെ ഭാവനയില്‍ നിന്നാണ് നിര്‍മ്മയ്ക്കു മറുപടി നല്‍കാന്‍ ലളിതാജി എന്ന വിവേകമതിയായ വീട്ടമ്മ പിറവിയെടുക്കുന്നത്.

സ്വന്തം അമ്മയില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണത്രേ പദംസി സാധാരണക്കാരിയായ ഈ വീട്ടമ്മയെ സൃഷ്ടിച്ചത്. സര്‍ഫിന് എങ്ങനെ മികച്ച പരസ്യം സൃഷ്ടിക്കാെമെന്ന് തലപുകഞ്ഞ് ചിന്തിച്ചിരുന്ന പദംസി അമ്മ പച്ചക്കറി വില്‍പ്പനക്കാരനുമായി വെറും ഒരു രൂപയ്ക്ക് വിലപേശുന്നത് കാണാനിടയായി. വിവരം അന്വേഷിച്ചപ്പോള്‍ അമ്മ പറഞ്ഞത് പണമല്ല പ്രശ്‌നം പണത്തിനൊത്ത മൂല്യം കിട്ടണം എന്നാണ്.

മുടക്കുന്ന പണത്തിനനുസരിച്ചുള്ള മൂല്യം വാങ്ങുന്ന സാധനങ്ങള്‍ക്കുണ്ടാവണമെന്ന് ആ അമ്മയ്ക്കു നിര്‍ബന്ധമുണ്ടായിരുന്നു. പച്ചക്കറി വില്‍പ്പനക്കാരനോട് വിലപേശി വിജയശ്രീലാളിതയായ ആ അമ്മയുടെ വാക്കുകളും മുഖഭാവവും മനസ്സില്‍ പതിപ്പിച്ച് പദംസി ലളിതാജിയെ സൃഷ്ടിക്കുകയായിരുന്നു.

സൃഷ്ടിക്കു പിന്നില്‍ ആരാണെന്ന് അറിയില്ലെങ്കില്‍ക്കൂടി പരസ്യത്തിലെ ഈ വീട്ടമ്മയെ ജനങ്ങള്‍ സ്വീകരിക്കുകയായിരുന്നു. ഫലമോ സര്‍ഫിന്റെ വില്‍പ്പന കൂടി. അതായിരുന്നു അലീഖ് പദംസി. ഇന്ത്യയിലെ പരസ്യങ്ങളുടെ കുലപതിയെന്നു വിശേഷിപ്പിക്കാവുന്ന ആ അപൂര്‍വ പ്രതിഭ ഓര്‍മ്മയായിട്ട് നാളെ ഒരു വര്‍ഷം തികയുന്നു.

പരസ്യമേഖലയില്‍ മാത്രമല്ല നാടകരംഗത്തും പദംസി ശോഭിച്ചു. ഒരേ സമയം വിവിധ കാര്യങ്ങള്‍ ഒരേ സമയം ചെയ്യാന്‍ ദൈവീകമെന്നു പറയുന്നതുപോലെയുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. പരസ്യരംഗത്തുള്ളവര്‍ ഗോഡ് എന്നാണ് പദംസിയെ വിളിച്ചിരുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ഗോഡ് തന്നെയായിരുന്നു അദ്ദേഹമെന്ന് പര്‍പ്പസ് ബ്രാന്‍ഡിംഗ് കമ്പനിയായ ഓര്‍ഗാനിക് ബിപിഎസിന്റെ സ്ഥാപകനും ബ്രാന്‍ഡ് മെന്ററുമായ ദിലീപ് നാരായണന്‍ നിരീക്ഷിക്കുന്നു.

മുംബൈയില്‍ അലീഖ് പദംസിയുടെ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായിരുന്ന എ പി അസോസിയേറ്റ്‌സില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. മികച്ച നടന്‍, ഇംഗ്ലീഷ് നാടകങ്ങളുടെ പ്രൊഡ്യൂസര്‍, പരസ്യ രംഗത്തെ കോപ്പി റൈറ്റര്‍, ബിസിനസ്മാന്‍, സംഘാടകന്‍ എന്നിങ്ങനെയുള്ള ബഹുമുഖ പ്രതിഭ തന്നെയായിരുന്നു അലീഖ് പദംസി-ദിലീപ് അനുസ്മരിക്കുന്നു. പരസ്യ മേഖലയെ ജനമധ്യത്തിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹത്തിനായി. വളരെ കണിശക്കാരനായ പദംസിക്കൊപ്പം ജോലി ചെയ്യുകയെന്നത് അത്ര എളുപ്പമല്ല. പക്ഷേ, പദംസിക്കൊപ്പം പ്രവര്‍ത്തിച്ച നാളുകള്‍ നല്ല അനുഭവമായിരുന്നു. ജോലിയുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളിലും പരിപാടികളിലും സജീവമായി പങ്കെടുക്കുമായിരുന്നെങ്കിലും വളരെ നിഷ്‌കര്‍ഷതയും കാര്യങ്ങളില്‍ പൂര്‍ണതയുണ്ടാവണെന്നുമുള്ള വ്യക്തിത്വമായിരുന്നു. അത് നമ്മളെ സ്വാധീനിക്കുകയും നമ്മിലേക്ക് അത് പകരുകയും ചെയ്യും. ആദരവും ഭയവും നിറഞ്ഞ അടുപ്പമായിരുന്നു അദ്ദേഹത്തോടുണ്ടായിരുന്നത്.

കേരളത്തിലെത്തി 1999ല്‍ സ്വന്തമായി പരസ്യ ഏജന്‍സി തുടങ്ങുന്നതിനെക്കുറിച്ച് ദിലീപ് ചിന്തിച്ചപ്പോള്‍ വിഷയം പദംസിക്ക് മുന്നില്‍ അവതരിപ്പിച്ചു. വളരെ പ്രോത്സാഹജനകമായിരുന്നു മറുപടി. മാത്രമല്ല പൂര്‍ണ പിന്തുണയും നല്‍കി. തുര്‍ന്ന് കൊച്ചിയിലെത്തി ബിപിഎസ് ഓര്‍ഗാനിക്കിന്റെ സോഫ്റ്റ് ലോഞ്ച് നിര്‍വഹിച്ചതും പദംസിയായിരുന്നു. അന്ന് മാന്ദ്യത്തെ എങ്ങിനെ നേരിടാം എന്നതിനെക്കുറിച്ച് പ്രഭാഷണം നടത്തുകയുമുണ്ടായി. നാടകകാരനായതുകൊണ്ടാവാം ചടങ്ങ് തുടങ്ങുന്നതിന് ഏറെ മുമ്പുതന്നെ അദ്ദേഹം വേദിയിലെത്തി അവിടുത്തെ ക്രമീകരണങ്ങള്‍ വീക്ഷിച്ചു. അവിടെ പല അഭിപ്രായങ്ങള്‍ കേട്ട് അദ്ദേഹം പറഞ്ഞത് ഒരു പരിപാടിക്ക് ഒരു ഡയറക്റ്റര്‍ മാത്രമാണ് ഉണ്ടാവേണ്ടതെന്നാണ്. പല അഭിപ്രായങ്ങള്‍ ഉണ്ടാവുന്നത് ശരിയല്ല. അത് ഒരു പാഠമായിരുന്നെന്ന് ദിലീപ് ഓര്‍ക്കുന്നു.

അലീഖ് പദംസിയുടെ സൃഷ്ടികളുടെ നിരയില്‍ ഒരു ഉദാഹരണം മാത്രമാണ് ലളിതാജി. നൂറിലധികം ബ്രാന്‍ഡുകളെ വളര്‍ത്തിയെടുത്ത ആ പ്രതിഭയുടെ സൃഷ്ടിയില്‍ ചിലതു മാത്രമാണ് ടയര്‍ ബ്രാന്‍ഡായ എംആര്‍എഫിന്റെ മസില്‍മാന്‍, ചെറി ബ്ലോസം ഷൂ പോളിഷിന്റെ ചെറി ചാര്‍ളി, ലിറിള്‍ സോപ്പിന്റെ വെള്ളച്ചാട്ടത്തില്‍ തുള്ളിക്കളിക്കുന്ന ലിറിള്‍ ഗേള്‍ തുടങ്ങിയവ. ഒപ്പം ഐതിഹാസിക കാമ്പയിനുകളായിരുന്ന ബജാജിന്റെ ഹമാര ബജാജ്, കാമസൂത്രയുടെ ഫോര്‍ ദ പ്ലഷര്‍ ഓഫ് ലവ് എന്നിവയും ജനമനസ്സുകളില്‍ പതിഞ്ഞവയാണ്. പരസ്യ മേഖലയ്‌ക്കൊപ്പം നാടക രംഗത്തും വിരാജിച്ചിരുന്ന അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര് എ ഡബിള്‍ ലൈഫ് എന്നാണ്.

1928ല്‍ ജനിച്ച പദംസി തൊണ്ണൂറാം വയസ്സില്‍ 2018 നവംബര്‍ 17ന് ജീവിതത്തില്‍ നിന്നു വിടവാങ്ങി. അദ്ദേഹത്തിന്റെ മരണ ദിവസം ദിലീപ് നാരായണന്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പിലെ അവസാന വരികള്‍ ഇതായിരുന്നു- അലീഖ് പദംസി എന്ന വ്യക്തി വിടവാങ്ങിയിട്ടുണ്ടാവും പക്ഷേ, അലീഖ് പദംസിയെന്ന ഇതിഹാസം ഒപ്പമുണ്ടാവും. നമ്മുടെ പ്രവൃത്തികളില്‍ പ്രചോദനമായി. അതെ അലീഖ് എക്കാലവും ഓര്‍മിക്കപ്പെടും.

Categories: Top Stories