ഫേസ്ബുക്ക് പേയ്‌മെന്റ് സംവിധാനം അവതരിപ്പിച്ചു

ഫേസ്ബുക്ക് പേയ്‌മെന്റ് സംവിധാനം അവതരിപ്പിച്ചു

സാന്‍ഫ്രാന്‍സിസ്‌കോ: ഫേസ്ബുക്ക് പേ എന്ന പുതിയ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം ബുധനാഴ്ച ഫേസ്ബുക്ക് അവതരിപ്പിച്ചു. പേയ്‌മെന്റുകള്‍ എളുപ്പമാക്കുകയെന്ന ലക്ഷ്യത്തോടെയാണു പുതിയ സേവനം അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ യുഎസില്‍ മാത്രമാണു പേയ്‌മെന്റ് സേവനം ലഭ്യമാവുകയെന്നും ഫേസ്ബുക്ക് അറിയിച്ചു. ഫേസ്ബുക്ക്, മെസഞ്ചര്‍ ആപ്പുകളിലാണ് സേവനം ലഭ്യമാക്കിയിരിക്കുന്നതെങ്കിലും ഭാവിയില്‍ ഇന്‍സ്റ്റാഗ്രാമിലേക്കും വാട്‌സ് ആപ്പിലേക്കും ഈ സേവനം വിപുലപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.

സ്‌ക്വയര്‍, വെന്‍മോ, പേപ്പല്‍, ആപ്പിള്‍ പേ, ഗൂഗിള്‍ പേ തുടങ്ങിയവ ഇപ്പോള്‍ പചാരത്തിലുള്ള പ്രമുഖ പേയ്‌മെന്റ് സര്‍വീസുകളാണ്. ഇവര്‍ക്കിടയിലേക്കാണ് ഇപ്പോള്‍ ഫേസ്ബുക്ക് എത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പേയ്ക്ക് പേപ്പലും, പ്രധാനപ്പെട്ട ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് കമ്പനികളും പിന്തുണ വാഗ്ദാനം ചെയ്തിട്ടുമുണ്ട്. ഫേസ്ബുക്ക് ഉടന്‍ പുറത്തിറക്കുമെന്നു അറിയിച്ചിരിക്കുന്ന കാലിബ്ര വാലറ്റ്, ഡിജിറ്റല്‍ കറന്‍സി ലിബ്ര എന്നിവയില്‍നിന്നും വ്യത്യസ്തമായിരിക്കും ഫേസ്ബുക്ക് പേ എന്നു കമ്പനി അറിയിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പേ എന്ന പേയ്‌മെന്റ് സംവിധാനത്തില്‍ ഫണ്ട് റെയ്‌സര്‍മാര്‍ക്കും (ധനസമാഹരണം നടത്തുന്നവര്‍), മെസഞ്ചറിലെ വ്യക്തിഗത (പേഴ്‌സണ്‍-ടു-പേഴ്‌സണ്‍) പേയ്‌മെന്റുകള്‍ക്കും, ഫേസ്ബുക്ക് മാര്‍ക്കറ്റ്‌പ്ലേസിലെ ബിസിനസുകളില്‍നിന്നും തെരഞ്ഞെടുത്ത പേജുകളില്‍നിന്നുമുള്ള പര്‍ച്ചേസുകളുമായിരിക്കും പ്രോസസ് ചെയ്യുക. ഫേസ്ബുക്ക് പേ സേവനം പ്രയോജനപ്പെടുത്തുന്ന യൂസര്‍മാരുടെ കാര്‍ഡിന്റെയും ബാങ്ക് അക്കൗണ്ടിന്റെയും വിശദാംശങ്ങള്‍ സുരക്ഷിതമായി സംഭരിക്കുകയും എന്‍ക്രിപ്റ്റ് ചെയ്യുകയും അനധികൃത പ്രവര്‍ത്തനം കണ്ടെത്തുന്നതിനു നിരീക്ഷണം നടത്തുകയും അക്കൗണ്ട് പ്രവര്‍ത്തനത്തെക്കുറിച്ചുള്ള അറിയിപ്പുകള്‍ ഉപയോക്താക്കളെ അറിയിക്കുകയും ചെയ്യുമെന്ന് ഫേസ്ബുക്ക് അവകാശപ്പെടുന്നു. എന്നാല്‍ ഫേസ്ബുക്കിന്റെ സമീപകാല ചരിത്രം അറിയുന്നവര്‍ ഈ വാദം വിശ്വാസത്തിലെടുക്കാന്‍ സാധ്യതയില്ലെന്നാണു വിദഗ്ധര്‍ പറയുന്നത്. പേയ്‌മെന്റ്‌സ് എന്നൊരു സേവനം ഫേസ്ബുക്ക് മെസഞ്ചര്‍ നല്‍കുന്നുണ്ടായിരുന്നു. യൂസര്‍മാര്‍ക്ക് അവരുടെ ബാങ്ക് എക്കൗണ്ടുകളില്‍നിന്നും പണം അയയ്ക്കാന്‍ അനുവദിച്ചിരുന്നു. പക്ഷേ, ഇതിന് പ്രധാന ക്രെഡിറ്റ് കാര്‍ഡുകളുടെ പിന്തുണയില്ലായിരുന്നു.

Comments

comments

Categories: Tech