ഏറ്റവും താങ്ങാവുന്ന റോയല്‍ എന്‍ഫീല്‍ഡുകളുടെ വില വര്‍ധിച്ചു

ഏറ്റവും താങ്ങാവുന്ന റോയല്‍ എന്‍ഫീല്‍ഡുകളുടെ വില വര്‍ധിച്ചു

ബുള്ളറ്റ് 350എക്‌സ് കിക്ക് സ്റ്റാര്‍ട്ട് വേരിയന്റിന് 1.14 ലക്ഷം രൂപയും ഇലക്ട്രിക് സ്റ്റാര്‍ട്ട് വേരിയന്റിന് 1.30 ലക്ഷം രൂപയുമാണ് ഇപ്പോള്‍ ഡെല്‍ഹി എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി: ബുള്ളറ്റ് 350എക്‌സ് കിക്ക് സ്റ്റാര്‍ട്ട്, ഇലക്ട്രിക് സ്റ്റാര്‍ട്ട് മോഡലുകളുടെ വില വര്‍ധിപ്പിച്ചു. ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളാണ് ഇവ. ഒറിജിനല്‍ ബുള്ളറ്റുകളുടെ കൂടുതല്‍ താങ്ങാവുന്ന പതിപ്പുകള്‍ ഈ വര്‍ഷം ഓഗസ്റ്റിലാണ് വിപണിയില്‍ അവതരിപ്പിച്ചത്. വില വര്‍ധിച്ചെങ്കിലും, ഇന്ത്യയില്‍ ഇപ്പോഴും ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളാണ് ബുള്ളറ്റ് 350എക്‌സ് കിക്ക് സ്റ്റാര്‍ട്ട്, ഇലക്ട്രിക് സ്റ്റാര്‍ട്ട് മോഡലുകള്‍.

കിക്ക് സ്റ്റാര്‍ട്ട് വേരിയന്റിന് 1.14 ലക്ഷം രൂപയും ഇലക്ട്രിക് സ്റ്റാര്‍ട്ട് വേരിയന്റിന് 1.30 ലക്ഷം രൂപയുമാണ് ഇപ്പോള്‍ ഡെല്‍ഹി എക്‌സ് ഷോറൂം വില. യഥാക്രമം 1.12 ലക്ഷം രൂപയും 1.26 ലക്ഷം രൂപയും നിശ്ചയിച്ചാണ് ഓഗസ്റ്റ് മാസത്തില്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ യഥാക്രമം 2,000 രൂപയും 4,000 രൂപയും വര്‍ധിച്ചു. വില വര്‍ധനയുടെ കാരണം റോയല്‍ എന്‍ഫീല്‍ഡ് വ്യക്തമാക്കിയിട്ടില്ല.

346 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് ബുള്ളറ്റ് 350എക്‌സ് കിക്ക് സ്റ്റാര്‍ട്ട്, ഇലക്ട്രിക് സ്റ്റാര്‍ട്ട് ബൈക്കുകള്‍ ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 5,250 ആര്‍പിഎമ്മില്‍ 19.8 എച്ച്പി കരുത്തും 4,000 ആര്‍പിഎമ്മില്‍ 28 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെച്ചു. സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷാ ഫീച്ചറാണ്.

Comments

comments

Categories: Auto