അമിതവിതരണം എണ്ണവിപണിക്ക് വെല്ലുവിളിയാകുമെന്ന് വിദഗ്ധര്‍; വേണ്ടത് ഒപെക് ഇടപെടല്‍

അമിതവിതരണം എണ്ണവിപണിക്ക് വെല്ലുവിളിയാകുമെന്ന് വിദഗ്ധര്‍; വേണ്ടത് ഒപെക് ഇടപെടല്‍
  • എണ്ണവില ബാരലിന് 45 ഡോളറിലേക്ക് കൂപ്പുകുത്തും
  • കൂടുതല്‍ ഉല്‍പ്പാദന നിയന്ത്രണം ഉണ്ടായില്ലെങ്കില്‍ വിപണി തകരും
  • ഒപെക് അംഗങ്ങള്‍ക്കും മറ്റ് ഉല്‍പ്പാദക രാജ്യങ്ങള്‍ക്കും ഒരുപോലെ തിരിച്ചടിയുണ്ടാകും

അടുത്ത മാസം നടക്കാനിരിക്കുന്ന ഒപെക് പ്ലസ് യോഗത്തില്‍ എണ്ണവില സ്ഥിരപ്പെടുത്താന്‍ തക്കതായ തീരുമാനങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ വിപണി വീണ്ടും തകര്‍ച്ചയിലേക്ക് നീങ്ങുമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍. അംഗരാജ്യങ്ങള്‍ എണ്ണയുല്‍പ്പാദനം വീണ്ടും വെട്ടിക്കുറച്ചില്ലെങ്കില്‍ വിപണിയില്‍ എണ്ണ കെട്ടിക്കിടക്കുമെന്നും അത് അടുത്ത വര്‍ഷം എണ്ണ വിലയിടവിന് കാരണമാകുമെന്നുമാണ് വിപണി വിദഗ്ധരായ ബാങ്കുകള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഉല്‍പ്പാദന നിയന്ത്രണത്തിന്റെ തോത് കൂട്ടുന്ന തരത്തിലുള്ള കഠിനമായ തീരുമാനങ്ങളൊന്നും ഇത്തവണത്തെ യോഗത്തില്‍ ഉണ്ടാകില്ലെന്നാണ് ഒപെക് ഉന്നത നേതൃത്വം സൂചിപ്പിക്കുന്നത്.

അടുത്ത വര്‍ഷം വില 30 ശതമാനത്തോളം ഇടിയും

ഒപെകും സഖ്യരാജ്യങ്ങളും കൂടുതല്‍ ആഴത്തിലുള്ള ഉല്‍പ്പാദന നിയന്ത്രണം പ്രഖ്യാപിച്ചില്ലെങ്കില്‍ നിലവില്‍ ലണ്ടന്‍ വിപണിയില്‍ ബാരലിന് 62 ഡോളറെന്ന നിലയില്‍ വ്യാപാരം നടത്തുന്ന എണ്ണവില 30 ശതമാനത്തോളം ഇടിഞ്ഞ് ബാരലിന് 45 ഡോളറിലേക്ക് കൂപ്പുകുത്തുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി പ്രവചിക്കുന്നത്. എന്നാല്‍ എണ്ണവില 50 ഡോളര്‍ വരെ എത്തിയേക്കുമെന്നാണ് സിറ്റി ഗ്രൂപ്പ്, ബിഎന്‍പി പാരിബാസ് എന്നീ ബാങ്കുകള്‍ അഭിപ്രായപ്പെടുന്നത്.

ഒപെക് അംഗങ്ങളായ വെനസ്വെല, ഇറാന്‍, ഇറാഖ് എന്നീ രാജ്യങ്ങളെ ആശങ്കയിലാഴ്ത്തുന്ന നിരീക്ഷണമാണിത്. വര്‍ധിച്ചുവരുന്ന സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും മൂലം വളര്‍ച്ചാ പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളാണ് ഇവ. ഇവര്‍ മാത്രമല്ല, അമേരിക്കയിലെ ഷെയില്‍ ഉല്‍പ്പാദന വസന്തത്തില്‍ മുങ്ങിപ്പോയ വിപണിയിലെ മറ്റ് ഉല്‍പ്പാദകര്‍ക്കും തിരിച്ചടിയാകുന്ന നിരീക്ഷണമാണിത്. 2020ഓടെ എണ്ണവിപണിയില്‍ അമിത വിതരണമുണ്ടാകാനിടയുണ്ടെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിയിലെ മാര്‍ട്ടിജിന്‍ റാറ്റ്‌സ് പറയുന്നു. വിപണിയെ സന്തുലിതമാക്കാന്‍ ഒപെക് കൂടുതല്‍ ഉല്‍പ്പാദന നിയന്ത്രണം നടപ്പിലാക്കുകയോ അമേരിക്ക ഷെയില്‍ ഉല്‍പ്പാദനം കുറയ്ക്കുകയോ ചെയ്തില്ലെങ്കില്‍ എണ്ണവില ബാരലിന് 45 ഡോളറിലും താഴേക്ക് പോകുമെന്നാണ് മാര്‍ട്ടിജിന്‍ അഭിപ്രായപ്പെടുന്നത്.

സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണ ഉപഭോഗം കുറയുകയും അമേരിക്ക, നോര്‍വേ, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ വിതരണം വര്‍ധിക്കുകയും ചെയ്യുന്നതോടെ അടുത്ത വര്‍ഷം എണ്ണയുടെ ആവശ്യകതയില്‍ ഉള്ളതിനേക്കാള്‍ രണ്ടിരട്ടി വേഗതയില്‍ ഒപെകിന് പുറത്തുള്ള എണ്ണവിതരണം വര്‍ധിക്കുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സൗദി അറേബ്യയും റഷ്യയും ഈ വര്‍ഷം ഉല്‍പ്പാദനം വെട്ടിക്കുറച്ച മറ്റുരാജ്യങ്ങളും ഡിസംബര്‍ 5,6 തീയതികളില്‍ വിയന്നയില്‍ വീണ്ടും യോഗം ചേരുമ്പോള്‍ വിതരണം കൂടുതല്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനമെടുത്തില്ലെങ്കില്‍ എണ്ണവില ദുര്‍ബലപ്പെടുമെന്ന് തീര്‍ച്ചയാണെന്ന് ബാങ്കുകള്‍ വ്യക്തമാക്കുന്നു.

ഒപെക് ഇടപെടുമോ?

എണ്ണവിപണിയെ മറ്റൊരു തകര്‍ച്ചയിലേക്ക് തള്ളിവിടാതിരിക്കാന്‍ എന്ത് നടപടികളും സ്വീകരിക്കാന്‍ സംഘടന തയാറാണെന്ന് ഒപെക് സെക്രട്ടറി ജനറല്‍ മുഹമ്മദ് ബര്‍ക്കിന്‍ഡോ പറയുന്നുണ്ടെങ്കിലും ഗ്രൂപ്പിലെ പ്രധാന ഉല്‍പ്പാദക രാഷ്ട്രങ്ങള്‍ കൂടുതല്‍ നിയന്ത്രണത്തിന് മുന്‍കൈ എടുക്കുന്നില്ലെന്ന ആക്ഷേപം നിലവിലുണ്ട്. നിലവിലെ ഉല്‍പ്പാദന നിയന്ത്രണ തോത് തുടരുമെന്ന സൂചന തന്നെയാണ് ഒമാന്‍ ഇന്ധനകാര്യ മന്ത്രിയായ മുഹമ്മദ് അല്‍ റൂമിയുടെ വാക്കുകളിലും കഴിഞ്ഞ ദിവസം പ്രതിഫലിച്ചത്.

എണ്ണയുല്‍പ്പാദനത്തില്‍ കൂടുതല്‍ ത്യാഗങ്ങള്‍ക്ക് സൗദി തയാറാകുമോ എന്നതും സംശയമാണ്. ഇപ്പോള്‍ തന്നെ ഒപെകില്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പാദന നിയന്ത്രണം നടപ്പിലാക്കുന്നത് സൗദിയാണ്. അതേസമയം ഇറാഖ്, നൈജീരിയ തുടങ്ങിയ അംഗങ്ങള്‍ ഉല്‍പ്പാദന നിയന്ത്രണവുമായി ബന്ധപ്പെട്ട തങ്ങളുടെ ബാധ്യതകള്‍ നടപ്പിലാക്കുന്നതില്‍ യാതൊരു ഉത്തരവാദിത്തവും കാണിച്ചിട്ടില്ല. ഒപെകിനെ പുറത്ത് നിന്നും പിന്തുണയ്ക്കുന്ന റഷ്യയും ഉല്‍പ്പാദന നിയന്ത്രണത്തില്‍ വലിയ ഉത്സാഹം കാണിച്ചിട്ടില്ല

ശുഭപ്രതീക്ഷകളും അമിത വിതരണവും

2020 എണ്ണവിപണിക്ക് മികച്ച വര്‍ഷമായിരിക്കുമെന്ന സമീപകാല പ്രതീക്ഷ സത്യമാകുകയാണെങ്കില്‍ നിലവിലെ അളവില്‍ തന്നെ ഉല്‍പ്പാദന നിയന്ത്രണം തുടര്‍ന്നാല്‍ മതിയാകും. അമേരിക്ക-ചൈന വ്യാപാരയുദ്ധം അവസാനിച്ചേക്കുമെന്ന പ്രതീക്ഷയും മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ചയും മൂലം വിപണിയെ സന്തുലിതമാക്കാന്‍ ഇടപെടണമെന്ന ഒപെകിന് മേലുള്ള സമ്മര്‍ദ്ദത്തില്‍ അയവ് വന്നിട്ടുണ്ടെന്ന് ബര്‍കിന്‍ഡോ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. അമേരിക്കയിലെ ഷെയില്‍ വസന്തത്തിന് ശമനമുണ്ടാകുന്നതോടെ അടുത്ത വര്‍ഷം എണ്ണവില ബാരലിന് 60 ഡോളറിനും മുകളില്‍ എത്തുമെന്നും ഒപെകിന് കൂടുതല്‍ ഉല്‍പ്പാദന നിയന്ത്രണം നടപ്പിലാക്കേണ്ടിവരില്ലെന്നും ഗോള്‍ഡ്മാന്‍ സാക്ക്‌സ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ്, ഡിഎന്‍ബി എഎസ്എ അടക്കമുള്ള നിരവധി ബാങ്കുകള്‍ പ്രവചച്ചിരുന്നു.

അതേസമയം അടുത്ത വര്‍ഷം അമിത എണ്ണ വിതരണമെന്ന പ്രതിസന്ധിയുണ്ടാകുമെന്നും ചില പ്രവചനങ്ങളുണ്ട്. അടുത്ത വര്‍ഷം ആദ്യ പകുതിയിലെങ്കിലും ലോക വിപണികളില്‍ ആവശ്യത്തിലധികം എണ്ണ കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ടാകുമെന്ന് റാപ്പിഡന്‍ എനര്‍ജി ഗ്രൂപ്പ് പ്രസിഡന്റും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന് കീഴിലെ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനുമായിരുന്ന ബോബ് മക്‌നല്ലി പറയുന്നു. വിപണിക്ക് വേണ്ടതിലും 15 ലക്ഷം ബാരല്‍ അധികം എണ്ണയാണ് ഇപ്പോള്‍ ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയും പറയുന്നു. അമിത വിതരണമെന്ന പ്രതിസന്ധിയിലേക്ക് തന്നെയാണ് എണ്ണവിപണി അടുത്തുകൊണ്ടിരിക്കുന്നതെന്ന സൂചനയാണ് ഇത്തരം പ്രവചനങ്ങള്‍ നല്‍കുന്നത്. കൂടുതല്‍ ഉല്‍പ്പാദന നിയന്ത്രണത്തിന് ഒപെക് തയാറാകുക മാത്രമാണ് അതിന് പരിഹാരം. വില വീണ്ടും ഇടിഞ്ഞാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് ഒപെക് നിര്‍ബന്ധിതരാകുമെന്ന ടോട്ടല്‍ എസ് എ സിഇഒ പാട്രിക് പൗയന്റെ അഭിപ്രായവും ഇക്കാര്യം ശരിവെക്കുന്നു. എണ്ണവില ബാരലിന് 60 ഡോളറിലും താഴേക്ക് പോയാല്‍ ഒപെക് ഇടപെടുമെന്നാണ് താന്‍ കരുതുന്നതെന്ന് കഴിഞ്ഞ തിങ്കളാഴ്ച അബുദാബിയിലെ അഡിപെകില്‍ പാട്രിക് പറഞ്ഞു.

എണ്ണവില ഇടിഞ്ഞാല്‍ സൗദിയിലടക്കം പ്രതിസന്ധിയുണ്ടാകും

എണ്ണവിപണിയെ സന്തുലിതമാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതപ്പെടുത്തിയില്ലെങ്കില്‍ ഒപെക് അംഗങ്ങള്‍ക്ക് വളരെ നിരാശാജകമായ സ്ഥിതിവിശേഷമായിരിക്കും വരാന്‍ പോകുന്നത്. അമേരിക്കയുടെ ഉപരോധങ്ങളാല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ അമരുന്ന ഇറാന് നിലവിലെ എണ്ണവിലയുടെ മൂന്നിരട്ടിയായ- ബാരലിന് 195 ഡോളര്‍ നിലവാരത്തിലുള്ള വില വന്നെങ്കില്‍ മാത്രമേ അടുത്ത വര്‍ഷത്തെ സര്‍ക്കാര്‍ ചിലവുകളെ മറികടക്കാന്‍ സാധിക്കുകയുള്ളുവെന്ന് അന്താരാഷ്ട്ര നാണ്യനിധി പറയുന്നു. സമാനമായി എണ്ണയുല്‍പ്പാദന തകര്‍ച്ചയെ തുടര്‍ന്ന് വെനസ്വെല ഇതുവരെ കാണാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കും സാമൂഹിക തകര്‍ച്ചയിലേക്കുമാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. മറ്റൊരു ഒപെക് അംഗമായ ഇറാഖില്‍ ആഴിമതിക്കും സാമ്പത്തിക സ്തംഭനത്തിനുമെതിരേയുള്ള രക്തരൂഷിത പ്രതിഷേധങ്ങള്‍ ആളിക്കത്തുകയാണ്.

ഒപെകിലെ എറ്റവും വലിയ ഉല്‍പ്പാദകരും ലോകത്തിലെ സമ്പന്ന രാജ്യങ്ങളില്‍ ഒന്നുമായ സൗദി അറേബ്യയില്‍ പോലും എണ്ണവില ബാരലിന് 84 ഡോളറില്‍ എത്തിയെങ്കില്‍ മാത്രമേ ആസൂത്രണം ചെയ്തത് പോലെ സര്‍ക്കാര്‍ ചിലവിടല്‍ നടക്കുകയുള്ളുവെന്ന് അന്താരാഷ്ട്ര നാണ്യനിധിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. സൗദി അരാംകോയുടെ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് തയാറെടുക്കുന്നതിനാലും എണ്ണവില തകര്‍ച്ച ഒഴിവാക്കേണ്ടത് സൗദിക്ക് അനിവാര്യമാണ്.

എണ്ണവിലത്തകര്‍ച്ചയുടെ പ്രത്യാഘാതങ്ങള്‍ ഒപെക് രാജ്യങ്ങളില്‍ മാത്രം ഒതുങ്ങുന്ന ഒന്നായിരിക്കില്ല. എണ്ണവില കുറഞ്ഞതിന് ശേഷം അമേരിക്കയില്‍ ഷെയില്‍ ഉല്‍പ്പാദനത്തില്‍ കുറവ് വന്നിട്ടുണ്ടുണ്ട്. ഇവിടെ ഖനന ചിലവുകള്‍ താങ്ങാനാകാത്ത സ്ഥിതി നിലവിലുണ്ട്. ഉല്‍പ്പാദനം കൂട്ടാന്‍ കൂടുതല്‍ നിക്ഷേപത്തിന് തയ്യാറാകാതെ പല നിക്ഷേപകരും കമ്പനികളില്‍ നിന്നും വിഹിതം തിരികെ ആവശ്യപ്പെടുകയാണ്. കൂടുതല്‍ ഉല്‍പ്പാദന നിയന്ത്രണത്തിന് ഒപെക് പ്ലസ് തയാറായില്ലെങ്കില്‍ അമേരിക്കയിലെ ഷെയില്‍ ഖനനത്തില്‍ 20 ശതമാനം കുറവുണ്ടായേക്കാമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലിയിലെ മാര്‍ട്ടിജിന്‍ പറയുന്നത്.

നിലവിലെ അവസ്ഥയില്‍ എണ്ണവില ക്രമപ്പെടുത്താന്‍ ഇടപെടാതിരിക്കുന്നത് ഒപെകിന് സംബന്ധിച്ച് ആത്മഹത്യാപരമാണ്. എണ്ണവിപണിയെ സന്തുലിതമാക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട ഒരു സംഘടന വിപണിയില്‍ എണ്ണ കെട്ടിക്കിടക്കാന്‍ അനുവദിക്കുന്നത് അവരുടെ ആധികാരികതയും വിശ്വാസ്യതയും തകര്‍ക്കും. എണ്ണവിപണിയുടെ നിയന്ത്രിതാവെന്ന ഒപെകിന്റെ സ്ഥാനം നഷ്ടമായെന്നാണ് ഇറ്റാലിയന്‍ എണ്ണക്കമ്പനിയായ സാറാസ് എസ്പിഎ സിഇഒ ആയ ദരിയോ സ്‌കഫാര്‍ഡി പറയുന്നത്. ‘അവര്‍ അവരുടെ നിയന്ത്രണരേഖയിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു’

മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ നിരീക്ഷണങ്ങള്‍

  • എണ്ണവില 30 ശതമാനത്തോളം ഇടിയും
  • അമിതവിതരണമുണ്ടാകും
  • ആവശ്യകതയേക്കാള്‍ രണ്ടിരട്ടി വേഗത്തില്‍ വിതരണം കൂടും
  • അമേരിക്കയിലെ ഷെയില്‍ ഖനനത്തില്‍ 20 ശതമാനം കുറവുണ്ടാകും

    ശുഭപ്രതീക്ഷ

അമേരിക്കയിലെ ഷെയില്‍ വസന്തത്തിന് ശമനമുണ്ടാകുന്നതോടെ അടുത്ത വര്‍ഷം എണ്ണവില ബാരലിന് 60 ഡോളറിനും മുകളില്‍ എത്തുമെന്നും ഒപെകിന് കൂടുതല്‍ ഉല്‍പ്പാദന നിയന്ത്രണം നടപ്പിലാക്കേണ്ടിവരില്ലെന്നും ഗോള്‍ഡ്മാന്‍ സാക്ക്‌സ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ്, ഡിഎന്‍ബി എഎസ്എ അടക്കമുള്ള നിരവധി ബാങ്കുകള്‍ കഴിഞ്ഞിടെ പ്രവചച്ചിരുന്നു

Comments

comments

Categories: Arabia
Tags: Oil, OPEC