ഇന്ത്യയില്‍ 5 ബില്യണ്‍ ഡോളര്‍ നിക്ഷേപവുമായി ചൈനീസ് ഓട്ടോ ഭീമന്‍മാര്‍

ഇന്ത്യയില്‍ 5 ബില്യണ്‍ ഡോളര്‍ നിക്ഷേപവുമായി ചൈനീസ് ഓട്ടോ ഭീമന്‍മാര്‍
  •  അടുത്ത 3-5 വര്‍ഷത്തേക്കാണ് നിക്ഷേപം
  • ഇന്ത്യയുടെ ഇവി വിഷന്‍ ചൈനീസ് കമ്പനികള്‍ക്ക് നേട്ടമാകുന്നു

മുംബൈ: ഇന്ത്യന്‍ ഓട്ടോ വിപണിയിലെ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് രാജ്യത്തെ മുഖ്യധാരയിലുള്ള കാര്‍ നിര്‍മാതാക്കള്‍ പിന്തിരിയുമ്പോള്‍, ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് ചൈനീസ് കമ്പനികള്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതായി സൂചന. ചൈനീസ് വിപണിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിലവില്‍ ഇന്ത്യന്‍ വിപണി അതിവേഗ വളര്‍ച്ചയുള്ളതായി കണക്കാക്കുന്നതിനാലാണ് ചൈനീസ് ഓട്ടോ നിര്‍മാതാക്കള്‍ ഇന്ത്യയിലേക്ക് പ്രവേശിക്കാന്‍ പദ്ധതിയിടുന്നത്.

ഏകദേശം പകുതി ഡസനോളം ചൈനീസ് വാഹന നിര്‍മാണ കമ്പനികള്‍ അടുത്ത മൂന്നു മുതല്‍ അഞ്ചു വര്‍ഷത്തിനിടെ അഞ്ച് ബില്യണ്‍ ഡോളര്‍ ഇന്ത്യന്‍ ഓട്ടോ വിപണിയില്‍ നിക്ഷേപിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഓട്ടോ നിര്‍മാണ കമ്പനികളും അവരുടെ അനുബന്ധ ബിസിനസ് വെണ്ടര്‍മാരും ചേര്‍ന്നാണ് നിക്ഷേപം നടത്തുക. ചൈനീസ് വിപണിയിലുണ്ടായ അസ്ഥിരതയാണ് ഇക്കൂട്ടരെ ഇന്ത്യയിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിച്ചിരിക്കുന്ന പ്രമുഖ ഘടകം.

എംജി മോട്ടോര്‍, ബിവൈഡി ഓട്ടോ കമ്പനി ലിമിറ്റഡ് തുടങ്ങി ഇന്ത്യയില്‍ നിലവിലുള്ള ചൈനീസ് കമ്പനികള്‍ രാജ്യത്ത് നിക്ഷേപം തുടരുമ്പോള്‍ പുതിയതായി ഗ്രേറ്റ് വാള്‍ മോട്ടോഴ്‌സ്, ഷാംഗന്‍, ബെയ്ക്വി ഫോട്ടോണ്‍ എന്നിവര്‍ പ്രദേശിക മാന്യുഫാക്ചറിംഗ് രംഗത്ത് നിക്ഷേപം നടത്താനാണ് പദ്ധതിയിടുന്നത്. ഓട്ടോ വിപണിയിലെ വന്‍കിട കമ്പനികളായ ഗീലി, ഷെറി എന്നിവരും ഇന്ത്യയെ അവരുടെ ആഗോള വിപണി നിരയില്‍ ഉള്‍പ്പെടുത്താനുള്ള തയാറെടുപ്പിലാണ്. എംജി മോട്ടോഴ്‌സ് രാജ്യത്ത് രണ്ടാം റൗണ്ട് നിക്ഷേപത്തിന് തയാറെടുക്കുമ്പോള്‍ ബിവൈഡി ബസ്, ഇലക്ട്രിക് വാന്‍ എന്നിവയിലൂടെ നിക്ഷേപം എത്തിച്ച് രാജ്യത്ത് സാന്നിധ്യം ഉറപ്പിക്കുകയാണ്. ഗ്രേറ്റ് വാള്‍, ഷാംഗന്‍ തുടങ്ങിയ കമ്പനികള്‍ കഴിഞ്ഞ രണ്ടു മൂന്ന് വര്‍ഷക്കാലമായി ഇന്ത്യന്‍ വിപണിയെ കുറിച്ച് ഗവേഷണം നടത്തിയ ശേഷം ലയസണ്‍ ഓഫീസുകള്‍ സ്ഥാപിച്ച് പ്രദേശിക മാന്യുഫാക്ചറിംഗ് രംഗത്തേക്ക് കടന്നിരിക്കുകയാണ്. ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാണ കമ്പനികള്‍ക്കുള്‍പ്പെടെ വിപണിയില്‍ വലിയ പ്രതീക്ഷയില്ലാത്തതിനാല്‍ ഉല്‍പ്പാദനം വെട്ടിച്ചുരുക്കുകയും മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ നീട്ടിവെക്കുകയോ കാലതാമസം വരുത്തുകയോ ചെയ്യുമ്പോള്‍ ആ വിടവ് നികത്തുന്ന വിധത്തിലാണ് ചൈനീസ് കമ്പനികളുടെ പ്രവര്‍ത്തനം. ഇന്ത്യയിലെ പ്രമുഖ കമ്പനികള്‍ വാണിജ്യ വാഹന നിര്‍മാണത്തില്‍ അല്‍പ്പം സാവകാശം വരുത്തുമ്പോള്‍ ചൈനയിലെ ബെയ്കി ഫോട്ടോണ്‍ വടക്കേ ഇന്ത്യ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പിഎംഐ ഇലക്ട്രോ മൊബിലിറ്റി സൊലൂഷന്‍സുമായി സാങ്കേതിക കരാറൊപ്പുവെച്ച,് ഇരുവരും ചേര്‍ന്ന് ഇലക്ട്രിക് ബസ് നിര്‍മാണ വിപണിയിലേക്ക് കടക്കാനാണ് നീക്കം.

പൂനെയ്ക്ക് അടുത്ത് ഷാകനില്‍ ഫോട്ടോണ്‍ കമ്പനി സ്ഥലം ഏറ്റെടുത്ത് ബിസിനസ് സംബന്ധിച്ച് പഠനം തുടങ്ങിക്കഴിഞ്ഞു. ജെന്‍സെറ്റ്‌സിന്റെ എഞ്ചിനുകളും മറ്റ് സ്റ്റേഷനറി ആപ്ലിക്കേഷനുകളും നിര്‍മിക്കുന്ന വേയ്ചായ് കമ്പനിയും ഇന്ത്യയില്‍ ഓട്ടോമോട്ടീവ് വിപണിയില്‍ ഉന്നത ശ്രണിയിലുള്ള ഹോഴ്‌സ് പവര്‍ എഞ്ചിന്‍ നിര്‍മാണത്തിലേക്ക് കടക്കാന്‍ പദ്ധതിയിടുന്നു. കേന്ദ്ര സര്‍ക്കാര്‍ സ്വപ്‌നം കാണുന്ന ഇന്ത്യയുടെ ഇലക്ട്രിഫിക്കേഷന്‍ വിഷന്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നിലവില്‍ ചൈനീസ് കമ്പനികള്‍ക്ക് ശേഷിയുണ്ട്, അതിനാല്‍ ഇന്ത്യന്‍ വിപണിയില്‍ ചൈനീസ് കമ്പനികള്‍ക്ക് മേല്‍ക്കോയ്മ നേടാന്‍ കഴിയുമെന്നും മേഖലയിലെ വിദഗ്ധര്‍ വിലയിരുത്തുന്നു.

Comments

comments

Categories: FK News