നിരത്തുകളില്‍ വിലസാന്‍ ജാവ പെരാക്

നിരത്തുകളില്‍ വിലസാന്‍ ജാവ പെരാക്

ഇന്ത്യ എക്‌സ് ഷോറൂം വില 1.94 ലക്ഷം രൂപ

ന്യൂഡെല്‍ഹി: ബോബര്‍ സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിളായ ജാവ പെരാക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.94 ലക്ഷം രൂപയാണ് ഫാക്റ്ററിയില്‍ നിര്‍മിച്ച ബോബറിന് ഇന്ത്യ എക്‌സ് ഷോറൂം വില. ജാവ പെരാക് കഴിഞ്ഞ വര്‍ഷം പ്രദര്‍ശിപ്പിച്ചപ്പോള്‍ 1.89 ലക്ഷം രൂപയാണ് വില പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ബിഎസ് 6 എന്‍ജിന്‍ നല്‍കിയതാവാം വില പുതുക്കി നിശ്ചയിക്കാന്‍ കാരണം. ഇന്ത്യയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ബോബര്‍ സ്റ്റൈല്‍ മോട്ടോര്‍സൈക്കിളാണ് ജാവ പെരാക്. രണ്ടാം ലോകമഹാ യുദ്ധാനന്തരം 1946 പാരിസ് മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ച ഒറിജിനല്‍ പെരാക് ബോബറില്‍നിന്നാണ് പുതിയ പെരാക് തന്റെ പേര് സ്വീകരിച്ചത്.

മൂന്നാമത്തെ മോഡലായ ജാവ പെരാക് ബോബറും മറ്റ് ജാവ മോഡലുകളും തമ്മിലുള്ള പ്രധാന വ്യത്യാസം വലിയ ശേഷിയുള്ള എന്‍ജിനാണ്. 334 സിസി, സിംഗിള്‍ സിലിണ്ടര്‍, ഡിഒഎച്ച്‌സി, ലിക്വിഡ് കൂള്‍ഡ് മോട്ടോറാണ് ജാവ പെരാക് ഉപയോഗിക്കുന്നത്. ഈ എന്‍ജിന്‍ 30 ബിഎച്ച്പി കരുത്തും 31 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ജാവ, ജാവ ഫോര്‍ട്ടി ടു മോഡലുകള്‍ ഉപയോഗിക്കുന്ന 293 സിസി എന്‍ജിന്‍ അടിസ്ഥാനമാക്കിയാണ് പുതിയ എന്‍ജിന്‍ വികസിപ്പിച്ചത്. വലിയ ബോര്‍ ആയതിനാല്‍ കൂടുതല്‍ കരുത്ത് പുറത്തെടുക്കുന്നു. എന്നാല്‍ സ്‌ട്രോക്കില്‍ മാറ്റമില്ല. ജാവ, ജാവ ഫോര്‍ട്ടി ടു മോഡലുകളിലെ എന്‍ജിന്‍ 27 എച്ച്പി കരുത്തും 28 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിക്കുന്നത്. 334 സിസി എന്‍ജിനുമായി 6 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു. ബിഎസ് 6 പാലിക്കുന്ന ആദ്യ ജാവയാണ് പെരാക്.

മാറ്റ് ബ്ലാക്ക് പെയിന്റ് ജോബിലാണ് ജാവ പെരാക് വരുന്നത്. എന്‍ജിന്‍, സ്‌പോക്ക് വീലുകള്‍ എന്നിവയെല്ലാം കറുപ്പ് തന്നെ. ഉയര്‍ന്നു നില്‍ക്കുന്ന സീറ്റ്, താഴ്ത്തി നല്‍കിയതും വീതിയേറിയതുമായ ഹാന്‍ഡില്‍ബാര്‍, ബാര്‍-എന്‍ഡ് മിററുകള്‍, പകുതി മുറിച്ചതുപോലുള്ള ഫെന്‍ഡറുകള്‍ എന്നിവ ബോബര്‍ മോട്ടോര്‍സൈക്കിളിന്റെ സ്‌റ്റൈലിംഗ് ഘടകങ്ങളാണ്. സിംഗിള്‍ സീറ്ററാണ് ജാവ പെരാക്. പില്യണ്‍ സീറ്റ് ഓപ്ഷണലായി ലഭിക്കും. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ നല്‍കിയിരിക്കുന്നു. മറ്റ് ജാവ ബൈക്കുകളില്‍ പിന്നില്‍ ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകള്‍ ആണെങ്കില്‍ ജാവ പെരാക് ബോബറില്‍ മോണോഷോക്ക് സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക് ഉപയോഗിക്കുന്നു. ഡുവല്‍ ചാനല്‍ എബിഎസ് സുരക്ഷാ ഫീച്ചറാണ്. മറ്റ് ജാവ ബൈക്കുകളേക്കാള്‍ നീളമേറിയ സ്വിംഗ്ആം ലഭിച്ചിരിക്കുന്നു. 1,485 മില്ലി മീറ്ററാണ് വീല്‍ബേസ്.

2020 ജനുവരി ഒന്നിന് ബുക്കിംഗ് ആരംഭിക്കുമെന്ന് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉപകമ്പനിയായ ക്ലാസിക് ലെജന്‍ഡ്‌സ് അറിയിച്ചു. ഏപ്രില്‍ രണ്ടിന് ഡെലിവറി ചെയ്തുതുടങ്ങും. ബോബര്‍ സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിള്‍ ബുക്ക് ചെയ്യാന്‍ മൂന്ന് മാസം മാത്രമായിരിക്കും സമയം ലഭിക്കുന്നത്. പുതിയ ബുക്കിംഗ് സ്വീകരിക്കുന്നതിനുമുമ്പ് ഡെലിവറി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. മറ്റ് ജാവ മോഡലുകള്‍ നിര്‍മിക്കുന്ന മധ്യപ്രദേശിലെ അതേ പീതംപുര്‍ പ്ലാന്റില്‍നിന്ന് ജാവ പെരാക് പുറത്തിറങ്ങും.

Comments

comments

Categories: Auto
Tags: Jawa, Jawa perak