സിട്രോണ്‍ ഇന്ത്യയില്‍ ‘സി-ക്യൂബ്’ കാറുകള്‍ നിര്‍മിക്കും

സിട്രോണ്‍ ഇന്ത്യയില്‍ ‘സി-ക്യൂബ്’ കാറുകള്‍ നിര്‍മിക്കും

സി-ക്യൂബ് വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതും വികസിപ്പിക്കുന്നതും ഇന്ത്യയിലായിരിക്കും. ഇവിടെ അവതരിപ്പിച്ചശേഷം ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യും

ന്യൂഡെല്‍ഹി: ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ സിട്രോണ്‍ ഇന്ത്യയില്‍ സി-ക്യൂബ്ഡ് പ്രോഗ്രാം അവതരിപ്പിക്കും. ഇതനുസരിച്ച് 2023 വരെ ഓരോ വര്‍ഷവും ഒരു പുതിയ വാഹനം വിപണിയിലെത്തിക്കും. സി-ക്യൂബ് വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതും വികസിപ്പിക്കുന്നതും ഇന്ത്യയിലായിരിക്കുമെന്ന് സിട്രോണ്‍ ഇന്ത്യ വില്‍പ്പന, വിപണന വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് റോളണ്ട് ബൗച്ചറ പറഞ്ഞു. ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചശേഷം ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കയറ്റുമതി ചെയ്യും. എന്നാല്‍ ഇതിനെല്ലാം മുമ്പ്, 2020 സെപ്റ്റംബറോടെ സി5 എയര്‍ക്രോസ് എസ്‌യുവി പുറത്തിറക്കി പിഎസ്എ ഗ്രൂപ്പിനുകീഴിലെ ബ്രാന്‍ഡ് ഇന്ത്യയില്‍ അരങ്ങേറ്റം നടത്തും.

ഇന്ത്യന്‍ ഉപയോക്താക്കളുടെ പ്രതീക്ഷകള്‍ നിറവേറ്റാനുള്ള എല്ലാ ശേഷിയും സിട്രോണ്‍ ബ്രാന്‍ഡിന് ഉണ്ടെന്ന് റോളണ്ട് ബൗച്ചറ പറഞ്ഞു. സിട്രോണ്‍ സി5 എയര്‍ക്രോസ് എസ്‌യുവി പുറത്തിറക്കുന്നതോടെ ഉപയോക്താക്കള്‍ക്കായി പ്രത്യേക ബൈ-ബാക്ക് സ്‌കീമുകളും പ്രത്യേക പരിപാലന പ്ലാനുകളും പ്രഖ്യാപിക്കും. ബിഎസ് 6 പാലിക്കുന്നതായിരിക്കും പവര്‍ട്രെയ്‌നുകള്‍. എന്നാല്‍ ബിഎസ് 6 ഡീസല്‍ മോഡലുകള്‍ കാര്യമായി വിപണിയില്‍ അവതരിപ്പിക്കില്ലെന്ന് റോളണ്ട് ബൗച്ചറ വ്യക്തമാക്കി.

ഇന്ത്യയില്‍ സിട്രോണിന്റെ ആദ്യ ഘട്ട ഡീലര്‍ഷിപ്പുകള്‍ വൈകാതെ പ്രഖ്യാപിക്കും. തുടക്കത്തില്‍ പ്രധാന മെട്രോ നഗരങ്ങളില്‍ മാത്രമായിരിക്കും സാന്നിധ്യം. ഇന്ത്യന്‍ ഉപയോക്താക്കളുടെ പ്രതികരണം അറിയുകയാണ് ലക്ഷ്യം. ക്രമേണ മറ്റ് നഗരങ്ങളിലേക്ക് വില്‍പ്പന ശൃംഖല വിപുലീകരിക്കും. ഡിജിറ്റല്‍ ഔട്ട്‌ലെറ്റുകള്‍ മാത്രമായിരിക്കും സിട്രോണ്‍ ബ്രാന്‍ഡ് ഇന്ത്യയില്‍ തുറക്കുന്നത്. വാഹനങ്ങള്‍ സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. ടെസ്റ്റ് ഡ്രൈവിനായി ഒരു വാഹനം സജ്ജമാക്കി നിര്‍ത്തും.

സികെ ബിര്‍ള ഗ്രൂപ്പിനുകീഴിലെ ആവ്‌ടെക്കുമായി ചേര്‍ന്നാണ് പിഎസ്എ ഗ്രൂപ്പ് ഇന്ത്യയില്‍ വാഹനങ്ങളും പവര്‍ട്രെയ്‌നുകളും നിര്‍മിക്കുന്നത്. തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ പ്ലാന്റില്‍ പ്രതിവര്‍ഷം ഒരു ലക്ഷത്തോളം വാഹനങ്ങള്‍ നിര്‍മിക്കാന്‍ കഴിയും. അതേസമയം ഹൊസൂര്‍ പ്ലാന്റില്‍ മൂന്ന് ലക്ഷം ഗിയര്‍ബോക്‌സുകളും രണ്ട് ലക്ഷം എന്‍ജിനുകളും നിര്‍മിക്കാം. 90 ശതമാനം തദ്ദേശീയ ഉള്ളടക്കത്തോടെയായിരിക്കും പിഎസ്എ ഗ്രൂപ്പ് വാഹനങ്ങള്‍ നിര്‍മിക്കുന്നത്. പവര്‍ട്രെയ്‌നുകള്‍ ഇതിനകം യൂറോപ്പിലേക്ക് കയറ്റുമതി ചെയ്തുതുടങ്ങി.

Comments

comments

Categories: Auto