2020 മത്സരിക്കാന്‍ നിരവധി പേര്‍ നിര്‍ബന്ധിക്കുന്നെന്ന് ഹിലരി ക്ലിന്റന്‍

2020 മത്സരിക്കാന്‍ നിരവധി പേര്‍ നിര്‍ബന്ധിക്കുന്നെന്ന് ഹിലരി ക്ലിന്റന്‍

വാഷിംഗ്ടണ്‍: 2020 നവംബറില്‍ നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നു നിരവധി പേര്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നു ഹിലരി ക്ലിന്റന്‍. എന്നാല്‍ താന്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു ഹിലരി പറഞ്ഞു.

ചൊവ്വാഴ്ച ബിബിസി റേഡിയോ 5 ലൈവില്‍ മകള്‍ ചെല്‍സിയുമൊത്തു പങ്കെടുത്ത അഭിമുഖത്തിനിടെയാണു ഹിലരി ഇക്കാര്യം ബിബിസി അവതാരിക എമ്മ ബാര്‍നെറ്റിനോടു പറഞ്ഞത്. ഇരുവരും ചേര്‍ന്നെഴുതിയ Gutsy Women: Favorite Stories of Courage and Resilience എന്ന പുസ്തകത്തിന്റെ പ്രചരണപരിപാടിക്കായി ബ്രിട്ടനിലെത്തിയിരുന്നു. ഇതിനിടെയാണ് ബിബിസിയുടെ അഭിമുഖത്തില്‍ പങ്കെടുത്തത്. ഭാവി പരിപാടികളെ കുറിച്ചു പറയാന്‍ അവതാരിക പറഞ്ഞപ്പോള്‍ യുഎസ് പ്രസിഡന്റ് ട്രംപ് വിരമിക്കുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നെന്നു ഹിലരി പറഞ്ഞു. മാത്രമല്ല, 2020ല്‍ തന്റെ പാര്‍ട്ടിയായ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിക്കു വേണ്ടി ഊര്‍ജ്ജസ്വലമായി പ്രചാരണത്തിനിറങ്ങുമെന്നും ഹിലരി പറഞ്ഞു. 2020ല്‍ മത്സരരംഗത്ത് ഉണ്ടാവില്ലെന്ന് ഉറപ്പാണോയെന്ന് അവതാരിക ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ ഈ നിമിഷം വരെ മത്സരിക്കേണ്ടതില്ലെന്ന നിലപാടാണുള്ളത്. എന്നാല്‍ വിവിധ കോണുകളില്‍നിന്നും നിരവധി പേര്‍ മത്സരിക്കാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും ഹിലരി മറുപടി പറഞ്ഞു. 2016-ല്‍ യുഎസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച ഹിലരി ക്ലിന്റന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ട്രംപിനോട് പരാജയപ്പെടുകയായിരുന്നു.

Categories: FK News