ഇത് ബിസിനസ് സൗഹൃദ ഇന്ത്യ

ഇത് ബിസിനസ് സൗഹൃദ ഇന്ത്യ
  • മോദി സര്‍ക്കാര്‍ അഴിമതി ഗണ്യമായി കുറച്ചിട്ടുണ്ടെന്ന് നിരീക്ഷണം
  • ബിസിനസ് അനുകൂലാന്തരീഷം മെച്ചപ്പെടുത്തുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്ര ഒന്നാം സ്ഥാനത്ത്
  • നികുതി പ്രശ്‌നങ്ങള്‍ ഇപ്പോഴും വഴിമുടക്കികളാകുന്നു

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ബിസിനസ് ചെയ്യാന്‍ യുകെ കമ്പനികള്‍ക്ക് അത്യുല്‍സാഹമെന്ന് സര്‍വേ റിപ്പോര്‍ട്ട്. യുകെ ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ ഈ വര്‍ഷത്തെ വാര്‍ഷിക ഇന്ത്യാ ബിസിനസ് സൗഹൃദ റിപ്പോര്‍ട്ടില്‍ യുകെയിലെ 56 ശതമാനം കമ്പനികളാണ് ഇന്ത്യ ബിസിനസ് സൗഹൃദമാണെന്ന് അഭിപ്രായപ്പെട്ടത്.

ബ്രക്‌സിറ്റിന്റെ പ്രത്യാഘാതങ്ങളെ അടിസ്ഥാനമാക്കിയാണ് 26 ശതമാനം കമ്പനികളും ഇന്ത്യയില്‍ കൂടുതല്‍ ബിസിനസ് നടത്താന്‍ പദ്ധതിയിടുന്നത്. ഇത് രണ്ട് രാജ്യങ്ങളും തമ്മിലുള്ള ചരക്ക്, സേവന കൈമാറ്റത്തെ കൂടുതല്‍ ശക്തമാക്കുമെന്ന് യുകെ ഇന്ത്യ ബിസിനസ് കൗണ്‍സില്‍(യുകെഐബിസി) നിരീക്ഷിച്ചു. സര്‍വേയില്‍ പങ്കെടുത്ത 21 ശതമാനം പേര്‍ മാത്രമാണ് ഇന്ത്യയിലെ ബിസിനസ് അനുകൂലാന്തരീഷം വേണ്ടത്ര മെച്ചപ്പെട്ടിട്ടില്ലെന്ന് പ്രതികരിച്ചത്. 23 ശതമാനം പേര്‍ ഇന്ത്യയില്‍ ബിസിനസ് ചെയ്യുന്നതിനെകുറിച്ച് തീരുമാനമെടുത്തിട്ടില്ല.

അതേസമയം അഴിമതിയെക്കുറിച്ചുള്ള കാഴ്ചപാട് ഇന്ത്യയിലെ പ്രവര്‍ത്തനത്തിന് ഒരു തടസമാണെന്ന് അഭിപ്രായപ്പെടുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. 2014 ല്‍ യുകെഐബിസിയുടെ ആദ്യ റിപ്പോര്‍ട്ട് പുറത്തു വരുമ്പോല്‍ 50 ശതമാനത്തിലേറെ പേര്‍ ഇന്ത്യയിലെ ബിസിനസ് നടത്തിപ്പിന് അഴിമതി തടസമാകുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇൗ പ്രതികൂല കാഴ്ചപാട് വര്‍ഷം തോറും കുറയുന്നതായിട്ടാണ് കാണുന്നത്. ഈ വര്‍ഷം 17.5 ശതമാനം പേര്‍ മാത്രമാണ് ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. മോദി സര്‍ക്കാര്‍ അഴിമതി ഗണ്യമായി കുറച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു യുകെഐബിസി റിപ്പോര്‍ട്ട്. ഇപ്പോഴും സര്‍ക്കാര്‍ എല്ലാ രൂപത്തിലുമുള്ള അഴിമതിക്കെതിരായ യുദ്ധം തുടരുകയാണെങ്കിലും അഴിമതിയില്‍ തുടര്‍ച്ചയായി കാണുന്ന ഇടിവ്് ശുഭാപ്തി വിശ്വാസം നല്‍കുന്നതാണെന്നും വിലയിരുത്തുന്നു.

ഇന്ത്യയെ ബിസിനസ് സൗഹൃദമാക്കുന്നതിന് പ്രധാന തടസം നിയമപരമായ നൂലാമാലകളാണെന്നാണ് പൊതുവെയുള്ള വിശ്വാസം. 59 ശതമാനം പേരാണ് സമാനമായി പ്രതികരിച്ചത്. അനുയോജ്യമായ ബിസിനസ് പങ്കാളിയെ ലഭിക്കാനുള്ള ബുദ്ധിമുട്ടും നികുതി പ്രശ്‌നങ്ങളുമാണ് അടുത്ത രണ്ട് പ്രധാനപ്പെട്ട തടസങ്ങള്‍. ഇന്ത്യന്‍ ഭരണകൂടം ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് 28.6 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഉദ്യോഗസ്ഥസംവിധാനത്തിന്റെ നവീകരണമാണ് യുകെ കമ്പനികള്‍ രണ്ടാമതും ആവശ്യപ്പെട്ടിരിക്കുന്ന ഒരു കാര്യം. ജിഎസ്ടി ചട്ടങ്ങള്‍ ലളിതമാക്കണമെന്ന് 16.9 ശതമാനം കമ്പനികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബിസിനസ് അനുകൂലാന്തരീഷം മെച്ചപ്പെടുത്തുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്ര ഒന്നാം സ്ഥാനത്തുണ്ട്. തലസ്ഥാനനഗരിയായ ന്യൂഡെല്‍ഹി രണ്ടാം സ്ഥാനത്താണ്.

വലുതും വളരുന്നതുമായ ഇന്ത്യന്‍ വിപണിയുടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്രയോജനങ്ങളാണ് റിപ്പോര്‍ട്ടില്‍ പ്രതിഫലിക്കുന്നതെന്ന് യുകെഐബിസി സിഇഒ റിച്ചാര്‍ഡ് ഹീല്‍ഡ് പറഞ്ഞു. ഇന്ത്യക്ക് അഴിമതി നിര്‍മാര്‍ജനം അടക്കമുള്ള രംഗങ്ങളില്‍ പുരോഗതി നേടാനായിട്ടുണ്ട്. എന്നാല്‍ യുകെക്ക് സ്ഥിരമായി ആശങ്കയുളവാക്കുന്ന ഉദ്യോഗസ്ഥ നടപടികള്‍ മെച്ചപ്പെടുത്തല്‍, നികുതി ചട്ടങ്ങളുടെ പ്രയോഗം അടക്കമുള്ള നിരന്തരമായ തടസങ്ങള്‍ നീക്കാനായി ഇനിയും പല നടപടികളും ഇന്ത്യ സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Categories: FK News, Slider