250 മില്യണ്‍ ഡോളറിന്റെ എയര്‍ബസ് വിമാന കരാര്‍; സലാം എയറില്‍ ഏകദേശ ധാരണ

250 മില്യണ്‍ ഡോളറിന്റെ എയര്‍ബസ് വിമാന കരാര്‍; സലാം എയറില്‍ ഏകദേശ ധാരണ

അടുത്ത മാസം നടക്കുന്ന ദുബായ് എയര്‍ഷോയില്‍ അന്തിമ കരാറില്‍ ഒപ്പുവെക്കുമെന്ന് അടുത്ത വൃത്തങ്ങള്‍

മസ്‌കറ്റ്: എയര്‍ബസിന്റെ രണ്ട് എ321 നിയോ ജെറ്റ് വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍ സംബന്ധിച്ച് ഒമാനിലെ ബജറ്റ് വിമാനക്കമ്പനിയായ സലാം എയറില്‍ ഏകദേശ ധാരണയായെന്ന് റിപ്പോര്‍ട്ട്. 250 മില്യണ്‍ ഡോളറിന് എ321എല്‍ആര്‍ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറില്‍ അടുത്ത ആഴ്ച നടക്കുന്ന ദുബായ് എയര്‍ഷോയില്‍ വെച്ച് ഇരുകമ്പനികളും ഒപ്പുവെച്ചേക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ കരാര്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും അന്തിമ തീരുമാനമായില്ലെന്നുമാണ് സലാം എയര്‍ വക്താവ് പ്രതികരിച്ചത്. എയര്‍ബസ് പ്രതികരണത്തിന് തയാറായില്ല.

2017ല്‍ സ്ഥാപിതമായ സലാം എയറിന് നിലവില്‍ ഏഴ് എയര്‍ബസ് എ320 വിമാനങ്ങളാണ് ഉള്ളത്. വികസന പദ്ധതികളുടെ ഭാഗമായി വിമാനങ്ങളുടെ എണ്ണം ആദ്യഘട്ടത്തില്‍ 11 ആയും അഞ്ചുവര്‍ഷത്തിനുള്ള 20 ആയും ഉയര്‍ത്താനാണ് ലക്ഷ്യമെന്ന് കമ്പനി സിഇഒ മുഹമ്മദ് അഹമ്മദ് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.

സൗദിയുടെ നേതൃത്വത്തിലുള്ള ഉപരോധം വന്നതിന് ശേഷം തെക്കന്‍ ഗള്‍ഫ് മേഖലയെ ഖത്തറുമായി ബന്ധിപ്പിക്കുന്ന ചുരുക്കം ചില വിമാന സര്‍വീസുകളില്‍ ഒന്നാണ് സലാം എയര്‍.

60 ലക്ഷ്യസ്ഥാനങ്ങളിലേക്ക് സലാം എയര്‍ ശൃംഖല വ്യാപിപ്പിക്കാനൊരുങ്ങവെ എ321 നിയോയുടെ പുതിയ എല്‍ആര്‍ പതിപ്പ് സലാം എയറിന്റെ വികസന പദ്ധതികള്‍ക്ക് കരുത്തേകും.

Comments

comments

Categories: Arabia