ബഹിരാകാശത്തെ ഭക്ഷ്യോല്‍പ്പാദനം; യുഎഇയുമായി സഹകരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് നാസ

ബഹിരാകാശത്തെ ഭക്ഷ്യോല്‍പ്പാദനം; യുഎഇയുമായി സഹകരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് നാസ

ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യങ്ങളില്‍ യുഎഇയുടെ ഭക്ഷ്യസുരക്ഷാ പദ്ധതികള്‍ പ്രയോജനപ്പെടും

അബുദാബി: ഭക്ഷ്യസുരക്ഷ കൈവരിക്കുന്നതിനുള്ള യുഎഇയുടെ പദ്ധതികള്‍ ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യങ്ങളില്‍ പ്രയോജനപ്രദമാകുമെന്ന് നാസ ഉദ്യോഗസ്ഥന്‍. ബഹിരാകാശത്ത് ഫ്രഷ് ആയി ഭക്ഷണം ഉല്‍പ്പാദിപ്പിക്കുന്ന രീതികള്‍ സംബന്ധിച്ച ഗവേഷണങ്ങളില്‍ യുഎഇയുമായി സഹകരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് നാസയിലെ ബഹിരാകാശ ജീവിത, ഭൗതിക ശാസ്ത്ര ഗവേഷണ വിഭാഗം ഡയറക്ടര്‍ ഡോ. ക്രിയാഗ് കുണ്ട്രോട്ട് യുഎഇയില്‍ പറഞ്ഞു.

അകത്തളങ്ങളിലെ കൃഷിരീതികള്‍ക്ക് സമാനമായ പരിതസ്ഥിതിയാണ് ബഹിരാകാശത്ത് ഫ്രഷ് ആയ ഭക്ഷണം ഉല്‍പ്പാദിപ്പിക്കുന്നതിനും വേണ്ടതെന്ന് കുണ്ട്രോട്ട് പറഞ്ഞു. ഇതിനായി ആഗോള സഹകരണങ്ങള്‍ രൂപീകരിക്കുന്നത് സംബന്ധിച്ച് അമേരിക്കന്‍ കാര്‍ഷിക വകുപ്പുമായി ചര്‍ച്ച നടത്തുമെന്നും ഭക്ഷ്യസുരക്ഷയ്ക്ക് യുഎഇ വലിയ പ്രാധാന്യം നല്‍കുന്നതിനാല്‍ അവരുമായുള്ള സഹകരണം ഫലം കാണുമെന്നും കൊണ്ട്രോട്ട് അഭിപ്രായപ്പെട്ടു.

പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിയാണ് ബഹിരാകാശത്ത് ഫാം-ഫ്രഷ് ഭക്ഷണങ്ങള്‍ ഉണ്ടാക്കാന്‍ നാസ പദ്ധതിയിടുന്നത്. ചൊവ്വാ ദൗത്യങ്ങള്‍ പോലെ ദൈര്‍ഘ്യമേറിയ ബഹിരാകാശ ദൗത്യങ്ങളില്‍ പോഷകഗുണമുള്ള വിവിധതരം ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് ബഹിരാകാശ യാത്രികരുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനും ശരീരക്ഷേമത്തിനും അനിവാര്യമാണ്. അതിനാലാണ് ഉണക്കിയെടുത്ത ഭക്ഷണസാധനങ്ങള്‍ക്ക് പകരമായി ബഹിരാകാശത്ത് സ്വയം പര്യാപ്തമായ ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കുന്നതിനെ കുറിച്ച് ശാസ്ത്രജ്ഞരും ഗവേഷകരും ആലോചിക്കുന്നത്.

സ്മാര്‍ട്ട് ടെക്‌നോളജികള്‍ ഉപയോഗിച്ച് കൊണ്ട് ഭക്ഷ്യോല്‍പ്പാദന രംഗത്ത് ഏറെ നേട്ടങ്ങള്‍ കൈവരിക്കുന്ന യുഎഇയുമായുള്ള സഹകരണം മികച്ച കണ്ടുപിടിത്തങ്ങളിലേക്ക് നയിച്ചേക്കുമെന്ന് കൊണ്ട്രോട്ട് പ്രതീക്ഷ പ്രകടിപ്പിച്ചു. റോബോട്ടിക്‌സ് മേഖലയ്്ക്ക് യുഎഇ അതീവ പ്രാധാന്യമാണ് നല്‍കുന്നത്. ചെടികളുടെ വളര്‍ച്ചയ്ക്കും വിളവെടുപ്പിനും മാത്രമല്ല അവയുടെ തെരഞ്ഞെടുപ്പിനും റോബോട്ടിക്‌സ് ഉപയോഗപ്പെടുത്തുന്നത് ഏറെ നേട്ടമുണ്ടാക്കും.

സെപ്റ്റംബറില്‍ ബഹിരാകാശ സഞ്ചാരം നടത്തി ചരിത്രം കുറിച്ച യുഎഇയിലെ പ്രഥമ ബഹിരാകാശ യാത്രികന്‍ ഹസ അല്‍ മന്‍സൂരി വിത്തുകള്‍ മുളപ്പിക്കുന്നതില്‍ സൂക്ഷ്മ ഗുരുത്വാകര്‍ഷണത്തിനുള്ള സ്വാധീനം സംബന്ധിച്ച് ബഹിരാകാശ കേന്ദ്രത്തില്‍ വെച്ച് പരീക്ഷണം നടത്തിയിരുന്നു. നിലവില്‍ വിത്തുസഞ്ചികള്‍ ഉപയോഗിച്ച് ബഹിരാകാശത്ത് ഭക്ഷ്യവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെങ്കിലും വെള്ളം ഉള്‍ക്കൊള്ളാനുള്ള പരിമിതി മൂലം എല്ലാ ഭക്ഷ്യവസ്തുക്കളും ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നില്ല.

ചൊവ്വാദൗത്യത്തിലേക്ക് അടുക്കുമ്പോഴും ഇതില്‍ മാറ്റമുണ്ടാകണമെന്നാണ് ഗവേഷകരും ശാസ്ത്രജ്ഞരും പറയുന്നത്. ചൊവ്വാദൗത്യങ്ങളില്‍ ബഹിരാകാശ യാത്രികര്‍ക്ക് മൂന്നുവര്‍ഷത്തോളം അവിടെ കഴിയേണ്ടതായി വരും. ഫ്രഷ് ആയ ഭക്ഷ്യവസ്തുക്കള്‍ കഴിക്കേണ്ടത് ഇത്തരം ഘട്ടങ്ങളില്‍ വളരെ പ്രധാനപ്പെട്ട സംഗതിയാണ്. യുഎഇയുടേതിന് സമാനമായ ശാസ്ത്രലക്ഷ്യങ്ങളാണ് തങ്ങള്‍ക്കുള്ളത് എന്നതിനാല്‍ ദൂരവ്യാപക നേട്ടങ്ങള്‍ കണക്കിലെടുത്ത് തങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങള്‍ അവരുമായി പങ്കുവെക്കാന്‍ തയാറാണെന്ന് കുണ്ട്രോട്ട് അറിയിച്ചു.

യുഎഇയിലെ അമേരിക്കന്‍ എംബസി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി പ്രതിനിധി സംഘത്തിന്റെ ഭാഗമായിരുന്നു കുണ്ട്രോട്ട്.

Comments

comments

Categories: Arabia