ഇനി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിപ്ലവ കാലമോ….?

ഇനി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വിപ്ലവ കാലമോ….?

മൈക്രോസോഫ്റ്റ് വിന്‍ഡോസടക്കം കുത്തകാവകാശമുള്ള പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകള്‍ ചൂഷണങ്ങളും നിയമനടപടികളും വര്‍ധിപ്പിച്ചതോടെ പ്രസാധന രംഗവും അനുബന്ധ മേഖലകളും കൂടുതല്‍ പ്രതിസന്ധിയിലേക്ക് വീണിരിക്കുകയാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ പ്രധാന്യം ഇതോടെ ഏറെ വര്‍ധിച്ചിരിക്കുന്നു. സ്‌ക്രൈബസ് എന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വരവ് മലയാള പ്രസാധന രംഗത്തിന് പുതിയ ഉണര്‍വ് നല്‍കിയേക്കാം

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഇപ്പോള്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു. വിന്‍ഡോസിന്റെ ഏകാധിപത്യം നിലനിന്നിരുന്ന ഇടത്തിലേക്ക് കടന്നുകയറാന്‍ വര്‍ഷങ്ങളായി പല സോഫ്റ്റ്‌വെയര്‍ കമ്പനികളും ശ്രമിച്ചു വരികയായിരുന്നു. ഉപഭോക്താക്കളുടെ ആഗ്രഹത്തിനും സൗകര്യത്തിനും ഒപ്പം നിന്നതാണ് വിന്‍ഡോസിന്റെ സ്വീകാര്യതയ്ക്ക് കാരണം. മൈക്രോസോഫ്റ്റ് വിന്‍ഡോസ് നിലവില്‍ ഈ രംഗത്തെയാകെ കൈയടക്കി വെച്ചിരിക്കുകയാണ്. നമ്മുടെ പല കംപ്യൂട്ടറുകളിലും വിന്‍ഡോസിന്റെ യഥാര്‍ത്ഥ സോഫ്ന്റ്‌വെയര്‍ അല്ല ഉപയോഗിക്കുന്നത്. ഇപ്രകാരം വ്യാജ സോഫ്റ്റ്‌വെയര്‍ വാണിജ്യ രംഗത്ത് ഉപയോഗിക്കുന്നതിനെതിരെ വിന്‍ഡോസ് നടപടി ശക്തമാക്കിയിരിക്കുകയാണ്. കേരളത്തിലെ പ്രമുഖരായ പല പ്രസാധകര്‍ക്കും, സ്ഥാപനങ്ങള്‍ക്കും വലിയ തുക വിന്‍ഡോസിന് പിഴയായി നല്‍കേണ്ട സ്ഥിതി ഉണ്ടായി.

കമ്പനികള്‍ക്കോ വ്യക്തികള്‍ക്കോ ഉടമസ്ഥാവകാശമുള്ള പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകളുടെ ചൂഷണത്തില്‍ നിന്നും സോഫ്റ്റ്‌വെയര്‍ രംഗത്തു വളര്‍ന്നു വരുന്ന പ്രതിസന്ധിയില്‍ നിന്നും മലയാള പ്രസാധന രംഗത്തെ രക്ഷിക്കാന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകള്‍ പരിശോധിക്കുന്ന ഉച്ചകോടി അടുത്തിടെ തിരുവനന്തപുരത്ത് നടന്നിരുന്നു. പ്രസാധന സ്വാശ്രയത്വ ഉച്ചകോടി കേരള മീഡിയ അക്കാദമിയുടെ നേതൃത്വത്തിലാണ് നടന്നത്. അക്ഷരവിന്യാസം, രൂപകല്‍പ്പന, അച്ചടി, വാര്‍ത്താ പരിപാലനം, വിവരശേഖര പരിപാലനം, ഓഫീസ് നിര്‍വഹണം തുടങ്ങിയ മേഖലകളിലെല്ലാം സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ നടപ്പിലാക്കിക്കൊണ്ട് പ്രസാധന രംഗം പൂര്‍ണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയറില്‍ അധിഷ്ഠിതമാക്കി മാറ്റുമെന്ന് ഉച്ചകോടിയില്‍ പ്രഖ്യാപിച്ചു.

പ്രൊപ്രൈറ്ററി ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും സോഫ്റ്റ്‌വെയറുകളും കുത്തക സ്ഥാപിച്ചതോടെ പ്രസാധനവുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ പ്രതിസന്ധി രൂപപ്പെടുകയാണ്. സോഫ്റ്റ്‌വെയറുകളുടെ വില ഗണ്യമായി ഉയര്‍ത്തിയതും, സോഫ്റ്റ്‌വെയറുകളുടെ അംഗീകൃതമല്ലാത്ത പകര്‍പ്പുകള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്തി ഭീമമായ പിഴ ഈടാക്കിയതും പ്രതിസന്ധി രൂക്ഷമാക്കി. ചെറുകിട പ്രസാധകര്‍ക്കും, വ്യവസായികള്‍ക്കും പിടിച്ചു നില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടായിരിക്കുന്നു. വ്യവസായ ശാലകളിലെ കണക്കുകളും, ഫയലുകളും, മലയാള പ്രസിദ്ധീകരണങ്ങള്‍ രൂപകല്‍പ്പന ചെയ്യാനും ഇക്കാലമത്രയും നാം ആശ്രയിച്ചിരുന്നത് പ്രൊെ്രെപറ്ററി സോഫ്റ്റ്‌വെയറുകളെയാണ്. ഉയര്‍ന്ന വില കാരണം നമ്മുടെ ചില ഡിറ്റിപി സെന്ററുകള്‍ ഉള്‍പ്പെടെ ചില സ്ഥാപനങ്ങള്‍ ഇവയുടെ അനധികൃത പതിപ്പുകളാണ് ഉപയോഗിച്ചു വരുന്നത്. ഇന്ന് ഇവ അതിവേഗം കണ്ടെത്താനും ലക്ഷങ്ങള്‍ പിഴ ചുമത്താനും കമ്പനികള്‍ക്ക് എളുപ്പം കഴിയുന്നു. എത്ര വില ഉയര്‍ത്തിയാലും അതല്ലാതെ മറ്റു മാര്‍ഗ്ഗമില്ല എന്ന അവസ്ഥ സൃഷ്ടിച്ച് ഏകപക്ഷീയമായ നിയന്ത്രണങ്ങളും നിരോധങ്ങളും ഏര്‍പ്പെടുത്തിയത് ഉപഭോക്താക്കളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു എന്നതാണ് സത്യം.

ഇടത്തരം വ്യവസായ, പ്രസാധക സ്ഥാപനങ്ങളിലെ കംപ്യൂട്ടറുകളിലെല്ലാം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും സോഫ്റ്റ്‌വെയറുകളും വാങ്ങി ഉപയോഗിക്കാന്‍ കോടിക്കണക്കിനു രൂപ കാലാകാലം ചെലവാക്കേണ്ട ദുഃസ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് സ്വതന്ത്ര സോഫ്റ്റ്‌വെയറുകളാണ് രക്ഷാമാര്‍ഗ്ഗം എന്ന ബോധ്യത്തില്‍ ഇപ്പോള്‍ എല്ലാവരും എത്തിച്ചേര്‍ന്നിരിക്കുന്നത്. വ്യാപകമായി ഇവ നടപ്പിലാക്കി വരുന്നതായി ഇപ്പോള്‍ കാണുന്നുണ്ട്. കംപ്യൂട്ടറിന്റെ അടിസ്ഥാന മേഖലകളായ ടൈപ്പ് സെറ്റിംഗ്, ഡിസൈനിംഗ്, അച്ചടി തുടങ്ങിയവ വിലയേറിയ പ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയറുകളെ ആശ്രയിച്ചു നിലനില്‍ക്കുന്നതിനാല്‍ പ്രതിസന്ധി നേരിടുകയാണ്. സ്‌ക്രൈബസ് (Scribus) എന്ന സോഫ്റ്റ്‌വെയറിന് അടുത്തിടെ ഉണ്ടായ വികാസം ഈ പ്രതിസന്ധിക്കു പരിഹാരം ആയേക്കുമെന്നാണ് വിലയിരുത്തല്‍. ഇതിനൊപ്പം പ്രസാധന രംഗത്തെ മറ്റ് ആവശ്യങ്ങള്‍ക്കുള്ള ചില സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും വികസിപ്പിക്കാനുള്ള സാധ്യത തെളിഞ്ഞിട്ടുണ്ട്. കൂടുതല്‍ യൂണിക്കോഡ് ഫോണ്ടുകള്‍ രൂപകല്‍പ്പന ചെയ്യേണ്ടതുമുണ്ട്.

പ്രസാധനം പോലെ തന്നെ അച്ചടി വ്യവസായം, ഡിറ്റിപി വ്യവസായം, ഡിസൈനിംഗ് മേഖല എന്നിവയെയും വലിയതോതില്‍ ഈ പ്രതിസന്ധികള്‍ ബാധിക്കുവാന്‍ പോകുകയാണ്. ഈ മേഖലകളിലെയെല്ലാം സ്ഥാപനങ്ങളുടെയും പ്രൊഫഷണലുകളുടെയും പുതിയ കൂട്ടായ്മ രൂപപ്പെടുത്തിക്കൊണ്ട് മാത്രമേ ഈ സാഹചര്യങ്ങളോടു പൊരുതി നില്‍ക്കാനാകൂ എന്നതാണ് ഉരുത്തിരിഞ്ഞു വരുന്ന സാഹചര്യം. വിലപിടിച്ച സാങ്കേതിക വിദ്യകള്‍ സ്വായത്തമാക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ സാമ്പത്തിക സഹകരണത്തിന്റെ മേഖലകള്‍ തുറക്കേണ്ടതുണ്ട്. അതേപ്പറ്റിയെല്ലാം ഗൗരവമായി ആലോചിക്കാനും സഹകരിക്കാവുന്ന മേഖലകളില്‍ കൂട്ടായ്മ രൂപപ്പെടുത്താനുമുള്ള പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് ഉച്ചകോടി സംഘടിപ്പിച്ചതെന്ന് മീഡിയ അക്കാദമി ചെര്‍മാന്‍ ആര്‍ എസ് ബാബു പറഞ്ഞു.

പേജ് രൂപകല്‍പ്പനയ്ക്കുള്ള ഒരു സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉണ്ടാകുക എന്നതാണ് പ്രധാന പരിഹാരം. ആ വഴിയ്ക്കുള്ള നിരവധി വര്‍ഷത്തെ ശ്രമങ്ങള്‍ ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നു. മലയാള പത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യാവുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നു. സ്‌ക്രൈബസ് സോഫ്റ്റ്‌വെയറില്‍ ലാറ്റിനിതര ഭാഷകള്‍ക്ക് ചില മാറ്റങ്ങള്‍ വരുത്താന്‍ കഴിഞ്ഞതാണ് ഇതിനു വഴിയൊരുക്കിയത്. ഒമാന്‍ സര്‍ക്കാരിന്റെ ധനസഹായത്തോടെ നടന്ന ഈ പരിശ്രമത്തിന്റെ വിജയം, മലയാളത്തിനായി ഇതിനെ രൂപപ്പെടുത്താന്‍ അവസരമൊരുക്കി. ഹൈഫനേഷന്‍ പോലെ മലയാളം ലേ ഔട്ടിലെ കീറാമുട്ടി ആയിരുന്ന പ്രശ്‌നങ്ങളില്‍ ചിലതിനും ഇതിനിടെ പരിഹാരം ഉണ്ടായി. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രംഗം തീര്‍ച്ചയായും ഒരു വിപ്ലവ പാതയിലാണ്.

Categories: FK Special, Slider
Tags: software