1 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ ആലിബാബ

1 ലക്ഷം കോടി രൂപ സമാഹരിക്കാന്‍ ആലിബാബ

ഹോങ്കോംഗ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്ന് ആലിബാബയുടെ സ്ഥിരീകരണം. വന്‍തുക സമാഹരിക്കും

ഹോങ്കോംഗ്: ചൈനീസ് ടെക്‌നോളജി ഭീമനായ ആലിബാബ ഗ്രൂപ്പ് ഹോങ്കോംഗ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനുള്ള പദ്ധതി ഇന്നലെ സ്ഥിരീകരിച്ചു. ഹോങ്കോംഗ് വിപണിയിലെ പ്രഥമ ഓഹരി വില്‍പ്പനയിലൂടെ ഏകദേശം ഒരു ലക്ഷം കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ജനാധിപത്യ പ്രക്ഷോഭങ്ങള്‍ തീവ്രമായ ഹോങ്കോംഗില്‍ സാമ്പത്തികരംഗം കടുത്ത വെല്ലുവിളികളെയാണ് അഭിമുഖീകരിക്കുന്നത്. നഗരം ഏറെക്കാലങ്ങള്‍ക്ക് ശേഷം സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിലാണെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ വരുന്ന ആലിബാബ ഐപിഒ വിപണിക്ക് ഉണര്‍വ് പകരാന്‍ സാധ്യതയുണ്ട്. പ്രതിഓഹരിക്ക് 188 ഹോങ്കോംഗ് ഡോളര്‍ എന്ന നിലയിലായിരിക്കും ഓഫറെന്നാണ് സൂചന.

കമ്പനി 500 ദശലക്ഷം ഷെയറുകളും അധിക അലോക്കേഷന്‍ ഓപ്ഷനുകളും വാഗ്ദാനം ചെയ്യും. അതോടെ വില്‍പ്പന 13.8 ബില്യണ്‍ ഡോളര്‍ വരെയെത്തുമെന്നാണ് പ്രതീക്ഷ. 2010ല്‍ ഇന്‍ഷുറന്‍സ് ഭീമനായ എഐഎ 20.5 ബില്യണ്‍ ഡോളര്‍ നേടിയതിന് ശേഷമുള്ള ഹോങ്കോംഗിലെ ഏറ്റവും വലിയ ഐപിഒകളില്‍ ഒന്നായിരിക്കും ഇത്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ അലിബാബ നേരത്തെ പദ്ധതിയിട്ടിരുന്നെങ്കിലും ഹോംങ്കോഗിലെ ജനാധിപത്യ അനുകൂല പ്രക്ഷോഭവും ചൈന-യുഎസ് വ്യാപര യുദ്ധവും പദ്ധതി ദീര്‍ഘിപ്പിക്കുകയായിരുന്നു.

നിലവില്‍ കമ്പനിയുടെ ഓഹരികള്‍ ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സേഞ്ചില്‍ വ്യാപാരം നടത്തുന്നുണ്ട്. ഹോങ്കോംഗിലെ രണ്ടാമത്തെ ലിസ്റ്റിംഗ് നഗരത്തിന് ഗുണം ചെയ്‌തേക്കും. ബൈഡു പോലുള്ള വന്‍കിട സാങ്കേതിക സ്ഥാപനങ്ങളെ ഇവിടെ ലിസ്റ്റ് ചെയ്യാന്‍ ഇത് പ്രോത്സാഹിപ്പിച്ചേക്കും.

ഹോങ്കോംഗിന്റെ ഭാവിക്കായുള്ള ഞങ്ങളുടെ സംഭാവനയാണ് പുതിയ ലിസ്റ്റിംഗ്-ആലിബാബ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ഡാനിയല്‍ ഷാംഗ് പറഞ്ഞു.

Categories: FK News, Slider
Tags: Alibaba