കിടിലന്‍ പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കാന്‍ അള്‍ട്രാവയലറ്റ് എഫ്77

കിടിലന്‍ പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കാന്‍ അള്‍ട്രാവയലറ്റ് എഫ്77

ഇന്ത്യയിലെ ആദ്യ പെര്‍ഫോമന്‍സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ മൂന്ന് വേരിയന്റുകളില്‍ ലഭിക്കും

അള്‍ട്രാവയലറ്റ് എഫ്77 ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അനാവരണം ചെയ്തു. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് ഇരുചക്രവാഹന സ്റ്റാര്‍ട്ടപ്പായ അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവിന്റെ ആദ്യ മോഡലാണ് എഫ്77. ഇന്ത്യയിലെ ആദ്യ പെര്‍ഫോമന്‍സ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ കൂടിയാണ് അള്‍ട്രാവയലറ്റ് എഫ്77. മൂന്ന് ലക്ഷം രൂപ മുതലായിരിക്കും ഓണ്‍ റോഡ് വില എന്ന് പ്രതീക്ഷിക്കുന്നു. ലൈറ്റ്‌നിംഗ്, ഷാഡോ, ലേസര്‍ എന്നീ മൂന്ന് വേരിയന്റുകളില്‍ ലഭിക്കും.

2,250 ആര്‍പിഎമ്മില്‍ 25 കിലോവാട്ട് (33.5 എച്ച്പി) കരുത്തും 90 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന എയര്‍ കൂള്‍ഡ് ബ്രഷ്‌ലെസ് ഡിസി മോട്ടോറാണ് അള്‍ട്രാവയലറ്റ് എഫ്77 മോട്ടോര്‍സൈക്കിളിന് കരുത്തേകുന്നത്. പിന്‍ ചക്രത്തില്‍ 450 ന്യൂട്ടണ്‍ മീറ്ററാണ് ടോര്‍ക്ക് റേറ്റിംഗ്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ അറുപത് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 2.9 സെക്കന്‍ഡ് മതിയെന്നും 0-100 കിമീ/മണിക്കൂര്‍ വേഗമാര്‍ജിക്കാന്‍ 7.5 സെക്കന്‍ഡ് മതിയെന്നും കമ്പനി അവകാശപ്പെടുന്നു. മണിക്കൂറില്‍ 147 കിലോമീറ്ററാണ് ടോപ് സ്പീഡ്. എല്ലാ കണക്കുകളും ഒന്നിനൊന്ന് മെച്ചം. ഇക്കോ, സ്‌പോര്‍ട്ട്, ഇന്‍സേന്‍ എന്നിവയാണ് മൂന്ന് പവര്‍ മോഡുകള്‍.

4.2 കിലോവാട്ട്അവര്‍ ശേഷിയുള്ള ബാറ്ററിയാണ് ഇലക്ട്രിക് മോട്ടോറിന് കരുത്തേകുന്നത്. വണ്ണം കുറഞ്ഞ മൂന്ന് ലിഥിയം അയണ്‍ ബാറ്ററി പാക്കുകള്‍ അള്‍ട്രാവയലറ്റ് എഫ്77 ഉപയോഗിക്കുന്നു. മൂന്ന് ബാറ്ററി പാക്കുകളും പൂര്‍ണമായി ചാര്‍ജ് ചെയ്യുന്നതിന് അഞ്ച് മണിക്കൂര്‍ വേണം. എന്നാല്‍ ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ചാല്‍ ഒന്നര മണിക്കൂര്‍ മതി. 80 ശതമാനം ചാര്‍ജ് ചെയ്യുന്നതിന് 50 മിനിറ്റ് മാത്രം. എഫ്77 ഓടിക്കുന്നതിന് മൂന്ന് ബാറ്ററി പാക്കുകളും ആവശ്യമില്ലെന്ന് അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് അറിയിച്ചു. എന്നാല്‍ മൂന്നും ഉപയോഗിച്ചാല്‍ മോട്ടോര്‍സൈക്കിള്‍ ഏറ്റവും മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കുമെന്ന് കമ്പനി വ്യക്തമാക്കി. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 130-150 കിലോമീറ്റര്‍ സഞ്ചരിക്കാം. സുരക്ഷ, താപ, ബാറ്ററി മാനേജ്‌മെന്റ് ഫീച്ചറുകള്‍ ഉള്‍പ്പെടുന്നതാണ് ബാറ്ററി സംവിധാനം. ഏഴ് അന്താരാഷ്ട്ര പാറ്റന്റുകള്‍ നേടിയതാണ് ബാറ്ററി സിസ്റ്റം.

അലുമിനിയം ഹെഡ് സഹിതം സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമിലാണ് അള്‍ട്രാവയലറ്റ് എഫ്77 നിര്‍മിച്ചിരിക്കുന്നത്. മുന്നില്‍ കാര്‍ട്രിജ് ടൈപ്പ് യുഎസ്ഡി ഫോര്‍ക്കുകളും പിന്നില്‍ പ്രീ-ലോഡ് ക്രമീകരിക്കാന്‍ കഴിയുന്ന ഗ്യാസ് ചാര്‍ജ്ഡ് മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വഹിക്കും. മുന്നില്‍ 4 പിസ്റ്റണ്‍ കാലിപര്‍ സഹിതം 320 എംഎം ഡിസ്‌ക് ബ്രേക്ക്, പിന്നില്‍ സിംഗിള്‍ പിസ്റ്റണ്‍ കാലിപര്‍ സഹിതം 230 എംഎം ഡിസ്‌ക് ബ്രേക്ക് എന്നിവ നല്‍കിയിരിക്കുന്നു. ഡുവല്‍ ചാനല്‍ എബിഎസ് സുരക്ഷാ ഫീച്ചറാണ്. 17 ഇഞ്ച് വീലുകളിലാണ് അള്‍ട്രാവയലറ്റ് എഫ്77 വരുന്നത്. മുന്നില്‍ 110/70 ടയറും പിന്നില്‍ 150/60 ടയറും ഉപയോഗിക്കുന്നു.

ബ്ലൂടൂത്ത് കണക്റ്റിവിറ്റി സഹിതം ഫുള്‍ കളര്‍ ടിഎഫ്ടി സ്‌ക്രീന്‍ അള്‍ട്രാവയലറ്റ് എഫ്77 മോട്ടോര്‍സൈക്കിളിന്റെ സവിശേഷതയാണ്. ആപ്പ് വഴി സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റ് ചെയ്യാം. ഓവര്‍ ദ എയര്‍ (ഒടിഎ) അപ്‌ഡേറ്റുകള്‍, റിമോട്ട് ഡയഗ്നോസ്റ്റിക്‌സ്, ബൈക്ക് ലൊക്കേറ്റര്‍, റൈഡ് അനാലിസിസ് എന്നിവ ഫീച്ചറുകളാണ്. റീജനറേറ്റീവ് ബ്രേക്കിംഗ് നിയന്ത്രിക്കാന്‍ കഴിയും. പരമാവധി വേഗത പരിമിതപ്പെടുത്താനും ടോര്‍ക്ക് ഡെലിവറി നിയന്ത്രിക്കാനും ആപ്പ് വഴി സാധിക്കും. 9 ഡിഗ്രി ഓഫ് ഫ്രീഡം (ഡിഒഎഫ്) ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ് (ഐഎംയു) മോട്ടോര്‍സൈക്കിളിന്റെ സവിശേഷതയാണ്. നിശ്ചിത സമയത്ത് എത്രമാത്രം കരുത്തും ടോര്‍ക്കും കൈമാറിയെന്ന വിവരം ആപ്പില്‍ ലഭ്യമാകും. വളവുകളില്‍ എത്ര ബേക്കിംഗ് ഫോഴ്‌സ്, ലീന്‍ ആംഗിള്‍ നടത്തിയെന്ന വിവരം കൂടി റൈഡര്‍ക്ക് ലഭിക്കും. 158 കിലോഗ്രാം മാത്രമാണ് കര്‍ബ് വെയ്റ്റ്. സീറ്റ് ഉയരം 800 എംഎം.

ടിവിഎസ് മോട്ടോര്‍ കമ്പനി ഫണ്ടിംഗ് നടത്തിയ സ്റ്റാര്‍ട്ടപ്പാണ് അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ്. രണ്ട് റൗണ്ടുകളിലായി 11 കോടി രൂപയുടെ നിക്ഷേപം നടത്തി 25.76 ശതമാനം ഓഹരിയാണ് ടിവിഎസ് സ്വന്തമാക്കിയിരിക്കുന്നത്. ബെംഗളൂരു ബിഎംഎസ് എന്‍ജിനീയറിംഗ് കോളെജില്‍നിന്ന് പഠിച്ചിറങ്ങിയ നീരജ് രാജ്‌മോഹന്‍, നാരായണ്‍ സുബ്രഹ്മണ്യം എന്നിവര്‍ ചേര്‍ന്ന് 2015 ലാണ് അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ് സ്ഥാപിച്ചത്. എഫ്77 മോട്ടോര്‍സൈക്കിളിനായി കമ്പനി ചാര്‍ജിംഗ് ശൃംഖല ആരംഭിക്കും. ബെംഗളൂരുവിലായിരിക്കും ആദ്യം വില്‍പ്പന ആരംഭിക്കുന്നത്. പോര്‍ട്ടബിള്‍ ഫാസ്റ്റ് ചാര്‍ജര്‍, ക്രാഷ് ഗാര്‍ഡുകള്‍, പാനിയറുകള്‍, വ്യത്യസ്ത വൈസര്‍ തുടങ്ങിയവ അള്‍ട്രാവയലറ്റ് എഫ്77 മോട്ടോര്‍സൈക്കിളിന്റെ ആക്‌സസറികളാണ്.

Categories: Auto