ബിഎസ് 6 ഹോണ്ട എസ്പി 125 വിപണിയില്‍

ബിഎസ് 6 ഹോണ്ട എസ്പി 125 വിപണിയില്‍

ഡ്രം വേരിയന്റിന് 72,900 രൂപയും ഡിസ്‌ക് വേരിയന്റിന് 77,100 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി: ഭാരത് സ്റ്റേജ് 6 (ബിഎസ് 6) മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഹോണ്ട എസ്പി 125 മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ അവതരിപ്പിച്ചു. ഡ്രം വേരിയന്റിന് 72,900 രൂപയും ഡിസ്‌ക് വേരിയന്റിന് 77,100 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്‌ഐ) വിപണിയിലെത്തിക്കുന്ന രണ്ടാമത്തെ ബിഎസ് 6 ഇരുചക്ര വാഹനമാണ് എസ്പി 125 മോട്ടോര്‍സൈക്കിള്‍. ബിഎസ് 6 പാലിക്കുന്ന ആക്റ്റിവ 125 സ്‌കൂട്ടര്‍ നേരത്ത പുറത്തിറക്കിയിരുന്നു.

ഹോണ്ട സിബി ഷൈന്‍ എസ്പി അടിസ്ഥാനമാക്കിയാണ് ഹോണ്ട എസ്പി 125 നിര്‍മിച്ചിരിക്കുന്നത്. ഹോണ്ട എസ്പി 125 മോട്ടോര്‍സൈക്കിളുമായി ബന്ധപ്പെട്ട് 19 പുതിയ പാറ്റന്റ് അപേക്ഷകള്‍ ഫയല്‍ ചെയ്തിരിക്കുന്നു. സ്‌ട്രൈക്കിംഗ് ഗ്രീന്‍, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, ഇംപീരിയല്‍ റെഡ് മെറ്റാലിക്, പേള്‍ സൈറന്‍ ബ്ലൂ എന്നീ നാല് നിറങ്ങളില്‍ ഹോണ്ട എസ്പി 125 ലഭിക്കും. മോട്ടോര്‍സൈക്കിളിന്റെ ഉല്‍പ്പാദനം ആരംഭിച്ചു. ഈ മാസം അവസാനത്തോടെ ഡീലര്‍ഷിപ്പുകളിലെത്തും.

ഹോണ്ട സിബി ഷൈന്‍ എസ്പി ഉപയോഗിക്കുന്ന അതേ 124.73 സിസി, 4 സ്‌ട്രോക്ക്, സ്പാര്‍ക്ക് ഇഗ്നിഷന്‍ (എസ്‌ഐ), എയര്‍ കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ബിഎസ് 6 പാലിക്കുന്നതാക്കി പരിഷ്‌കരിച്ചത്. ഇതോടെ എന്‍ജിന്‍ പുറപ്പെടുവിക്കുന്ന കരുത്ത് 10.31 കുതിരശക്തിയില്‍നിന്ന് 7,500 ആര്‍പിഎമ്മില്‍ 10.88 കുതിരശക്തിയായി വര്‍ധിച്ചു. 6,000 ആര്‍പിഎമ്മില്‍ 10.9 എന്‍എം ടോര്‍ക്ക് പുറപ്പെടുവിക്കും. ഇലക്ട്രോണിക് ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ സവിശേഷതയാണ്. 5 സ്പീഡ് ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി ചേര്‍ത്തുവെച്ചു. എന്‍ജിന്‍ പരിഷ്‌കരിച്ചതോടെ ഇന്ധനക്ഷമത പതിനാറ് ശതമാനം വര്‍ധിച്ചതായി ഹോണ്ട അവകാശപ്പെട്ടു.

എല്‍ഇഡി ഹെഡ്‌ലൈറ്റ്, പുതിയ സ്റ്റൈലിംഗ് ഘടകങ്ങള്‍ എന്നിവയോടെയാണ് ഹോണ്ട എസ്പി 125 വരുന്നത്. പുതിയ പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സവിശേഷതയാണ്. ട്രിപ്പ് മീറ്റര്‍, തല്‍സമയ ഇന്ധനക്ഷമത, ഡിസ്റ്റന്‍സ് ടു എംപ്റ്റി, ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, സര്‍വീസ് റിമൈന്‍ഡര്‍ തുടങ്ങിയവ പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പ്രദര്‍ശിപ്പിക്കും. ഹോണ്ട സിബി ഷൈന്‍ എസ്പിയുമായി താരതമ്യം ചെയ്യുമ്പോള്‍, മോട്ടോര്‍സൈക്കിളിന്റെ വലുപ്പം വര്‍ധിച്ചു. നീളം 13 എംഎം വര്‍ധിച്ച് 2,020 മില്ലി മീറ്ററായി. 785 മില്ലി മീറ്ററാണ് വീതി. ഉയരവും അല്‍പ്പം വര്‍ധിച്ചു. ഇപ്പോള്‍ 1,103 എംഎം. വീല്‍ബേസ് 19 എംഎം വര്‍ധിച്ച് 1,285 മില്ലി മീറ്ററായി.

നിശബ്ദമായി സ്റ്റാര്‍ട്ട് ചെയ്യാന്‍ കഴിയുന്നതാണ് ഹോണ്ടയുടെ പുതിയ കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍. സ്‌റ്റേറ്ററിന് പകരം ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നതിന് എസി ജനറേറ്റര്‍ (ഓള്‍ട്ടര്‍നേറ്റര്‍) നല്‍കിയിരിക്കുന്നു. ഐഡില്‍ സ്റ്റാര്‍ട്ട്-സ്‌റ്റോപ്പ് സിസ്റ്റം സവിശേഷതയാണ്. സൈഡ് സ്റ്റാന്‍ഡ് ഉയര്‍ത്തിയില്ലെങ്കില്‍ എന്‍ജിന്‍ സ്റ്റാര്‍ട്ടാകാന്‍ വിസമ്മതിക്കുന്ന എന്‍ജിന്‍ ഇന്‍ഹിബിറ്റര്‍ സുരക്ഷാ ഫീച്ചറാണ്. ഈക്വലൈസര്‍ സഹിതം കോംബി ബ്രേക്കിംഗ് സിസ്റ്റം (സിബിഎസ്) സവിശേഷതയാണ്. 18 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകളിലാണ് ഹോണ്ട എസ്പി 125 വരുന്നത്.

Comments

comments

Categories: Auto