ഡിമാന്‍ഡ് കൂടി യൂസ്ഡ് കാര്‍ വിപണി; തൊഴില്‍ ലഭ്യതയിലും വര്‍ധനവ്

ഡിമാന്‍ഡ് കൂടി യൂസ്ഡ് കാര്‍ വിപണി; തൊഴില്‍ ലഭ്യതയിലും വര്‍ധനവ്
  •  അവസരങ്ങള്‍ കൂടുതലും ചെറു നഗരങ്ങളില്‍
  • അടുത്ത രണ്ട് മൂന്ന് പാദങ്ങളില്‍ സ്റ്റാഫ് ഡിമാന്‍ഡ് 7-8 ശതമാനം വര്‍ധിക്കും
  • ഓട്ടോമൊബീല്‍, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ഡിപ്ലോമക്കാര്‍ അവസരങ്ങളേറെ

ചെന്നൈ: വിപണിയിലെ മാന്ദ്യം കാരണം കാര്‍ കമ്പനികള്‍ ജോലിക്കാരെ വെട്ടിച്ചുരുക്കുമ്പോള്‍ യൂസ്ഡ് കാര്‍ വിപണിയില്‍ തൊഴില്‍ ലഭ്യത വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഓട്ടോ എന്‍ജിനിയര്‍മാര്‍ അടക്കം ഡിപ്ലോമക്കാര്‍ക്ക് നിരവധി അവസരങ്ങളാണ് യൂസ്ഡ് കാര്‍ മേഖലയില്‍ കാത്തിരിക്കുന്നത്. യൂസ്ഡ് കാര്‍ റീട്ടെയ്ല്‍ മേഖല രാജ്യത്ത് കൂടുതല്‍ ശക്തിപ്പെടുന്നതായാണ് സൂചന.

രാജ്യത്ത് ഒരു വര്‍ഷത്തിനകം യുസ്ഡ് കാര്‍ മേഖലയിലെ ഡിമാന്‍ഡ് 12 മുതല്‍ 15 ശതമാനം വരെ വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ടെക്‌നിക്കല്‍ വിദഗ്ധര്‍ക്കും ഡിമാന്‍ഡ് കൂടിയിരിക്കുന്നു. മേഖലയിലെ ജോലിക്കാരുടെ ഡിമാന്‍ഡ് രണ്ടക്കം കടന്നിരിക്കുകയാണെന്ന് റിക്രൂട്ടിംഗ് മേധാവികള്‍ ശരിവെക്കുന്നുമുണ്ട്. അടുത്ത രണ്ടു മൂന്നു പാദങ്ങളില്‍ മേഖലയിലെ ഡിമാന്‍ഡ് സമാന രീതിയില്‍ തുടരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

വന്‍കിട നഗരങ്ങളിലെ യുസ്ഡ് കാര്‍ ഡീലര്‍ സ്ഥാപനങ്ങളില്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരടക്കമുള്ളവര്‍ക്ക് ഡിമാന്‍ഡ് കൂടിയതായി മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് സിഇഒ ആഷുതോഷ് പാണ്്‌ഡെ പറഞ്ഞു. മഹീന്ദ്രയ്ക്ക് വെഹിക്കിള്‍ ഇന്‍സ്‌പെക്ഷന്‍ ബിസിനസ് ഭാഗീകയമായി റീട്ടെയ്‌ലിലും ഇന്‍ഷുറന്‍സ്, ധനകാര്യ കമ്പനികളിലുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ബിസിനസില്‍ കമ്പനിയുടെ വിപണി വിഹിതം 45 ശതമാനമാണ്. നടപ്പു വര്‍ഷം 20 ലക്ഷത്തോളം വാഹനങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും ഫ്രീലാന്‍സായാണ് ചെയ്തിട്ടുള്ളത്, അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം മഹീന്ദ്രയില്‍ കമ്പനിയുടെ ഭാഗമായി നൂറോളം പേരും ഫ്രീലാന്‍സായി 2400 പേരും ഈ വിഭാഗത്തില്‍ ജോലി ചെയ്തിരുന്നു. നിലവില്‍ ഫ്രീലാന്‍സറുകളുടെ എണ്ണം 4000 കടന്നിരിക്കുകയാണെന്നും പാണ്ഡെ ചൂണ്ടിക്കാട്ടി.

നിലവില്‍ സംഘടിത യൂസ്ഡ് കാര്‍ റീട്ടെയ്ല്‍ വിപണിയില്‍ പതിനായിരത്തോളം പേര്‍ ജോലി ചെയ്യുന്നതായി എച്ച്ആര്‍ സ്ഥാപനമായ ടീംലീസ് വെളിപ്പെടുത്തുന്നു. അവസരങ്ങള്‍ കൂടുതലും ചെറുകിട നഗരങ്ങളിലാണുള്ളത്. മേഖലയിലെ സ്റ്റാഫ് ഡിമാന്‍ഡ് കഴിഞ്ഞ ഒരു വര്‍ഷമായി 12-15 ശതമാനമാണെന്നും അടുത്ത രണ്ട് മൂന്ന് പാദങ്ങള്‍ക്കുള്ളില്‍ ഇത് 7-8 ശതമാനം കൂടി വര്‍ധിക്കാനാണ് സാധ്യതയെന്നും ടീംലീസ് ബിസിനസ് മേധാവി (മാന്യുഫാക്ചറിംഗ്& എന്‍ജിനിയറിംഗ്) സുദീപ് സെന്‍ അറിയിച്ചു.

ഓട്ടോമൊബീല്‍,മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗത്തിലെ ഡിപ്ലോമക്കാരെയാണ് യൂസ്ഡ് കാര്‍ മേഖല കൂടുതലും ലക്ഷ്യമിടുന്നത്. ഏതെങ്കിലും അംഗീകൃത് സര്‍വീസ് സ്‌റ്റേഷനുകളില്‍ കുറഞ്ഞത് ആറുമാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള പ്രവൃത്തി പരിചയമാണ് യോഗ്യത നിശ്ചയിച്ചിരിക്കുന്നത്. മേഖലയുടെ വ്യാപനം ഓട്ടോ ഇന്‍സ്‌പെക്ഷന്‍ എന്‍ജിനിയര്‍മാര്‍ക്കും സെയില്‍സ് എക്‌സിക്യൂട്ടിവുകള്‍ക്കും നിരവധി അവസരം നല്‍കുന്നതിനൊപ്പം മറ്റ് അനുബന്ധ മേഖലകളിലും തൊഴിലവസരം വര്‍ധിക്കാന്‍ ഇടയാക്കുന്നുണ്ട്.

Comments

comments

Categories: FK News