ടെസ്‌ലയുടെ ആദ്യ യൂറോപ്യന്‍ പ്ലാന്റ് ബെര്‍ലിനില്‍ സ്ഥാപിക്കും

ടെസ്‌ലയുടെ ആദ്യ യൂറോപ്യന്‍ പ്ലാന്റ് ബെര്‍ലിനില്‍ സ്ഥാപിക്കും

ഫാക്റ്ററി കൂടാതെ എന്‍ജിനീയറിംഗ്, ഡിസൈന്‍ സെന്ററും ബെര്‍ലിനില്‍ സ്ഥാപിക്കും

ബെര്‍ലിന്‍: അമേരിക്കന്‍ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലയുടെ യൂറോപ്പിലെ ആദ്യ ഫാക്റ്ററി ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ സ്ഥാപിക്കും. ടെസ്‌ല ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഇലോണ്‍ മസ്‌ക് ഇക്കാര്യം സ്ഥിരീകരിച്ചു. ഫാക്റ്ററി കൂടാതെ എന്‍ജിനീയറിംഗ്, ഡിസൈന്‍ സെന്ററും ബെര്‍ലിനില്‍ സ്ഥാപിക്കും. ജര്‍മനിയില്‍ ‘ഗോള്‍ഡന്‍ സ്റ്റിയറിംഗ് വീല്‍’ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇലോണ്‍ മസ്‌ക് ഇക്കാര്യം പ്രഖ്യാപിച്ചത്.

യൂറോപ്പില്‍ ആദ്യ ഫാക്റ്ററി പണിയുന്നതിന് ജര്‍മനിയാണ് മനസ്സിലുള്ളതെന്ന് കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇലോണ്‍ മസ്‌ക് പറഞ്ഞിരുന്നു. ജര്‍മനിയില്‍ പ്ലാന്റ് ആരംഭിക്കുന്നതോടെ, ജര്‍മന്‍ നിര്‍മിത വാഹനമെന്ന് ടെസ്‌ലയ്ക്ക് പ്രചാരണം നടത്താന്‍ കഴിയും. ഇലക്ട്രിക് കാറുകള്‍ക്കുവേണ്ട ബാറ്ററി സെല്ലുകള്‍ നിര്‍മിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുമെന്ന് ബെര്‍ലിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ജര്‍മനിയില്‍ വമ്പന്‍ നിക്ഷേപമാണ് ടെസ്‌ല ഉദ്ദേശിക്കുന്നത്.

ടെസ്‌ല മോഡല്‍ വൈ മുതല്‍ ബെര്‍ലിന്‍ ഫാക്റ്ററിയില്‍ ബാറ്ററികളും പവര്‍ട്രെയ്‌നുകളും വാഹനങ്ങളും നിര്‍മിക്കുമെന്ന് ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു. കുറഞ്ഞ വില പ്രതീക്ഷിക്കുന്ന ടെസ്‌ലയുടെ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമാണ് (എസ്‌യുവി) മോഡല്‍ വൈ. 2021 ല്‍ ബെര്‍ലിന്‍ ഫാക്റ്ററിയില്‍ ഉല്‍പ്പാദനം ആരംഭിക്കാന്‍ കഴിയുമെന്നാണ് ടെസ്‌ല പ്രതീക്ഷിക്കുന്നത്. ചൈനയിലെ ഷാങ്ഹായില്‍ ടെസ്‌ല ഫാക്റ്ററി ഈയിടെ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. യുഎസ്സിന് പുറത്ത് ടെസ്‌ലയുടെ ആദ്യ ഫാക്റ്ററിയാണ് ചൈനയിലേത്. പുതിയ ഫാക്റ്ററികള്‍ സ്ഥാപിക്കുന്നതിനും പിക്കപ്പ് ട്രക്ക്, സെമി ട്രക്ക് എന്നിവ വികസിപ്പിക്കുന്നതിനുമായി വലിയ നിക്ഷേപങ്ങളാണ് ടെസ്‌ല നടത്തിക്കൊണ്ടിരിക്കുന്നത്.

Comments

comments

Categories: Auto