മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റാദായം 1472 കോടി രൂപയായി വര്‍ധിച്ചു

മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റാദായം 1472 കോടി രൂപയായി വര്‍ധിച്ചു

ആകെ വായ്പകള്‍ 13 ശതമാനം വര്‍ധിച്ച് 40,390 കോടി രൂപയായി

കൊച്ചി: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ അറ്റാദായം 42 ശതമാനം വര്‍ധിച്ച് 1472 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1033 കോടി രൂപയായിരുന്നു അറ്റാദായം. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ അര്‍ധ വര്‍ഷത്തില്‍ മുത്തൂറ്റ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന ആകെ വായ്പകള്‍ 13 ശതമാനം വര്‍ധിച്ച് 40390 കോടി രൂപയിലും എത്തിയിട്ടുണ്ട്.

സെപ്റ്റംബര്‍ 30ന് അവസാനിച്ച അര്‍ധ വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം കമ്പനിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ മുത്തൂറ്റ് ഹോംഫിന്റെ കൈകാര്യം ചെയ്യുന്ന ആകെ വായ്പകള്‍ 18 ശതമാനം വര്‍ധിച്ച് 2098 കോടി രൂപയിലും എത്തിയിട്ടുണ്ട്. റിസര്‍വ് ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൈക്രോ ഫിനാന്‍സ് കമ്പനിയും സബ്സിഡിയറിയുമായ ബെല്‍സ്റ്റാര്‍ മൈക്രോ ഫിനാന്‍സ് മുന്‍ വര്‍ഷം ഇതേ കാലയളവിലെ 29 കോടി രൂപയുടെ സ്ഥാനത്ത് 51 കോടി രൂപ അറ്റാദായമുണ്ടാക്കി. മുത്തൂറ്റ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ് മുന്‍ വര്‍ഷം ഇതേ കാലയളവിലെ ആറ് കോടി രൂപയുടെ സ്ഥാനത്ത് ഏഴ് കോടി രൂപയാണ് അറ്റാദായം കൈവരിച്ചത്.

ഗ്രൂപ്പിന്റെ സംയോജിത വായ്പാ ആസ്തികള്‍ 13 ശതമാനം വര്‍ധിച്ച് 40,390 കോടി രൂപയിലെത്തിയതായി പ്രഖ്യാപിക്കുവാന്‍ തങ്ങള്‍ക്കേറെ ആഹ്ലാദമുണ്ടെന്ന് ചെയര്‍മാന്‍ എംജി ജോര്‍ജ്ജ് മുത്തൂറ്റ് പറഞ്ഞു. സംയോജിത അറ്റാദായം മുന്‍ വര്‍ഷത്തെ 1033 കോടി രൂപയില്‍ നിന്ന് 1472 കോടി രൂപയിലെത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ത്രൈമാസത്തില്‍ മൂന്ന് അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സികള്‍ കമ്പനിയുടെ റേറ്റിംഗ് നടത്തിയതായി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് അലക്സാണ്ടര്‍ മൂത്തൂറ്റ് ചൂണ്ടിക്കാട്ടി. ഫിച്ച് റേറ്റിംഗ് ബിബി പ്ലസ് സ്റ്റേബിളും, എസ് ആന്‍ഡ് പി ഗ്ലോബല്‍ ബിബി സ്റ്റേബിളും മൂഡീസ് ബിഎ2 സ്റ്റേബിളും ആണ് നല്‍കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 2019 ഒക്ടോബറില്‍ കമ്പനി 450 ദശലക്ഷം ഡോളറിന്റെ സീനിയര്‍ സെക്യൂര്‍ഡ് നോട്ട്സ് സമാഹരിച്ചിരുന്നു. ഇത്തരത്തിലുള്ള ഇഷ്യൂ നടത്തുന്ന ആദ്യ സ്വകാര്യ മേഖലാ ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായിരുന്നു തങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: FK News