ശാസ്ത്രജ്ഞരടക്കം 2,500 പ്രവാസികള്‍ക്ക് യുഎഇ സ്ഥിരതാമസ വിസ അനുവദിച്ചു

ശാസ്ത്രജ്ഞരടക്കം 2,500 പ്രവാസികള്‍ക്ക് യുഎഇ സ്ഥിരതാമസ വിസ അനുവദിച്ചു

ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി

ദുബായ്: ശാസ്ത്രജ്ഞരടക്കം 2,500 പേര്‍ക്ക് യുഎഇയില്‍ സ്ഥിരതാമസത്തിന് അനുമതി ലഭിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശപ്രകാരം ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡിന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പാണ് ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, ഡോക്ടര്‍മാര്‍, ഇന്നവേറ്റേഴ്‌സ്, നിക്ഷേപകര്‍ എന്നിവരുള്‍പ്പടെ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ഗോള്‍ഡന്‍ കാര്‍ഡ് വിസ അനുവദിച്ചത്.

ദീര്‍ഘകാല വിസ അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന്റെ ഭാഗമാണ് തീരുമാനം. മാത്രമല്ല ശാസ്ത്ര പ്രതിഭകളുടെയും കഴിവുറ്റ വ്യക്തിത്വങ്ങളുടെയും ഇന്‍കുബേറ്ററെന്ന നിലയിലേക്ക് യുഎഇയെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നേതൃത്വത്തിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയാണിത്. വരുംദിവസങ്ങളില്‍ കൂടുതല്‍ ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും സ്ഥിരതാമസ വിസ ലഭിക്കുമെന്നാണ് കരുതുന്നത്. രാജ്യത്ത് സ്ഥിരതാമസത്തിന് അനുമതി ലഭിച്ച ശാസ്ത്രജ്ഞരടക്കമുള്ള ഗ്രൂപ്പിന്റെ ആദ്യബാച്ചിനെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതായി ഷേഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.

ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ദുബായ് കിരീടാവകാശി ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്, യുഎഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷേഖ് സെയ്ഫ് ബിന്‍ സായിദ്, ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ വകുപ്പ് മന്ത്രിയുമായ ഷേഖ് മന്‍സൂര്‍ ബിന്‍ സായിദ് എന്നിവര്‍ പങ്കെടുത്ത പ്രത്യേക പരിപാടിയിലാണ് തെരഞ്ഞെടുക്കപ്പെട്ട പ്രവാസികള്‍ക്ക് ഗോള്‍ഡന്‍ കാര്‍ഡ് വിസ സമ്മാനിച്ചത്.

കഴിഞ്ഞ മേയിലാണ് യുഎഇ ഗോള്‍ഡന്‍ കാര്‍ഡ് സിസ്റ്റം എന്ന പേരില്‍ അറിയപ്പെടുന്ന സ്ഥിരതാമസ വിസ പദ്ധതി അവതരിപ്പിച്ചത്.

Comments

comments

Categories: Arabia
Tags: PR Visa, UAE PR