ഐടി മേഖലയില്‍ ഇത് ഫയറിംഗിന്റെ കാലം, ഹയറിംഗിന്റെയും

ഐടി മേഖലയില്‍ ഇത് ഫയറിംഗിന്റെ കാലം, ഹയറിംഗിന്റെയും

ജീവനക്കാരെ പിരിച്ചുവിടുന്ന തിരക്കിലാണ് പ്രമുഖ ഐടി കമ്പനികള്‍. ആഗോളമാന്ദ്യം, ചെലവ് ചുരുക്കല്‍ എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് ഇന്‍ഫോസിസും കാപ്‌ജെമിനിയും കോഗ്‌നിസെന്റും ആയിരക്കണക്കിനു ജീവനക്കാരെ ഫയര്‍ ചെയ്തു അഥവാ പിരിച്ചുവിട്ടു. ഇന്ത്യയിലെ ഐടി കമ്പനികള്‍ വരുമാനത്തിനായി കൂടുതലും ആഗോള ക്ലൈന്റുകളെയാണ് ആശ്രയിക്കുന്നത്. ആഗോളരംഗത്ത് മാന്ദ്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതിനാല്‍ ഐടി കമ്പനികളുടെ ബിസിനസിനെ അത് ബാധിച്ചു. ഇതേ തുടര്‍ന്നാണു ജീവനക്കാരെ പിരിച്ചുവിടാന്‍ കമ്പനികള്‍ നിര്‍ബന്ധിതരായത്. പക്ഷേ, ഒരു വശത്ത് ജീവനക്കാരെ പിരിച്ചുവിടുമ്പോള്‍ മറുവശത്ത് കോഗ്‌നിസെന്റ്, ഇന്‍ഫോസിസ് പോലുള്ള കമ്പനികള്‍ പുതുമുഖങ്ങളെ അഥവാ ഫ്രെഷേഴ്‌സിനെ നിയമിക്കുന്നുമുണ്ട്.

കോഗ്‌നിസെന്റ്, ഇന്‍ഫോസിസ്, കാപ്‌ജെമിനി തുടങ്ങിയ ഐടി മേഖലയില്‍നിന്നുള്ള നിരവധി കമ്പനികള്‍ അടുത്തിടെ ജീവനക്കാരെ പിരിച്ചുവിടുന്ന വാര്‍ത്ത നമ്മളില്‍ പലരും വായിച്ചു. സമ്പൂര്‍ണ മാന്ദ്യം ഉടന്‍ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ ഗ്രസിച്ചേക്കുമെന്ന തോന്നലും ഈ വാര്‍ത്തയിലൂടെ സൃഷ്ടിച്ചിരിക്കുകയാണ്. ബാങ്കിംഗ് ഇതര ധനകാര്യ മേഖലയിലെ (എന്‍ബിഎഫ്‌സി) പ്രതിസന്ധിക്കു ശേഷം സാമ്പത്തിരംഗത്തുണ്ടായ മാന്ദ്യാവസ്ഥയുടെ അലയൊലികള്‍ വാഹന നിര്‍മാണരംഗത്തിന് സമ്മാനിച്ചത് വറുതിയുടെ വര്‍ഷമാണ്. അതിപ്പോള്‍ ഐടി/ഐടി അധിഷ്ഠിത ബിസിനസ് മേഖലയിലേക്കും എത്തുകയാണ്. അവരുടെ വളര്‍ച്ചയെ അത് പ്രത്യക്ഷമായി ബാധിച്ചു തുടുങ്ങിയിട്ടില്ലെങ്കിലും കരുതല്‍ നടപടികള്‍ എന്ന നിലയില്‍ ജീവനക്കാരെ പുതിയതായി നിയമിക്കുന്ന കാര്യത്തിലും(ഹയറിംഗ്), പിരിച്ചുവിടുന്ന കാര്യത്തിലും (ഫയറിംഗ്) കര്‍ക്കശമായ സമീപനം സ്വീകരിച്ചു തുടങ്ങി.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ടെക്‌നോളജി മേഖല ആഗോള ക്ലെയ്ന്റുകളെയാണു കൂടുതല്‍ ആശ്രയിക്കുന്നത്. ഐടി അധിഷ്ഠിത ഔട്ട്‌സോഴ്‌സിംഗിലൂടെയാണു ടെക്‌നോളജി മേഖല ഏറ്റവും കൂടുതല്‍ വരുമാനം നേടുന്നതും. മാന്ദ്യം ലോകമൊട്ടാകെ ബാധിക്കുന്ന അവസരങ്ങളില്‍, ഇന്ത്യന്‍ ഐടി വിപണിയില്‍ കൂടുതല്‍ നാശമുണ്ടാവുകയും ചെയ്യുന്നു. കോഗ്‌നിസെന്റ്, ഇന്‍ഫോസിസ് തുടങ്ങിയ ടെക് കമ്പനികള്‍ അടുത്തിടെ നടത്തിയ പിരിച്ചുവിടലുകള്‍ സാമ്പത്തികമാന്ദ്യം യാഥാര്‍ഥ്യമാണെന്ന് എടുത്തുകാണിക്കുന്നു. അതോടൊപ്പം വലിയ ഐടി കമ്പനികളുടെ സ്ഥിതി കൂടുതല്‍ മോശമാക്കുകയും ചെയ്യുന്നു. അധിക ചെലവുകള്‍ കുറയ്ക്കുന്നതിനു കമ്പനികള്‍ അതിവേഗ നടപടികള്‍ കൈക്കൊള്ളുകയാണ്. ചെലവും, ഓട്ടോമേഷനും തൊഴില്‍ശക്തിയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ പ്രധാന പങ്കാണു വഹിക്കുന്നത്. കോഗ്‌നിസെന്റിന്റെ കാര്യം തന്നെ ഉദാഹരണമെടുക്കാം. കോഗ്‌നിസെന്റിന്റെ തൊഴിസേനയുടെ 75 ശതമാനവും ഇന്ത്യയിലാണുള്ളത്. ആഗോളതലത്തില്‍ കോഗ്‌നിസെന്റിന് 2,90,000 ജീവനക്കാരുണ്ടെന്നാണു കണക്ക്. ചെലവ് ചുരുക്കലിന്റെ ഭാഗമായി കോഗ്‌നിസെന്റ് ഇന്ത്യയിലെ അവരുടെ തൊഴില്‍സേനയില്‍നിന്നും 7,000 പേരെയാണു പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചത്. ഇതിനുപുറമേ കണ്ടന്റ് മോഡറേഷന്‍ ബിസിനസ് ഉപേക്ഷിക്കുമെന്നും കോഗ്‌നിസെന്റ് പ്രഖ്യാപിച്ചു. ഫേസ്ബുക്കിന്റെ കണ്ടന്റ് റിവ്യു കോണ്‍ട്രാക്റ്റര്‍മാരാണു കോഗ്‌നിസെന്റ്. മാന്യമായ ത്രൈമാസ ലാഭം റിപ്പോര്‍ട്ട് ചെയ്തിട്ടും കോഗ്‌നിസെന്റ് ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചത് വിമര്‍ശനങ്ങള്‍ക്കിടയാക്കി.

സെപ്റ്റംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ കോഗ്‌നിസെന്റ് 4.25 ബില്യന്‍ ഡോളര്‍ വരുമാനം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 4.2 ശതമാനത്തിന്റെ വര്‍ധനയാണ്. എന്നിട്ടും ജീവനക്കാരെ പിരിച്ചുവിട്ടു. ജീവനക്കാരെ ജോലിക്ക് എടുക്കുന്ന കാര്യമെടുത്താല്‍ കോഗ്‌നിസെന്റ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ഫ്രെഷേഴ്‌സിനെയാണ് അഥവാ പുതുമുഖങ്ങളെയാണ്. എന്‍ട്രി ലെവല്‍ ജീവനക്കാര്‍ക്ക് (തൊഴിലില്‍ മുന്‍പരിചയം ആവശ്യമില്ലാത്ത വിഭാഗക്കാര്‍/പുതുമുഖങ്ങള്‍) പ്രതിഫലം വര്‍ധിപ്പിച്ചു. അതേസമയം പരിചയസമ്പന്നത കൈവരിച്ച മിഡ്, സീനിയര്‍ ലെവല്‍ തൊഴിലാളികളെയും കഴിവുറ്റ മറ്റ് ചെറുപ്പക്കാരെയും പുറത്താക്കുകയും ചെയ്തു. കൂടുതല്‍ ഫ്രെഷേഴ്‌സിനെ നിയമിക്കുന്നതിലൂടെ കോഗ്‌നിസെന്റ് പ്രതീക്ഷയുടെ പുതുവെട്ടം തെളിച്ചു. എന്നാല്‍, സമീപദിവസം പ്രഖ്യാപിച്ച പിരിച്ചുവിടല്‍ നടപടികളിലൂടെ, മിഡ് ലെവല്‍ ജീവനക്കാര്‍ക്ക് പ്രൊഫഷണല്‍ സ്ഥിരതയെക്കുറിച്ച് ആശങ്കകള്‍ സമ്മാനിക്കുകയും ചെയ്തു. ഇന്‍ഫോസിസില്‍ പിരിച്ചുവിട്ടതായി കണക്കാക്കുന്ന തൊഴിലാളികളുടെ എണ്ണം 4,000-10,000 വരും. ഉയര്‍ന്ന പ്രകടനം നടത്തുന്ന കമ്പനിയെന്ന നിലയില്‍ ബിസിനസ് മുന്നേറാന്‍ ചില ഘട്ടത്തില്‍ ജീവനക്കാരുടെ എണ്ണത്തില്‍ വെട്ടിച്ചുരുക്കല്‍ ആവശ്യമായി വരാറുണ്ടെന്നും അതിനെ കൂട്ടപ്പിരിച്ചുവിടലായി ചിത്രീകരിക്കേണ്ടതില്ലെന്നുമാണ് ഇന്‍ഫോസിസ് വൃത്തങ്ങള്‍ പ്രസ്താവിച്ചത്. സാങ്കേതിക വൈദഗ്ധ്യം ആവശ്യമായി വരുന്നതും, കോസ്റ്റ് ഒപ്റ്റിമൈസേഷനില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വരുന്നതുമാണ് ലേ ഓഫിന് കമ്പനിയെ പ്രേരിപ്പിക്കുന്നതെന്നും ഇന്‍ഫോസിസ് വൃത്തങ്ങള്‍ പറയുന്നു. ബിസിനസ് മൂല്യ വര്‍ധിപ്പിക്കുമ്പോള്‍ തന്നെ ചെലവ് കുറയ്ക്കുന്നതിനു സ്വീകരിക്കുന്ന അച്ചടക്കമാണു കോസ്റ്റ് ഒപ്റ്റിമൈസേഷന്‍. ഇന്‍ഫോസിസ്, കോഗ്‌നിസെന്റ് എന്നീ കമ്പനികള്‍ പുതുതായി പഠിച്ചിറങ്ങിയവരെ ഹയര്‍ ചെയ്യുന്നതിനുള്ള കാരണം അതിലൂടെ ചെലവ് ചുരുക്കുക മാത്രമല്ല, സാങ്കേതിക വൈദഗ്ധ്യം പുതുക്കാനും വിദഗ്ധരായ ഫ്രെഷേഴ്‌സിലൂടെ കമ്പനിക്കു സാധിക്കുന്നുണ്ട്.

ഇന്ത്യയുടെ തൊഴില്‍രംഗത്തെ പോസിറ്റീവ് വശം

വന്‍കിട ഐടി കമ്പനികള്‍ തൊഴിലാളികളെ പിരിച്ചുവിടുന്നത് ആശങ്കയേകുന്നുണ്ടെങ്കിലും ഇന്ന് ഇന്നൊവേഷന്‍ പുതിയ പ്രതീക്ഷയേകുന്നുണ്ട്. ഈ വര്‍ഷം 1,300 ല്‍ അധികം ബിസിനസുകള്‍ വിപുലീകരിച്ചതോടെ, ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സ്റ്റാര്‍ട്ടപ്പ് ചട്ടക്കൂട് ഒരുക്കിയെന്നു നാസ്‌കോം പറയുന്നു. ഈ വര്‍ഷം ഓഗസ്റ്റ് വരെ ഏഴ് യൂണികോണുകളുടെ വികസനത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചു. ഒരു ബില്യന്‍ ഡോളര്‍ വിലമതിക്കുന്ന സ്വകാര്യ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനികളാണു യൂണികോണ്‍ എന്നു ബിസിനസ് ലോകത്ത് അറിയപ്പെടുന്നത്. സ്റ്റാര്‍ട്ടപ്പുകളിലൂടെ ഏകദേശം 4,30,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടെന്നും ഇതില്‍ 60,000 തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടത് 2019ലായിരുന്നെന്നും നാസ്‌കോം കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 2025-ാടെ 12.5 ലക്ഷം നേരിട്ടുള്ള തൊഴിലുകള്‍ സൃഷ്ടിക്കാന്‍ കഴിയും. 2019-ല്‍ ഇത് 3.9-4.3 ലക്ഷമായിരുന്നു.

സമ്പദ്‌രംഗം ഇനിയും മോശമാകും

ലോകം സാമ്പത്തികമാന്ദ്യത്തിലേക്കാണു നീങ്ങിക്കൊണ്ടിരിക്കുന്നതെന്നു വിദഗ്ധര്‍ പറയുന്നു. അതോടൊപ്പം യുഎസ്-ചൈന വ്യാപാരയുദ്ധം മുറുകുകയും ചെയ്യുന്നതോടെ സമ്പദ്‌രംഗം കൂടുതല്‍ അനിശ്ചിതാവസ്ഥയിലേക്ക് പ്രവേശിക്കും. ഇന്ത്യയില്‍ ക്വാര്‍ട്ടര്‍ലി ജിഡിപി റേറ്റിന്റെ പതനം കാണിക്കുന്നത് രാജ്യം പ്രക്ഷുബ്ധമായ സാഹചര്യത്തിലാണെന്നാണ്. സമ്പദ്‌രംഗത്തെ മാന്ദ്യത്തിനു പുറമേ തൊഴിലിടങ്ങളില്‍ ഓട്ടോമേഷന്‍ നടപ്പിലാക്കുന്നതിനാല്‍ കൂടുതല്‍ ജീവനക്കാരുടെ പിരിച്ചുവിടലുകള്‍ക്ക് വരും ദിവസങ്ങളില്‍ ഇന്ത്യ സാക്ഷ്യം വഹിക്കും. ഓട്ടോമേഷന്‍ ടൂളുകള്‍ ഉപയോഗിച്ച് ഇന്ത്യന്‍ കമ്പനികള്‍ കോസ്റ്റ് ഒപ്റ്റിമൈസേഷന് പ്രാധാന്യം നല്‍കുകയാണ്. പുതുതലമുറ വൈദഗ്ധ്യം അഥവാ ന്യൂ ഏജ് സ്‌കില്‍ ആയിരിക്കും ഇനി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക.

പിങ്ക് സ്ലിപ്പ് എന്ന പേക്കിനാവ്

ടെക്‌നോളജി കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് സുപരിചിതനാമമാണ് പിങ്ക് സ്ലിപ്പ്. ഒരു ഐടി കമ്പനിയിലെ ജോലിക്കാരന് പിങ്ക് സ്ലിപ്പ് ലഭിച്ചു കഴിഞ്ഞാല്‍ അയാള്‍ ആഴ്ചകള്‍ക്കുള്ളിലോ മണിക്കൂറുകള്‍ക്കുള്ളിലോ മറ്റൊരു ജോലി കണ്ടെത്തേണ്ടിയിരിക്കുന്നു. ഭാവിയില്‍ ഒരു വലിയ പ്രൊജക്റ്റ് വിദേശത്തുനിന്നും ലഭിച്ചേക്കുമെന്ന ധാരണയിലാണ് ഇന്ത്യയിലെ പല ഐടി കമ്പനികളും ജീവനക്കാരെ ഹയര്‍ ചെയ്യുന്നത് അഥവാ ജോലിക്കെടുക്കുന്നത്. എന്നാല്‍ വിചാരിച്ചതു പോലെ പ്രൊജക്റ്റ് ലഭിക്കാതെ വരുമ്പോള്‍ ജീവനക്കാരനെ പിരിച്ചുവിടാന്‍ കമ്പനി നിര്‍ബന്ധിതമാകുന്നു. ഇനി മറ്റൊരു വശം കൂടിയുണ്ട്് പിരിച്ചുവിടലിന്. സാധാരണയായി ഒരു ഐടി കമ്പനി റിക്രൂട്ട് ചെയ്യുന്നത് എക്‌സിക്യൂട്ടീവുകളെയാണ്. കമ്പനിയുടെ വിജയം ആശ്രയിച്ചിരിക്കുന്നത് എക്‌സിക്യൂട്ടീവുകളുടെ പ്രകടനത്തിലാണ്. കമ്പനിയുടെ നിലനില്‍പ്പിന് പുതിയ കഴിവുകളുള്ള യുവാക്കളെയാണ് ആവശ്യം. മുതിര്‍ന്നവര്‍ പോകുമ്പോള്‍ അതേ ജോലി ചെയ്യുന്ന ജൂനിയര്‍മാര്‍ കമ്പനിയില്‍ ഉണ്ടാവും. അതുകൊണ്ടു തന്നെ മുതിര്‍ന്നവരുടെ വിട്ടുപോകല്‍ കമ്പനിയെ ഒരുതരത്തിലും ബാധിക്കില്ല. മാത്രമല്ല, കമ്പനിക്ക് വലിയ അളവില്‍ ചെലവ് ചുരുക്കാനുമാകും. ഐടി കമ്പനികള്‍ ജീവനക്കാരെ വെട്ടിച്ചുരുക്കുന്നത് ഇത് ആദ്യമല്ല. വര്‍ഷങ്ങളായി ഈ പ്രവണത തുടരുന്നുണ്ട്. ഐടി മേഖലയില്‍ തൊഴില്‍ തേടുന്ന ഓരോരുത്തരും ഇക്കാര്യം മനസിലാക്കി വേണം ജോലിക്ക് ശ്രമിക്കേണ്ടത്.

Comments

comments

Categories: Top Stories