സാമ്പത്തിക അജണ്ടയ്ക്ക് പ്രാധാന്യം നല്‍കാം

സാമ്പത്തിക അജണ്ടയ്ക്ക് പ്രാധാന്യം നല്‍കാം

വലിയ പരിഷ്‌കരണ നടപടികളിലേക്ക് തിരിയാനുള്ള രാഷ്ട്രീയ കാലാവസ്ഥയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന് മുന്നിലുള്ളത്. അത് നടപ്പാക്കണം

ബിജെപി ഉള്‍പ്പെടുന്ന സംഘപരിവാറിന്റെ പ്രധാന അജണ്ടകളില്‍ രണ്ടെണ്ണത്തിന് രണ്ടാം മോദി സര്‍ക്കാര്‍ നിലവില്‍ വന്ന് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ തീരുമാനമായി. ആദ്യത്തേത് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന അനുച്ഛേദം 370 റാദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമായിരുന്നു. മറ്റെല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളെയും പോലെ തന്നെ കശ്മീരും രാജ്യത്തോട് ചേര്‍ന്ന് നില്‍ക്കണമെന്നും രണ്ട് സംവിധാനങ്ങള്‍ ആവശ്യമില്ലെന്നുമായിരുന്നു പ്രധാനമന്ത്രി ഉള്‍പ്പെടുന്ന രാഷ്ട്രീയ ചേരിയുടെ വാദം. രണ്ടാമത്തേത് അയോധ്യ വിഷയമാണ്. ഏറെക്കുറേ സംഘപരിവാറിന്റെ വാദങ്ങള്‍ക്ക് പിന്‍ബലമേകുന്ന തരത്തില്‍, രാമക്ഷേത്രം നിര്‍മിക്കാമെന്ന അവസ്ഥ സംജാതമായിക്കഴിഞ്ഞു.

ഇതിന് പുറമെ ആര്‍സിഇപി (മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍)യില്‍ നിലവില്‍ ചേരേണ്ടതില്ലെന്ന സുപ്രധാനമായ അപ്രതീക്ഷിത തീരുമാനം സംഘപരിവാര്‍ സംഘടനകളും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലുകളും ഒഴിവാക്കിയിരിക്കയാണ്. നിലവിലെ സാഹചര്യം സര്‍ക്കാരിന് രാഷ്ട്രീയപരമായി അല്‍പ്പം ആശ്വാസം പകരുന്നതാണ്. എന്നാല്‍ സാമ്പത്തികപരമായി രാജ്യം അതിസങ്കീര്‍ണമായ വെല്ലുവിളികളെ നേരിടുകയും ചെയ്യുന്നു. സര്‍ക്കാരിന്റെ ഇനിയുള്ള ശ്രദ്ധ നിര്‍ണായകമായ തരത്തില്‍ സാമ്പത്തിക രംഗത്ത് ഇടപെടല്‍ നടത്തുന്നതിനായിരിക്കണം.

ഒന്നാം മോദി സര്‍ക്കാരിന്റെ ഭരണകാലയളവിനെ അപേക്ഷിച്ച് അതിരൂക്ഷമായ സാമ്പത്തിക വെല്ലുവിളികളാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. വരുന്ന വര്‍ഷങ്ങളിലെങ്കിലും കാര്യങ്ങള്‍ സുഗമമായി വരണമെങ്കില്‍ ഇപ്പോഴേ നടപടികള്‍ തുടങ്ങണം. എന്നാല്‍ സ്വകാര്യവല്‍ക്കരണം ഉള്‍പ്പടെയുള്ള പരിഷ്‌കരണങ്ങള്‍ നടപ്പാക്കുന്ന വേളയില്‍ മോദിക്ക് കടുത്ത വെല്ലുവിളി ഉയരുക സംഘപരിവാര്‍ സംഘടനകളില്‍ നിന്നു തന്നെയാണ്. അതിനെ ഏത് തരത്തില്‍ പരിഹരിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും പരിഷ്‌കരണങ്ങളുടെ ഫലം നിശ്ചയിക്കപ്പെടുക. ഇ-കൊമേഴ്‌സ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ അത് നാം കണ്ടു കഴിഞ്ഞു. തെരഞ്ഞെടുപ്പ് സമ്മര്‍ദം കൂടി ഇതിനോടൊപ്പം ചേരുമ്പോള്‍ പലപ്പോഴും പരിഷ്‌കരണ നടപടികള്‍ പാതിവഴിയില്‍ നില്‍ക്കുകയോ ഇല്ലാതായി പോകുകയോ ആണ് ചെയ്യുന്നത്.

സാമ്പത്തിക വികസനത്തിന്റെ കാര്യം വരുമ്പോള്‍ സംരക്ഷണ വാദത്തിലും സോഷ്യലിസത്തിലും അധിഷ്ഠിതമായാണ് സംഘപരിവാര്‍ സംഘടനകളുടം കാഴ്ച്ചപ്പാട്. വിപണി തുറന്നുകൊടുത്തുള്ള പരിഷ്‌കരണങ്ങള്‍ക്ക് പലപ്പോഴും മടികാണിക്കുകയാണുണ്ടാകുന്നത്. ഇന്ത്യയെ ഏറ്റവും തുറന്ന സമ്പദ് വ്യവസ്ഥയാക്കി മാറ്റുമെന്ന മോദിയുടെ അജണ്ടയോട് ഒത്തുപോകുന്നതുമല്ല ഈ നിലപാട്. അതിനാല്‍ ഉദാരവല്‍ക്കരണ പരിഷ്‌കരണങ്ങളെയും സംരക്ഷണവാദനയങ്ങളെയും എങ്ങനെ ബാലന്‍സ് ചെയ്യാമെന്നതു തന്നെയാകും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ധനമന്ത്രി നിര്‍മല സീതാരാമനെയും സംബന്ധിച്ച് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന വിഷയം. എയര്‍ ഇന്ത്യ, ഭാരത് പെട്രോളിയം തുടങ്ങി നിരവധി പൊതുമേഖല കമ്പനികളുടെ സ്വകാര്യവല്‍ക്കരണ നടപടികള്‍ ആരംഭിക്കുന്ന സമയത്ത് ഈ വിഷയം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ കാരണമാകും. ചൈന ഉയര്‍ത്തുന്ന ഭീഷണി യാഥാര്‍ത്ഥ്യമാണെങ്കിലും മറ്റ് രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറുകള്‍ക്ക് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുമെന്ന് പ്രതീക്ഷിക്കാം. ആഭ്യന്തര തലത്തില്‍ സ്വകാര്യ നിക്ഷേപം വര്‍ധിക്കാനുള്ള സാഹചര്യവും സൃഷ്ടിക്കപ്പെടണം.

Categories: Editorial, Slider