2030ഓടെ സൗദി അറേബ്യയുടെ ആരോഗ്യരംഗത്തെ ചിലവിടല്‍ 160 ബില്യണ്‍ ഡോളറായി വര്‍ധിക്കും

2030ഓടെ സൗദി അറേബ്യയുടെ ആരോഗ്യരംഗത്തെ ചിലവിടല്‍ 160 ബില്യണ്‍ ഡോളറായി വര്‍ധിക്കും
  • രാജ്യത്തെ ജനസംഖ്യ 45 മില്യണ്‍ ആയി വര്‍ധിക്കും
  • ആരോഗ്യ ആവശ്യങ്ങള്‍ കൂടും

റിയാദ്: ആരോഗ്യരംഗത്ത് സൗദി അറേബ്യയുടെ ചിലവിടല്‍ അധികരിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ 45.9 ബില്യണ്‍ ഡോളറാണ് ആരോഗ്യമേഖലയില്‍ സൗദി ചിലവിട്ടത്. 2030ഓടെ ഇത് 160 ബില്യണ്‍ ഡോളര്‍ ആയി വര്‍ധിക്കുമെന്നും കോളിയേഴ്‌സ് ഇന്റെര്‍നാഷ്ണലിന്റെ ഏറ്റവും പുതിയ ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ജനസംഖ്യ വര്‍ധനവ്, ആയുര്‍ദൈര്‍ഘ്യത്തിലുള്ള വളര്‍ച്ച, ജീവിതശൈലീ രോഗികളിലുള്ള വര്‍ധനവ് എന്നിവയാണ് സൗദി അറേബ്യയുടെ ആരോഗ്യരംഗത്തെ ചിലവിടല്‍ വര്‍ധിക്കുന്നതിനുള്ള കാരണമായി റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.

പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക മേഖലയിലെ ഏറ്റവും വലിയ ഹെല്‍ത്ത്‌കെയര്‍ പ്രദര്‍ശനമായ അറബ് ഹെല്‍ത്തിന് മുന്നോടിയായാണ് കോളിയേഴ്‌സ് ഇന്റെര്‍നാഷ്ണല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ആരോഗ്യമേഖലയിലെ ചിലവിടലില്‍ 12.1 ശതമാനത്തിന്റെ സംയുക്ത വാര്‍ഷിക വളര്‍ച്ചയാണ് സൗദിയില്‍ ഉണ്ടായത്. 2011-2019 കാലഘട്ടത്തില്‍ മാത്രം 18.4 ബില്യണ്‍ ഡോളര്‍ സൗദി രാജ്യത്തെ ആരോഗ്യമേഖലയില്‍ ചിലവഴിച്ചു.

ജനസംഖ്യാ വളര്‍ച്ചയും വരുംകാല ആരോഗ്യസംരക്ഷണ സൗകര്യവും തമ്മിലും വലിയ ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2030ഓടെ 2.5 ശതമാനത്തിന്റെ സംയുക്ത വാര്‍ഷിക വളര്‍ച്ചാ നിരക്കുമായി രാജ്യത്തെ ജനസംഖ്യ 45 മില്യണ്‍ ആകും. ഈ കാലഘട്ടത്തില്‍ ഒരു വയസിനും 19 വയസിനും ഇടയില്‍ പ്രായമുള്ള 137 ലക്ഷം ആളുകളും 20 വയസിനും 39 വയസിനും ഇടയില്‍ പ്രായമുള്ള 138 ലക്ഷം ആളുകളായിരിക്കും സൗദിയില്‍ ഉണ്ടായിരിക്കുക. 2030 ആകുമ്പോഴേക്കും രാജ്യത്തെ ജനസംഖ്യയില്‍ കൂടുതലും വൃദ്ധരായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 60 വയസിന് മുകളില്‍ പ്രായമുള്ള ആളുകളുടെ എണ്ണം 2018ലെ 18 ലക്ഷത്തില്‍ നിന്നും 2030 ആകുമ്പോഴേക്കും 50 ലക്ഷമായി വളരും. വിവിധ പ്രായ വിഭാഗക്കാരുടെ എണ്ണത്തിലുള്ള വളര്‍ച്ചയ്ക്ക് അനുസൃതമായ ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാകും.

ജനസംഖ്യാ വളര്‍ച്ചയോടൊപ്പം ചികിത്സാസൗകര്യങ്ങള്‍ മെച്ചപ്പെടുന്നത് സൗദി അറേബ്യയുടെ ആരോഗ്യസേവന രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് കോളിയേഴ്‌സ് ഇന്റെര്‍നാഷ്ണലിലെ മേന വിഭാഗം ഡയറക്ടര്‍ മന്‍സൂര്‍ അഹമ്മദ് പറഞ്ഞു.

സൗദിയില്‍ മാത്രമല്ല, ജിസിസി രാജ്യങ്ങളിലുടനീളം സമീപകാലത്തായി ആരോഗ്യമേഖലയിലെ ചിലവിടല്‍ വര്‍ധിച്ചിട്ടുണ്ട്. സൗദിക്ക് പുറമേ യുഎഇ, ബഹ്‌റൈന്‍, ഒമാന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളും സമ്പദ് വ്യവസ്ഥ വൈവിധ്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വ്യവസായ മേഖലയിലെ സ്വകാര്യമേഖലാ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള നയങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്.

ഇന്‍ഫോര്‍മ മാര്‍ക്കറ്റ്‌സ് സംഘടിപ്പിക്കുന്ന അറബ് ഹെല്‍ത്ത് പ്രദര്‍ശനം വരുന്ന ജനുവരിയില്‍ ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലും കോര്‍ണാട് ദുബായ് ഹോട്ടലിലുമായി സംഘടിപ്പിക്കപ്പെടും. 4,250 പ്രദര്‍ശകര്‍ പങ്കെടുക്കുമെന്ന് കരുതപ്പെടുന്ന പരിപാടിയില്‍ 64 രാജ്യങ്ങളില്‍ നിന്നുള്ള 55,000 ആളുകള്‍ സന്ദര്‍ശകരായി എത്തും.

ആരോഗ്യ മേഖലയിലെ ചിലവിടലിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

  • ജനസംഖ്യാ വളര്‍ച്ച
  • ആയുര്‍ദൈര്‍ഘ്യത്തിലുള്ള വര്‍ധനവ്
  • ജീവിത ശൈലീ/ മാരകമായ രോഗങ്ങളുടെ വര്‍ധനവ്‌

Comments

comments

Categories: Arabia