സൈക്കിള്‍ പഴയ സൈക്കിളല്ല; എക്‌സര്‍സൈസ് + എക്‌സ്‌പ്ലൊറേഷന്‍

സൈക്കിള്‍ പഴയ സൈക്കിളല്ല; എക്‌സര്‍സൈസ് + എക്‌സ്‌പ്ലൊറേഷന്‍

പഴയ കാളവണ്ടിയുഗത്തിലേക്ക് ഒരു മടക്കയാത്രയില്ലെങ്കിലും പഴയ സൈക്കിള്‍ യുഗത്തിലേക്ക് ഒരു മടക്കയാത്രയ്ക്ക് ഒരുങ്ങുകയാണ് മലയാളികള്‍. ഇതിന്റെ ഭാഗമായി ദൈനംദിന ജീവിതത്തില്‍ സൈക്കിള്‍ സവാരിയെ കൂട്ടുപിടിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. കൃത്യമായി പറഞ്ഞാല്‍ 2010 മുതലാണ് സൈക്കിള്‍ വിപണരംഗത്ത് പ്രകടമായ ഒരുമാറ്റം വന്നു തുടങ്ങിയത്. മനുഷ്യന്റെ മാറിമാറി വരുന്ന ജീവിതശൈലിയും അതുമൂലമുണ്ടാകുന്ന രോഗങ്ങളുമാണ് പ്രാഥമികമായും സൈക്കിള്‍ യുഗത്തിലേക്ക് മലയാളികളെ മടക്കി വിളിച്ചത്. എന്നാല്‍ പിന്നീട് എക്‌സര്‍സൈസ് എന്നത് എക്‌സ്‌പ്ലൊറേഷന് വഴിമാറി. സൈക്കിളില്‍ നാട് ചുറ്റുന്ന സഞ്ചാരികളുടെ ക്ലബുകള്‍ നിലവില്‍ വന്നു. ഇന്ന് നൂറിലേറെ വരുന്ന സൈക്കിള്‍ ബ്രാന്‍ഡുകളാണ് കേരളത്തിലുള്ളത്. കൊച്ചി , തിരുവനന്തപുരം , കോഴിക്കോട് , മലപ്പുറം തുടങ്ങിയ ജില്ലകള്‍ കേന്ദ്രീകരിച്ച് നൂറോളം സൈക്കിള്‍ ക്ലബുകളും ഇന്ന് പ്രവര്‍ത്തിക്കുന്നു.

അല്പകാലം പിന്നോട്ടൊന്നു മാറി ചിന്തിച്ചാല്‍ സൈക്കിള്‍ എന്ന പദത്തിനൊപ്പം ചേര്‍ത്തുവച്ച കഴിയുന്ന ചിത്രങ്ങളായി മനസിലേക്കെത്തുക പത്രവിതരണക്കാരനും പോലീസുകാരനും പാല്‍ക്കാരനുമൊക്കെയാണ്. ഗ്രാമങ്ങളിലെ പതിവ് കാഴ്ചകളായിരുന്നു ഇവ. എന്നാല്‍ ഇന്ന് അതല്ല അവസ്ഥ. സൈക്കിളുകള്‍ എന്ന് കേള്‍ക്കുമ്പോള്‍ ഇന്ന് മനസിലേക്കെത്തുക ഗിയര്‍ മാറ്റിക്കൊണ്ട് ശരവേഗത്തില്‍ ചീറിപ്പായുന്ന ഹെല്‍മറ്റ് ധരിച്ച റൈഡര്‍മാരുടെ ചിത്രമാണ്. ഒരു കലാത്ത മനുഷ്യന്റെ ഏറ്റവും വിലകുറഞ്ഞ വാഹന സ്വപ്നങ്ങളില്‍ ഒന്നായിരുന്ന സൈക്കിള്‍ ഇന്ന് ഏറെ വിലയുള്ള ഒരു സ്‌പോര്‍ട്ട്‌സ് യൂട്ടിലിറ്റി വെഹിക്കിള്‍ എന്ന ബ്രാന്‍ഡിലേക്ക് ഉയര്‍ന്നിരിക്കുകയാണ്. പുതിയ കാലത്തെ ജീവിതരീതി സമ്മാനിച്ച കൊളസ്‌ട്രോള്‍, അമിതവണ്ണം തുടങ്ങിയ രോഗങ്ങളുമായി ചികിത്സയ്‌ക്കെത്തുമ്പോള്‍ ഡോക്റ്റര്‍മാര്‍ മരുന്നായി നിര്‍ദേശിക്കുന്നത് വ്യായാമമാണ്. എന്നാല്‍ തിരക്കേറിയ ജീവിതശൈലിക്കിടയില്‍ വ്യായാമം ചെയ്യാന്‍ സമയം എവിടെ ? ഈ ചോദ്യമാണ് സൈക്കിളിന്റെ തിരിച്ചു വരവിനു കാരണമായത്. സൈക്കിള്‍ ചവിട്ടുകയെന്നാല്‍ ഏറ്റവും മികച്ച കാര്‍ഡിയാക് വ്യായാമങ്ങളില്‍ ഒന്നാണ്. മാത്രമല്ല, ശരീരത്തിന്റെ ബലം വര്‍ധിക്കാനും മസില്‍ടോണ്‍ ശക്തിപ്പെടാനും സൈക്കിളിംഗ് സഹായിക്കുന്നു. ശരീരം മൊത്തമായി വ്യാപൃതമാകുന്ന ഈ വ്യായാമത്തില്‍ കൈകാലുകള്‍ തമ്മിലും ശരീരവും കണ്ണും തമ്മിലുമൊക്കെയുള്ള ഏകോപനപ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുമെന്നും പ്രമേഹസാധ്യതയും രക്തസമ്മര്‍ദവും കുറയ്ക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

വ്യായാമവും യാത്രയും ഒരുമിച്ച്

ഓഫീസ് തിരക്കുകളില്‍ നിന്ന് ഒന്നൊഴിഞ്ഞു ഒരു യാത്ര പോകണം എന്നാഗ്രഹിക്കുന്നവര്‍ ഇന്ന് സൈക്കിള്‍ യാത്രകള്‍ തെരഞ്ഞെടുക്കുന്നു. ശരീരത്തിന് മികച്ച വ്യായാമം ലഭിക്കുന്നു, യാത്ര ചെലവ് കുറവാണ്, ധാരാളം സ്ഥലങ്ങള്‍ കാണാന്‍ കഴിയും തുടങ്ങി നിരവധി കാരണങ്ങളാണ് ഇതിനു പിന്നിലുള്ളത്. ട്രാഫിക്ക് ബ്ലോക്കുകള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോട് കൂടിയും ഇന്ന് ആളുകള്‍ യാത്രക്കായി സൈക്കിളുകളെ ആശ്രയിക്കുന്നു. എന്നാല്‍ പണ്ടുകാലത്ത് സൈക്കിള്‍ എന്ന് പറഞ്ഞാല്‍ നമ്മുടെ മനസിലേക്ക് ഓടിയെത്തുക ബിഎസ്എ, ഹെര്‍ക്കുലീസ് തുടങ്ങിയ ബ്രാന്‍ഡുകളാണ്. എന്നാല്‍ ഇന്ന് അതല്ല അവസ്ഥ. സ്വിറ്റ്‌സര്‍ലന്‍ഡ് ബ്രാന്‍ഡായ സ്‌കോട്ട് , സ്‌പെഷ്യലൈസ്ഡ്, ട്രക്ക് തുടങ്ങി 100 ലേറെ ബ്രാന്‍ഡുകളാണ് ഇന്ന് കേരള വിപണിയില്‍ സജീവമായിരിക്കുന്നത്.കൊച്ചി, തിരുവനന്തപുരം , കോഴിക്കോട് തുടങ്ങിയ നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് സൈക്കിളിന്റെ വില്‍പന കൂടുതലും പുരോഗമിക്കുന്നത്.

ഫ്രേമിന്റെ ബലം നോക്കി തെരഞ്ഞെടുക്കണം

18000 രൂപ മുതല്‍ അഞ്ചര ലക്ഷം രൂപ വരെ വിലമതിക്കുന്ന സൈക്കിളുകള്‍ ഇന്ന് വിപണിയില്‍ സജീവമാണ്.നിരവധി ബ്രാന്‍ഡുകള്‍ ലഭ്യമായാല്‍ ഏതെടുക്കും എന്ന കാര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് സംശയം വരുന്നത് സ്വാഭാവികം. ഫ്രേമിന്റെ ബലം നോക്കിയാണ് സൈക്കിളുകള്‍ തെരഞ്ഞെടുക്കേണ്ടത്. 10000 രൂപക്ക് താഴെ വിലമതിക്കുന്ന സൈക്കിളുകളുടെ ഫ്രേം ഇരുമ്പ് കൊണ്ടുണ്ടാക്കിയതായിരിക്കും. ശരിയായ രീതിയില്‍ സംരക്ഷിച്ചില്ലെങ്കില്‍ 5 വര്‍ഷത്തിനകം സൈക്കിള്‍ തുരുമ്പെടുത്ത് നശിക്കും. സൈക്കിള്‍ ബോഡി ഇപ്പോഴും അലുമിനിയം അലോയ് കൊണ്ട് നിര്‍മിച്ചതാണുത്തമം. 15000 രൂപ മുതല്‍ 65000 രൂപ വരെയാണ് ഈ വിഭാഗത്തില്‍പെടുന്ന സൈക്കിളുകളുടെ വില. മൂന്നാമത്തെ വിഭാഗമാണ് കാര്‍ബണ്‍ ബോഡി. വില വളരെക്കൂടിയ സൈക്കിളുകളാണിവ തുടക്കവിള തന്നെ ഒരു ലക്ഷം രൂപക്കടുത്ത് വരും. ഈ വിഭാഗത്തില്‍ ഫുള്‍ ഓപ്ഷനോട് കൂടിയ ഒരു സൈക്കിള്‍ വാങ്ങണമെങ്കില്‍ മൂന്നു ലക്ഷം രൂപയെങ്കിലും ചെലവ് വരും.

അലുമിനിയം അലോയ് ബോഡിയുള്ള സൈക്കിളുകളാണ് കൂടുതലും വിറ്റുപോകുന്നത്. ഈ വിഭാഗത്തില്‍ തന്നെ എംടിബി , ഹൈബ്രിഡ് , റോഡ് ബൈക്ക് മോഡലുകള്‍ ലഭ്യമാണ്. വീതി കൂടിയ ടയറുകളോട് കൂടിയ എസ്‌യുവി കാറുകളോട് സാമ്യപ്പെടുത്താന്‍ കഴിയുന്ന സൈക്കിളുകളാണ് എംടിബികള്‍. റഫ് ആയ റോഡുകളില്‍ ഓടിക്കുന്നതിനു ഇത് ഗുണകരമാണ്. ഹൈബ്രിഡ് മോഡലുകള്‍ക്ക് വീതി കുറഞ്ഞ ടയറുകളാണുള്ളത്. വളരെ വേഗത്തില്‍ മികച്ച ദൂരം പിന്നിടുന്നതിനു ഇത്തരത്തില്‍ നേര്‍ത്ത ടയറുകള്‍ സഹായകമാകും. റോഡ് ബൈക്കുകള്‍ ഇലക്ട്രോണിക് ഗിയര്‍ ഷിഫ്റ്റിങ് വിഭാഗത്തില്‍ പെടുന്നവയാണ്. സ്‌പോര്‍ട്‌സ് കാറുകളുമായി താരതമ്യം ചെയ്യാന്‍ കഴിയുന്നവയാണ് ഈ സൈക്കിളുകള്‍. അതിനാല്‍ നിരപ്പായ റോഡുകളില്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ.

സൈക്കിള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തുടക്കം എന്ന നിലക്ക് 18000 രൂപക്കും 25000 രൂപക്കും ഇടക്കുള്ള അലുമിനിയം അലോയ് സൈക്കിള്‍ വാങ്ങാം.പിന്നീട് യാത്രയുടെ ദൂരം അനുസരിച്ചും സൈക്കിളിന്റെ പെര്‍ഫോമന്‍സ് അനുസരിച്ചും അപ്ഗ്രഡ് ചെയ്യാം. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഷര്‍ട്ടുകള്‍ വാങ്ങുമ്പോള്‍ വിവിധ സൈസുകള്‍ ഉള്ളത് പോലെ തന്നെ സൈക്കിളുകള്‍ തെരെഞ്ഞെടുക്കുന്നതിനും ആഗോളതല അംഗീകാരം ലഭിച്ച സൈസ് ചാര്‍ട്ടുകള്‍ ലഭ്യമാണ്. ഒരു വ്യക്തിയുടെ ഉയരം, ഭാരം , കാലുകളുടെ നീളം തുടങ്ങിയ ഘടകങ്ങള്‍ എല്ലാം പരിശോധിച്ച ശേഷമാണ് സൈക്കിളുകള്‍ തെരഞ്ഞെടുക്കുന്നത്.

Categories: FK Special, Slider