വലിയ തോതില്‍ മല്‍സരാധിഷ്ഠിതവും അതിവേഗത്തില്‍ വളര്‍ച്ച പ്രാപിക്കുന്നതുമായ ലോകത്തില്‍ എല്ലാ വ്യക്തികളും പുതിയ ഉയരങ്ങളിലെത്താനാണ് ആഗ്രഹിക്കുന്നത്. ഓരോ രാജ്യവും മറ്റ് രാജ്യങ്ങളെ മറികടക്കാന്‍ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ മേഖലകളുള്‍പ്പെടെ എല്ലാ തലങ്ങളിലും സമഗ്രമായ വളര്‍ച്ചയുടെ പാതയില്‍ മുന്നേറാന്‍ ആഗ്രഹിക്കുന്നു. അതിവേഗത്തില്‍ വളര്‍ച്ച നേടുന്നതിനുള്ള പോരാട്ടം വിഭവസ്രോതസുകളുടെ വിവേകരഹിതമായ ഉപയോഗവും പരിസ്ഥിതി ചൂഷണവും വര്‍ധിക്കാന്‍ കാരണമായി. അതിനാല്‍ സുസ്ഥിര വികസനത്തിന്റെ ആവശ്യകത മുമ്പെങ്ങുമില്ലാത്തപ്പോലെ ഇന്ന് ശക്തമായി അനുഭവപ്പെടുന്നുണ്ട്
സാധാരണക്കാരന്റെ നിര്‍വചനത്തില്‍, ലഭ്യമായ വിഭവസ്രോതസുകള്‍ ക്ഷയിക്കാതെ വിവേകപൂര്‍വം ഉപയോഗിച്ചുകൊണ്ട് സാമ്പത്തിക വികസനം നേടുന്ന പ്രക്രിയയാണ് സുസ്ഥിര വികസനം. എന്നാല്‍ ഇന്നത്തെ ലോകത്തില്‍ ഈ നിര്‍വചനത്തിന് നേരിയതോതില്‍ മാറ്റം സംഭവിച്ചിട്ടുണ്ട്. ഇന്ന് ഈ നിര്‍വചനത്തില്‍ വികസനത്തിന്റെ സാമൂഹ്യ, പാരിസ്ഥിതിക തലം കൂടി ഉള്‍ച്ചേര്‍ക്കപ്പെട്ടിരിക്കുന്നു.
സുസ്ഥിര വികസനമെന്ന സങ്കല്‍പ്പം മങ്ങിപോകുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് 2015 ല്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ്ഡിജിഎസ്) എന്ന പരിവര്ത്തനജനകമായ പദ്ധതി അവതരിപ്പിച്ചിരുന്നു. യുഎന്നും മറ്റ് ലോകരാജ്യങ്ങളുടെ നേതാക്കളും ചേര്‍ന്ന് 15 വര്‍ഷത്തിനുള്ളില്‍ നേടിയെടുക്കേണ്ട 169 പദ്ധതികളുള്‍പ്പെടുന്ന 17 ലക്ഷ്യങ്ങള്‍ക്കാണ് രൂപം നല്‍കിയത്. ഭൗതികമായ സുരക്ഷ മുതല്‍ സാമ്പത്തിക അവസരം, മികച്ച ആരോഗ്യം എന്നിവയുള്‍പ്പെടെ പുരോഗമനപരമായ ഒരു സമൂഹത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും ഈ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2030 ഓടെ ദാരിദ്രനിര്‍മാര്‍ജനം, ഭൂമിയുടെ സംരക്ഷണം, എല്ലാ ജനങ്ങള്‍ക്കും സമാധാനവും സമ്പല്‍സമൃദ്ധിയും പ്രദാനം ചെയ്യല്‍ എന്നിവയായിരുന്നു സര്വോപരിയുള്ള ലക്ഷ്യം.
എസ്ഡിജികളെ പിന്തുണച്ചിരുന്ന അളവുകോലുകളുടെ വിശാലത പലപ്പോഴും ഒരു വെല്ലുവിളിയായിട്ടാണ് ദൃശ്യമായിരുന്നത്. പരിഗണിക്കേണ്ടിയിരുന്ന അനേകം സൂചികകളെ ഏകീകരിക്കുകയെന്നത് എസ്ഡിജി ലക്ഷ്യപ്രാപ്തി കഠിനമാക്കിയതിനു പുറമെ ഈ സൂചികകളെല്ലാം കണക്കാക്കുകയെന്നത് ശ്രമകരമാക്കുകയും ചെയ്തു. തല്‍ഫലമായി 230 സൂചികകളില്‍ മൂന്നിലൊന്നു മാത്രമെ അളക്കാനായിട്ടുള്ളെന്നാണ് കണക്ക്. എസ്ഡിജികള്‍ നിര്‍വചനത്തില്‍ തന്നെ ആശയയ മാതൃകകളില്ലാത്ത ലക്ഷ്യങ്ങളുടെ പട്ടികയാണെന്നുള്ളതാണ് ഇതിന്റെ പ്രാഥമിക കാരണം. അതിനാല്‍ ഈ വെല്ലുവിളികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒരു ചട്ടക്കൂട് ആവശ്യമുണ്ട്. ലളിതവും എന്നാല്‍ കര്‍ക്കശവുമായ ചട്ടക്കൂട് നല്‍കിയതിലൂടെ ഈ വിഷയത്തില്‍ അഭിവൃദ്ധിയുണ്ടായിട്ടുണ്ടെന്നാണ് അടുത്തിടെ അവതരിപ്പിക്കപ്പെട്ട ആറാമത്തെ സാമൂഹ്യ പുരോഗതി സൂചിക (എസ്പിഐ) വ്യക്തമാക്കുന്നത്. ഈ ചട്ടക്കൂട് എസ്ഡിജികളുടെ ആവേശം ഉള്‍ക്കൊള്ളുക മാത്രമല്ല ഈ ലക്ഷ്യങ്ങള്‍ നേടുന്നതിന് ഒരു ഉപായം കൂടിയാണ് പ്രദാനം ചെയ്യുന്നത്.
എസ്പിഐ ഓരോ സൂചികകള്‍ക്കും സ്കോര്‍ നല്കുന്നതിനാല് കാലക്രമത്തില്‍ അവ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും. അതിനാല്‍ നയരൂപകര്‍ത്താക്കള്‍ക്കും ഗവേഷകര്‍ക്കും ബിസിനസുകള്‍ക്കും പൊതുജനങ്ങള്‍ക്കും അവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും സാമൂഹിക പുരോഗതിക്കുമായി അവ എളുപ്പത്തില്‍ മനസിലാക്കാനും പ്രയോജനപ്പെടുക്കാനും കഴിയും. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിലുള്ള യഥാര്‍ത്ഥ പുരോഗതിയുടെ അളവുകോലായാണ് ഈ സ്കോറുകള്‍ നമുക്ക് ലഭിച്ചിരിക്കുന്നത്. അതിനാല്‍ അവയുടെ നിലവിലെ പ്രകടനം നിരീക്ഷിക്കുന്നതിലും എസ്ഡിജികള്‍ നേടുന്നതിലുള്ള പുരോഗതി ത്വരിതപ്പെടുത്തുന്നതിനുള്ള മേഖലകള്‍ കണ്ടെത്തുന്നതിലും ഈ സൂചിക നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്.
എസ്പിഐ 2019 ന്റെ ഏറ്റവും പുതിയ സ്കോറുകള്‍, 2030 ഓടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടാനാകുമോയെന്ന കാര്യത്തില്‍ ആശങ്കകളുയര്ത്തുന്നുണ്ടെന്നുള്ളതാണ് ഞെട്ടിക്കുന്ന സംഗതി. സാമൂഹ്യ പുരോഗതിയുടെ സൂചിക വേണ്ടത്ര നിരക്കില്‍ വര്‍ധിക്കുന്നില്ലെന്നും ഇത് യുഎന്നിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിന് വലിയ തടസമാകുമെന്നുമാണ് സോഷ്യല്‍ പ്രോഗ്രസ് ഇംപരറ്റേവിന്റെ സിഇഒ ആയ മൈക്കല്‍ ഗ്രീനിന്റെ വാദം. എന്നാല്‍ ഇന്ത്യയും ചൈനയും ലക്ഷ്യങ്ങള്‍ വേഗത്തില്‍ നേടുകയാണെങ്കില്‍ ഈ അശുഭപ്രതീക്ഷയെ മറികടക്കാനാകും. ജനസംഖ്യാബാഹുല്യം നേരിടുന്ന ഇരു രാജ്യങ്ങള്‍ക്കും എസ്ഡിജികള്‍ ക്രമപ്പെടുത്തുന്നതില്‍ വലിയ സ്വാധീനമുണ്ടെന്ന് തെളിയിക്കാന്‍ കഴിയും.
നാളിതുവരെയുള്ള കണക്കുകള്‍ വിലയിരുത്തിയാല്‍, സാവധാനമാണെങ്കിലും ഇന്ത്യ ഈ ലക്ഷ്യങ്ങള്‍ നേടുന്നുണ്ടെന്ന് കാണാനാവും. 2015 ല്‍ എസ്ഡിജികള്‍ പ്രഖ്യാപിക്കപ്പെട്ടത് മുതല്‍ ഒരു ലക്ഷ്യവും പൂര്‍ണമായി നേടാന്‍ ഇന്ത്യക്കായിട്ടില്ലെങ്കിലും വിവിധ സൂചികകളില്‍ നിര്‍ണായകമായ പുരോഗതി രാജ്യം കാണിക്കുന്നുണ്ട്. ഉദാഹരണത്തിന് 2004-2011 കാലഘട്ടത്തില്‍ ഇന്ത്യയിലെ ദാരിദ്ര്യം ആകെ ജനസംഖ്യയുടെ 38.9 ശതമാനത്തില്‍ നിന്ന് 21.2 ശതമാനമായി കുറഞ്ഞു. ഇപ്പോള്‍ ദാരിദ്ര്യ നില വീണ്ടും താഴ്ന്നിട്ടുണ്ടെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അത് ആദ്യത്തെ സുസ്ഥിര വികസന ലക്ഷ്യമായ ദാരിദ്ര്യ നിര്‍മാര്‍ജനത്തിലേക്ക് ഇന്ത്യയെ അടുപ്പിക്കുന്നു. പോഷകാഹാരക്കുറവിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടവും മെച്ചപ്പെട്ടിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ ജനസംഖ്യയുടെ 4.8 ശതമാനം പോഷകാഹാരക്കുറവ് നേരിടുന്നുണ്ട്. ഇക്കാര്യത്തില്‍ ഇന്ത്യ തങ്ങളുടെ വിഹിതം മെച്ചപ്പെടുത്തുകയാണെങ്കില്‍ പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള എസ്ഡിജി നേടുന്നതിന് 25.2 ശതമാനത്തോളം അടുത്തെത്തും ലോകം. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള 30 നഗരങ്ങളില്‍ 22 ഉം ഇന്ത്യയിലാണെന്നതും ഇവിടെ ഓര്‍ത്തിരിക്കേണ്ട വസ്തുതയാണ്.
എങ്ങനെയായാലും ബയോമെഡിക്കല്‍ മാലിന്യ സംസ്കരണം, പാചക ആവശ്യത്തിനായി താപ വികിരണത്തിന്റെ ഉപയോഗം (ഇന്‍ഡക്ഷന്‍ ടോപ്പുകളും മറ്റും), പുനരുപയോഗം സാധ്യമല്ലാത്ത പ്ലാസ്റ്റിക്കുകള്‍ക്ക് നിയന്ത്രണം തുടങ്ങിയ നയങ്ങള്‍, കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള ലക്ഷ്യങ്ങള്‍ നേടുന്നതിന് സഹായിക്കും. അതിനാല്‍ ലോകത്തെ സുസ്ഥിര വികസനത്തിലേക്ക് നയിക്കേണ്ട ഉത്തരവാദിത്തം ഇന്ത്യയുടെ ചുമലിലാണ് ഉള്ളത്.
എസ്ഡിജികള്‍ നേടുന്നതില്‍ രാജ്യങ്ങളുടെ പ്രകടനം വിലയിരുത്താന്‍ ഉദ്ദേശിച്ച് യുഎന്‍ തങ്ങളുടെ ആസ്ഥാനത്ത് സെപ്റ്റംബര്‍ 24,25 തിയതികളില്‍ ഒരു ഉച്ചകോടി സംഘടിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള ആദ്യത്തെ ഉച്ചകോടിയായിരുന്നു അത്. 2030 അജണ്ട നടപ്പാക്കലുമായി ബന്ധപ്പെട്ട് പ്രായോഗിക വിശദാംശങ്ങളും ലക്ഷ്യ പൂര്‍ത്തീകരണത്തിന് സഹായകമായ കാര്യങ്ങളും ഇതില്‍ വിശദമായി ചര്‍ച്ച ചെയ്തു.
എസ്പിഐയുടെ വിശദമായ വിശകലനവും എസ്ഡിജികളെ സമഗ്രമായി പിന്തുടരുന്നതും ഉള്‍ക്കാഴ്ച നേടാനും പുരോഗതി കാണിക്കുന്നവയും ആശങ്കയുണര്‍ത്തുന്നതുമായ മേഖലകള്‍ കണ്ടെത്താനും സഹായിക്കും. ഇതെല്ലാം എസ്ഡിജികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള കര്‍മപദ്ധതി നടപ്പാക്കാന്‍ സഹായിക്കും.
(ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോംപറ്റിറ്റീവ്നെസിന്റെ അധ്യക്ഷനാണ് ലേഖകന്‍)
കടപ്പാട് ഐഎഎന്‍എസ്