പരിഷ്‌കരണങ്ങളുടെ ഫലം കാണേണ്ടിയിരിക്കുന്നു

പരിഷ്‌കരണങ്ങളുടെ ഫലം കാണേണ്ടിയിരിക്കുന്നു

രണ്ടാം പാദത്തിലെ വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയാകുമെന്ന നിഗമനങ്ങള്‍ വിപണിക്ക് ആശങ്ക നല്‍കുന്നതാണ്

സാമ്പത്തിക മാന്ദ്യം നേരിടാനുള്ള പരിഷ്‌കരണ പാക്കേജുകളുടെ ഫലങ്ങള്‍ ഇനിയും ദൃശ്യമായിത്തുടങ്ങിയിട്ടില്ല. അതിനിടെയാണ് ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം) നിരക്കുകളെ കുറിച്ച് ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ വീണ്ടും പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം വന്ന റിപ്പോര്‍ട്ടനുസരിച്ച് രണ്ടാം പാദത്തിലെ ജിഡിപി വളര്‍ച്ച അഞ്ച് ശതമാനത്തില്‍ താഴെ ആകും. തിരിച്ചുവരാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഒട്ടും സന്തോഷം നല്‍കുന്ന വാര്‍ത്തയല്ല ഇത്.

രണ്ടാം പാദത്തിലെ വളര്‍ച്ചാ നിരക്കായി കെയര്‍ ഏജന്‍സി കണക്കുകൂട്ടുന്നത് 4.5 ശതമാനമാണ്, എച്ച്ഡിഎഫ്‌സി ബാങ്ക് 4.8 ശതമാനവും ഐസിആര്‍എ 4.7 ശതമാനവും ക്രിസില്‍ അഞ്ച് ശതമാനത്തിന് താഴെയും. പൊതുവെ മിക്ക റേറ്റിംഗ് ഏജന്‍സികളും പ്രവചിക്കുന്നത് ജിഡിപി നിരക്ക് അഞ്ച് ശതമാനത്തിന് താഴെ പോകുമെന്നാണ്. നിക്ഷേപ വളര്‍ച്ചയിലെയും ഉപഭോഗത്തിലെയും കുറവും പണലഭ്യതാ പ്രശ്‌നങ്ങളും രണ്ടാം പാദത്തെ കാര്യമായി തളര്‍ത്തിയിരിക്കയാണ്. 2020 സാമ്പത്തിക വര്‍ഷത്തില്‍ ലക്ഷ്യം വെക്കുന്ന ജിഡിപി വളര്‍ച്ചാ നിരക്കിലും ഇത് പ്രതിഫലിച്ചേക്കും. മൂന്നാം പാദത്തിലെയും നാലാം പാദത്തിലെയും പ്രകടനത്തെ ആശ്രയിച്ചിരിക്കും അവസാന ചിത്രം. കെയര്‍ ഏജന്‍സിയുടെ പ്രവചനമനുസരിച്ച് 2020ലെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6.2 ശതമാനമാണ്. അത് മാറ്റത്തിന് വിധേയമാണെന്ന മുന്നറിയിപ്പു കൂടി കണക്കിലെടുക്കണം. മറ്റ് നിരവധി ഏജന്‍സികള്‍ ആറ് ശതമാനത്തില്‍ താഴെയാണ് ഈ സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്ക്് പ്രവചിക്കുന്നത്. 2022 ആകുമ്പോഴേക്കും അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയെന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യം യാഥാര്‍ത്ഥ്യവല്‍ക്കരിക്കാന്‍ ഈ വളര്‍ച്ചാ ആവേഗം മതിയാകില്ലെന്നത് തീര്‍ച്ചയാണ്. എട്ട് ശതമാനം ജിഡിപി നിരക്കെങ്കിലും സ്ഥിരതയോടെ നിലനിര്‍ത്തിയാല്‍ മാത്രമേ ഒരു കുതിച്ചുചാട്ടത്തിന് വകുപ്പൊള്ളൂ.

വ്യവസായ ഉല്‍പ്പാദന സൂചികയിലും വമ്പന്‍ തളര്‍ച്ചയാണുണ്ടായിരിക്കുന്നത്. ഖനനരംഗത്തെ വളര്‍ച്ച 14 ശതമാനത്തില്‍ നിന്ന് 8.5 ശതമാനത്തിലേക്കാണ് ഇടിഞ്ഞത്. ഉല്‍പ്പാദനരംഗം -3.9 ശതമാനത്തിലേക്കും. ഉപഭോക്തൃ ആവശ്യകതയിലെ രൂക്ഷമായ ഇടിവാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. മോട്ടോര്‍ വാഹനങ്ങളുടെ ഉല്‍പ്പാദനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന വളര്‍ച്ച -14.9 ശതമാനമാണ്. മൂലധന ചരക്കുകളുടെ കാര്യത്തിലും വൈദ്യുതിയുടെ കാര്യത്തിലും എല്ലാം തളര്‍ച്ച പ്രകടമാണ്.

ഡിസംബറില്‍ വരാനിരിക്കുന്ന ധനനയ അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിരക്കുകളില്‍ വീണ്ടും ഇളവ് വരുത്താനാണ് സാധ്യത. വിപണിക്ക് പ്രതീക്ഷ നല്‍കുന്നു അത്. സാമ്പത്തിക മാന്ദ്യത്തെ പ്രതിരോധിക്കാന്‍ കേന്ദ്രം ആവിഷ്‌കരിച്ച പദ്ധതികളുടെ ഫലം കണ്ടുതുടങ്ങിയിട്ടില്ല. അധികം വൈകാതെ വിവിധ മേഖലകളില്‍ അത് ദൃശ്യമായി തുടങ്ങുമെന്നും പ്രതീക്ഷ വെക്കാം. 25,000 കോടി രൂപയുടെ റിയല്‍റ്റി പാക്കേജും കോര്‍പ്പറേറ്റ് നികുതിയിലെ കുറവുമെല്ലാം മാറ്റങ്ങളുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് ബിസിനസ് ലോകം.

Categories: Editorial, Slider
Tags: GDP growth