പുതിയ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിനെ സിനിമയിലെടുത്തു

പുതിയ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിനെ സിനിമയിലെടുത്തു

‘നോ ടൈം ടു ഡൈ’ എന്ന അടുത്ത ജെയിംസ് ബോണ്ട് പടത്തിലാണ് അഭിനയിക്കുന്നത്

ലണ്ടന്‍: പുതു തലമുറ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ സിനിമയില്‍ അഭിനയിക്കുന്നു. ‘നോ ടൈം ടു ഡൈ’ എന്ന അടുത്ത ജെയിംസ് ബോണ്ട് പടത്തിലാണ് പുതിയ ഡിഫെന്‍ഡര്‍ പ്രത്യക്ഷപ്പെടുന്നത്. സിനിമയുടെ മേക്കിംഗ് വീഡിയോകളിലൊന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ പുറത്തുവിട്ടു. വിജനമായ പ്രദേശത്ത് നടക്കുന്ന ചേസ് സ്റ്റണ്ട് രംഗങ്ങളാണ് വീഡിയോയില്‍ കാണുന്നത്. ഓഫ് റോഡ് സ്റ്റണ്ടുകള്‍ ചിത്രീകരിക്കുന്നതിന് നിരവധി ഡിഫെന്‍ഡര്‍ എസ്‌യുവികള്‍ ഉപയോഗിച്ചിരിക്കുന്നു. പ്രൊഫഷണല്‍ സ്റ്റണ്ട് ഡ്രൈവര്‍മാരാണ് വാഹനങ്ങള്‍ ഓടിച്ചത്. മാറ്റ് ബ്ലാക്ക് നിറത്തിലുള്ള ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറുകളാണ് സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. സിനിമയില്‍, ഏജന്റ് 007 നെ പിന്തുടരുന്ന സംഘത്തിന്റേതാകണം ഈ ഡിഫെന്‍ഡര്‍ എസ്‌യുവികള്‍.

ഡിഫെന്‍ഡര്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു പുതിയ ജെയിംസ് ബോണ്ട് സിനിമയെന്ന് ലാന്‍ഡ് റോവര്‍ പ്രസ്താവിച്ചു. എന്നാല്‍ അതൊന്നും ഡിഫെന്‍ഡറിനെ തളര്‍ത്തില്ലെന്നും കമ്പനി വ്യക്തമാക്കി. ഓഫ്‌റോഡുകളിലെ ചേസ് സ്റ്റണ്ട് രംഗങ്ങളില്‍ പുതിയ ഡിഫെന്‍ഡര്‍ മതിയെന്ന് തീരുമാനിച്ചിരുന്നതായി സിനിമയുടെ സ്റ്റണ്ട് കോര്‍ഡിനേറ്റര്‍ ലീ മോറിസണ്‍ പറഞ്ഞു. പുതിയ ഡിഫെന്‍ഡര്‍ വിപണിയിലെത്തുന്നതിന് എല്ലാവരും കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പുതു തലമുറ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ ഈയിടെയാണ് ആഗോളതലത്തില്‍ അനാവരണം ചെയ്തത്.

പുതിയ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ അടുത്ത വര്‍ഷം ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഡിഫെന്‍ഡര്‍ 90 (3 ഡോര്‍), ഡിഫെന്‍ഡര്‍ 110 (5 ഡോര്‍) വേര്‍ഷനുകളിലാണ് പുതു തലമുറ ഡിഫെന്‍ഡര്‍ വരുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഡിഫെന്‍ഡര്‍ 110 ആയിരിക്കും അവതരിപ്പിക്കുന്നത്. പുതുതായി വികസിപ്പിച്ച 2.0 ലിറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് പുതിയ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡറിന് കരുത്തേകുന്നത്. 3.0 ലിറ്റര്‍, 6 സിലിണ്ടര്‍, പ്ലഗ്-ഇന്‍ ഹൈബ്രിഡ് എന്‍ജിന്‍ പിന്നീട് നല്‍കും. ഡി7എക്‌സ് എന്ന പുതിയ പ്ലാറ്റ്‌ഫോമാണ് പുതിയ ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ അടിസ്ഥാനമാക്കിയിരിക്കുന്നത്.

Comments

comments

Categories: Auto