ഹൈ-പെര്‍ഫോമന്‍സ് ചേതക് അണിയറയില്‍

ഹൈ-പെര്‍ഫോമന്‍സ് ചേതക് അണിയറയില്‍

കെടിഎം/ഹസ്‌ക്‌വര്‍ണ ബ്രാന്‍ഡിലായിരിക്കും ഹൈ-പെര്‍ഫോമന്‍സ് ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലെത്തുന്നത്

ന്യൂഡെല്‍ഹി: ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഹൈ-പെര്‍ഫോമന്‍സ് വേര്‍ഷന്‍ വികസിപ്പിക്കുന്നു. ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്റ്റര്‍ രാജീവ് ബജാജാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ കെടിഎം ബ്രാന്‍ഡിലോ ഹസ്‌ക്‌വര്‍ണ ബ്രാന്‍ഡിലോ ആയിരിക്കും ഹൈ-പെര്‍ഫോമന്‍സ് ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലെത്തിക്കുന്നത്. എന്നാല്‍ സമീപ ഭാവിയില്‍ വിപണിയിലെത്താന്‍ സാധ്യതയില്ല. പ്രോജക്റ്റ് ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്.

കെടിഎം നിര്‍മിക്കുന്ന ഹൈ-പെര്‍ഫോമന്‍സ് ഇലക്ട്രിക് സ്‌കൂട്ടറിന് ബജാജ് ചേതക് സ്‌കൂട്ടറിന്റെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെട്രോ സ്‌റ്റൈലിംഗ് സ്വീകരിച്ച ബജാജ് ചേതക് ഇലക്ട്രിക് സ്‌കൂട്ടറിന്റെ കെടിഎം/ഹസ്‌ക്‌വര്‍ണ പതിപ്പിന് കൂടുതല്‍ ഷാര്‍പ്പായ ഡിസൈന്‍ ഭാഷ നല്‍കും. മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കുന്ന സ്‌കൂട്ടറിന്റെ സസ്‌പെന്‍ഷന്‍, ബ്രേക്ക് എന്നിവ കൂടുതല്‍ പ്രീമിയം നിലവാരം പുലര്‍ത്തുന്നതായിരിക്കും. 2013 ടോക്കിയോ മോട്ടോര്‍ ഷോയില്‍ കെടിഎം ‘ഇ-സ്പീഡ്’ഇലക്ട്രിക് സ്‌കൂട്ടര്‍ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ഇതേക്കുറിച്ച് ഒന്നും പറഞ്ഞുകേട്ടില്ല.

ബജാജ് ഓട്ടോയുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടറായ ചേതക് ഒക്‌റ്റോബര്‍ 16 നാണ് അനാവരണം ചെയ്തത്. പഴയ ചേതക് എന്ന പേര് പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന് നല്‍കുകയായിരുന്നു. അനാവരണത്തോടനുബന്ധിച്ച് 3,000 കിലോമീറ്റര്‍ താണ്ടുന്ന ‘ചേതക് ഇലക്ട്രിക് യാത്ര’ സംഘടിപ്പിച്ചിരുന്നു. യാത്രയുടെ പുണെയിലെ സമാപന ചടങ്ങിലാണ് ഹൈ-പെര്‍ഫോമന്‍സ് ചേതക് ഒരുങ്ങുന്ന കാര്യം രാജീവ് ബജാജ് വെളിപ്പെടുത്തിയത്. ചേതക് ഇലക്ട്രിക് സ്‌കൂട്ടര്‍ 2020 ജനുവരിയില്‍ വിപണിയില്‍ അവതരിപ്പിക്കും.

ചിത്രം : ബജാജ് ചേതക് ഇ-സ്‌കൂട്ടര്‍

Comments

comments

Categories: Auto
Tags: Chetak