കേരളത്തിന് ഇണങ്ങുന്നത് ബിസിനസ് ക്ലസ്റ്ററുകള്‍

കേരളത്തിന് ഇണങ്ങുന്നത് ബിസിനസ് ക്ലസ്റ്ററുകള്‍

aകൊച്ചി: സംസ്ഥാനത്തിന് ആവശ്യം ബിസിനസ് ക്ലസ്റ്ററുകളാണെന്ന് കെഎംഎ പ്രസിഡന്റ് ജിബു പോള്‍. ലഘു ചെറുകിട ഇടത്തരം സംരംഭകര്‍ക്കായി കെഎംഎ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും തൊഴില്‍ നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും സംരംഭകരാകാന്‍ കുട്ടികളെ പഠിപ്പിക്കണമെന്നും പ്രഭാഷണം നടത്തിയ അര്‍ജുന നാച്വറല്‍ പ്രൈവറ്റ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പിജെ കുഞ്ഞച്ചന്‍ പറഞ്ഞു. സംരംഭം വിജയിപ്പിക്കാന്‍ നൂതനത്വവും ഇച്ഛാശക്തിയും മാത്രം മതി. ബിസിനസ് തുടങ്ങാന്‍ ധാരാളം ആശയങ്ങളും സാധ്യതകളും അവസരങ്ങളുമുണ്ട്. അവ കൃത്യമായി വിനിയോഗിച്ചാല്‍ മതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംരംഭത്തില്‍ എപ്പോഴും അപ്രതീക്ഷിത വഴിത്തിരിവുകള്‍ പ്രതീക്ഷിക്കണമെന്ന് വര്‍മ്മ ആന്‍ഡ് വര്‍മ്മ സീനിയര്‍ പാര്‍ട്ണര്‍ വി സത്യനാരായണന്‍ പറഞ്ഞു. മിക്ക സംരംഭങ്ങളും തകരുന്നത് സാങ്കേതികവിദ്യകള്‍ മൂലമോ വിപണിയിലെ പ്രതിസന്ധികള്‍ മൂലമോ അല്ല, ധനകാര്യ ദുര്‍വിനിയോഗവും കണക്കുകൂട്ടലുകള്‍ ഇല്ലാതെ പണം ചെലവഴിക്കുന്നതുമാണ് സംരംഭത്തെ തകര്‍ച്ചയിലേക്ക് നയിക്കുന്നത്. സംരംഭത്തില്‍ നിന്നും ലഭിക്കുന്ന ലാഭം മാത്രമേ മറ്റിടങ്ങളില്‍ നിക്ഷേപിക്കാവൂ. മത്സരത്തെ അതിജീവിക്കണമെങ്കില്‍ പുതുമയുണ്ടാകണം. സംരംഭത്തില്‍ നിന്ന് ഫണ്ട് പിന്‍വലിച്ച് മറ്റ് മേഖലയില്‍ നിക്ഷേപിച്ചത് മൂലമാണ് കഫെ കോഫി ഡേ, സത്യം കമ്പ്യൂട്ടേഴ്‌സ്, ജെറ്റ് എയര്‍വേസ് എന്നിവയുടെ തകര്‍ച്ചയ്ക്ക് പ്രധാന കാരണം. സംരംഭത്തില്‍ നിന്നും പണം മറ്റിടങ്ങളില്‍ നിക്ഷേപിക്കുമ്പോള്‍ അങ്ങേയറ്റം കരുതല്‍ ഉണ്ടാകണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

വിപണിയിലെ വെല്ലുവിളികളെ എങ്ങനെ നേരിടുന്നു എന്നത് അനുസരിച്ചിരിക്കും സംരംഭത്തിന്റെ വിജയമെന്ന് ബിസിനസ്-കോര്‍പ്പറേറ്റ് പരിശീലകനായ ഷമീം റഫീഖ് പറഞ്ഞു. സാമ്പത്തിക മാന്ദ്യം നേരിടുന്ന ഈ കാലഘട്ടത്തില്‍ സുഗമമായി എങ്ങനെ ബിസിനസ് നടത്താം എന്നല്ല പുതിയ തലങ്ങളിലേക്ക് എങ്ങനെ കടക്കാം എന്നതാണ് ചിന്തിക്കേണ്ടത്. 66 ശതമാനം ചെറുകിട, ഇടത്തരം സംരംഭങ്ങളും തകരുന്നത് ആഭ്യന്തര കാരണങ്ങളാല്‍ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: FK News

Related Articles