കുടിശികകള്‍ ജനുവരി 24നകം നല്‍കാന്‍ കമ്പനികള്‍ക്ക് ടെലികോം മന്ത്രാലയത്തിന്റെ നോട്ടിസ്

കുടിശികകള്‍ ജനുവരി 24നകം നല്‍കാന്‍ കമ്പനികള്‍ക്ക് ടെലികോം മന്ത്രാലയത്തിന്റെ നോട്ടിസ്

എയര്‍ടെല്ലിന്റെ കുടിശ്ശിക ഏകദേശം 21,680 കോടി രൂപയാണ്, വോഡഫോണ്‍ ഐഡിയയ്ക്ക് 28,300 കോടി രൂപയെങ്കിലും അടക്കേണ്ടി വരും

ന്യൂഡെല്‍ഹി: ക്രമീകൃത മൊത്ത വരുമാനം (എജിആര്‍) കണക്കാക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ നിലപാടിന് സുപ്രീം കോടതി അംഗീകാരം നല്‍കിയ സാഹചര്യത്തില്‍ ടെലികോം കമ്പനികള്‍ സ്വയം ഇതനുസരിച്ചുള്ള വിലയിരുത്തലുകള്‍ നടത്തി ജനുവരി 24നകം കുടിശികകള്‍ തീര്‍ക്കണമെന്ന് ടെലികോം മന്ത്രാലയം. ബുധനാഴ്ച ഇതു സംബന്ധിച്ച നോട്ടീസ് കമ്പനികള്‍ക്ക് അയച്ചിട്ടുണ്ട്.
‘ലൈസന്‍സ് കരാറുകള്‍ പ്രകാരം ലൈസന്‍സ് നേടിയിട്ടുള്ള കമ്പനി സ്വന്തം വിലയിരുത്തല്‍ നടത്തി ലൈസന്‍സ് ഫീസും മറ്റ് കുടിശ്ശികകളും നല്‍കേണ്ടതുണ്ട്. ഒക്‌റ്റോബര്‍ 24 ലെ സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് അടയ്‌ക്കേണ്ട തുക കണക്കാക്കേണ്ടത്. ഇതിനൊപ്പം പരിശോധനകള്‍ക്ക് ആവശ്യമായ രേഖകളും നിശ്ചിത സമയപരിധിക്കുള്ളില്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെടുന്നു’ കമ്പനികള്‍ക്ക് ലഭിച്ച നോട്ടിസില്‍ പറയുന്നു. ക്രമീകൃത മൊത്ത വരുമാനം കണക്കാക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ നിലപാടിനെതിരേ ടെലികോം കമ്പനികള്‍ സര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ വിധി.

കുടിശ്ശികകള്‍ മൂന്ന് മാസത്തിനുള്ളില്‍ സര്‍ക്കാരിനു നല്‍കണമെന്നാണ് കമ്പനികളോട് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളത്. എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവ കഴിഞ്ഞ 14 വര്‍ഷത്തെ തങ്ങളുടെ എജിആര്‍ കുടിശിക സ്വയം വിലയിരുത്തി തുക സമര്‍പ്പിക്കണം. കണക്കുകളില്‍ എന്തെങ്കിലും വ്യത്യാസം കണ്ടെത്തിയാല്‍, കണക്കുകള്‍ വീണ്ടും പരിശോധിക്കാന്‍ കമ്പനികളോട് ആവശ്യപ്പെടുമെന്നും ടെലികോം മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

നവംബര്‍ 24 വരെയാണ് കമ്പനികള്‍ക്ക് പുനരവലോകന ഹര്‍ജി സമര്‍പ്പിക്കുന്നതിനുള്ള സമയം. എയര്‍ടെല്ലിന്റെ കുടിശിക ഏകദേശം 21,680 കോടി രൂപയാണ്, വോഡഫോണ്‍ ഐഡിയയ്ക്ക് 28,300 കോടി രൂപയെങ്കിലും അടക്കേണ്ടി വരും. ഈ രംഗത്ത് കുറഞ്ഞ കാലം മാത്രമായിട്ടുള്ള ജിയോയുടെ കുടിശിക വെറും 13 കോടി രൂപയാണ്. ടെലികോം സേവനങ്ങളില്‍ നിന്നുള്ള വരുമാനം മാത്രമേ എജിആറില്‍ ഉള്‍പ്പെടുത്താവൂ എന്നാണ് ഓപ്പറേറ്റര്‍മാരുടെ വാദം. എന്നാല്‍ ടെലികോം കമ്പനിയുടെ എല്ലാ വരുമാനവും എജിആറില്‍ കണക്കാക്കണമെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്.

Comments

comments

Categories: FK News
Tags: telecom