വൈകിയ അത്താഴം സ്ത്രീകളില്‍ ഹൃദ്രോഗമുണ്ടാക്കും

വൈകിയ അത്താഴം സ്ത്രീകളില്‍ ഹൃദ്രോഗമുണ്ടാക്കും

വൈകുന്നേരം കൂടുതല്‍ കലോറി കഴിക്കുന്നത് സ്ത്രീകളിലെ ആരോഗ്യം മോശമാക്കുന്നുവെന്ന് പുതിയ ഗവേഷണങ്ങള്‍ കണ്ടെത്തി. ഭക്ഷണ സമയം കാര്‍ഡിയോമെറ്റബോളിക് ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം തെളിയിക്കുന്നു. നേരത്തെ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന് കാണിക്കുന്നു, അതേസമയംഭക്ഷണം വൈകിപ്പിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കാനും ഉപാപചയ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കാനും ഇടയാക്കും.

ഇത് പ്രമേഹവും ഹൃദ്രോഗവും ഉണ്ടാകാനുള്ള സാധ്യത ഉയര്‍ത്തുന്നു. എലികളിലും മനുഷ്യ പങ്കാളികളിലും, കര്‍ശനമായ ഭക്ഷണ സമയം ക്രമീകരിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്. വൈകുന്നേരം കൂടുതല്‍ കലോറി കഴിക്കുന്നത് സ്ത്രീകളുടെ ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് പഠനം സൂചിപ്പിക്കുന്നു. ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റി വാഗെലോസ് കോളേജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സിലെ അസോസിയേറ്റ് റിസര്‍ച്ച് സയന്റിസ്റ്റായ നൂര്‍ മകരേം, ആണ് ഭക്ഷണ രീതികളും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധം സംബന്ധിച്ച പുതിയ പഠനത്തിന് നേതൃത്വം നല്‍കിയത്. ഇവര്‍ ആരോഗ്യമുള്ള ശരാശരി 33 വയസ്സ് പ്രായമുള്ള 112 സ്ത്രീകളെ പഠനത്തില്‍ പങ്കെടുപ്പിച്ചു. രക്തസമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍, രക്തത്തിലെ പഞ്ചസാര, ശാരീരിക പ്രവര്‍ത്തനങ്ങള്‍, ഭക്ഷണക്രമം, ഭാരം, പുകവലി എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി, ഗവേഷകര്‍ ഓരോ പങ്കാളിയുടെയും ഒരു ഹൃദയ ആരോഗ്യം കണക്കാക്കി. വൈകുന്നേരം 6 മണിക്ക് ശേഷം കൂടുതല്‍ കലോറി ഉപയോഗിക്കുന്നവരില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ വികസിക്കുന്നതായി ഗവേഷണം വെളിപ്പെടുത്തി. വാസ്തവത്തില്‍, വൈകുന്നേരം 6 മണിക്ക് ശേഷം ഓരോ ഒരു ശതമാനം കലോറി വര്‍ദ്ധനവിനും, ഹൃദയാരോഗ്യ സ്‌കോര്‍ കുറഞ്ഞു. രക്തസമ്മര്‍ദ്ദവും ബോഡി മാസ് സൂചികയും വര്‍ദ്ധിച്ചു, രക്തത്തിലെ പഞ്ചസാര നിയന്ത്രണവും താറുമാറായി. രാത്രി 8 മണിക്ക് ശേഷമുള്ള വിശകലനവും സമാന ഫലങ്ങള്‍ നല്‍കി. പങ്കെടുത്തവരില്‍ 44% പേര്‍ക്കും വൈകുന്നേരം കൂടുതല്‍ കലോറി കഴിക്കുമ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുണ്ടായിരുന്നു.

Comments

comments

Categories: Health