ആര്‍സിഇപിയില്‍ ചേരാത്തത് ധീരമായ നടപടിയെന്ന് അമിത് ഷാ

ആര്‍സിഇപിയില്‍ ചേരാത്തത് ധീരമായ നടപടിയെന്ന് അമിത് ഷാ
  • ആര്‍സിഇപിയില്‍ ചേരാമെന്ന് സമ്മതിച്ചത് യുപിഎ സര്‍ക്കാരിന്റെ തെറ്റാണെന്ന് ആഭ്യന്തര മന്ത്രി
  • വാതിലുകള്‍ ഇപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും ഷാ
  • ഇന്ത്യയെ ദീര്‍ഘകാലം അവഗണിക്കാന്‍ ആര്‍സിഇപി അംഗങ്ങള്‍ക്ക് കഴിയില്ലെന്നും അമിത് ഷാ

രാജ്യത്തെ കര്‍ഷകരെയും ചെറുകിട, ഇടത്തരം സംരംഭങ്ങളെയും ക്ഷീര വ്യവസായത്തെയും എല്ലാം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി പോകുമെന്നുള്ളതിന്റെ ഉദാഹരണമാണ് ആര്‍സിഇപി കരാറില്‍ നിന്നുള്ള ഇന്ത്യയുടെ പിന്മാറ്റം

-അമിത് ഷാ

ന്യൂഡെല്‍ഹി: മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറി(ആര്‍സിഇപി) ല്‍ നിന്ന് ഇന്ത്യ പിന്മാറിയത് ധീരമായ തീരുമാനമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. അതേസമയം ഇന്ത്യ ഇപ്പോഴും വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും അധിക കാലം ആര്‍സിഇപി അംഗങ്ങള്‍ക്ക് ഇന്ത്യയെ അവഗണിച്ച് മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി. മോദി സര്‍ക്കാര്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ആര്‍സിഇപി തയാറാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്നുള്ള ഉറച്ച സന്ദേശമാണ് ആര്‍സിഇപി തീരുമാനത്തിലൂടെ മോദി നല്‍കിയതെന്നും ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി.

ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര പദ്ധതി എന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ്
മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍. കരാറില്‍ ഇന്ത്യയെ ഉള്‍പ്പെടുത്താനുള്ള അവസരം ഒരു കാരണവശാലും നഷ്ടപ്പെടുത്തരുതെന്ന് അടുത്തിടെ ചൈന വ്യക്തമാക്കിയിരുന്നു. കരാറില്‍ ചേരേണ്ടെന്ന് നവംബര്‍ നാലിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചത്. ബാങ്കോക്കില്‍ വെച്ചുള്ള യോഗത്തിലായിരുന്നു അത്. കരാറിന്റെ ഭാഗമാകാന്‍ മറ്റ് രാജ്യങ്ങള്‍ തീരുമാനമെടുക്കുകയും ചെയ്തു.

ആസിയാനില്‍ അംഗങ്ങളായ ബ്രൂണെയ്, കംബോഡിയ, ലാവോസ്, ഇന്തോനേഷ്യ, മലേഷ്യ, മ്യാന്‍മര്‍, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം എന്നീ 10 രാജ്യങ്ങളുടെ അവരുടെ സ്വതന്ത്ര വ്യാപാര പങ്കാളികളായ ചൈന, ജപ്പാന്‍, ഇന്ത്യ, സൗത്ത് കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് എന്നീ ആറ് രാജ്യങ്ങളും ഉള്‍പ്പടെ 16 രാജ്യങ്ങളെ ഭാഗമാക്കിയാണ് മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ വിഭാവനം ചെയ്തത്. ഇതില്‍ നിന്നാണ് നവംബര്‍ ആദ്യ ആഴ്ച്ച ഇന്ത്യ പിന്മാറിയത്.

ഇന്ത്യയെ പദ്ധതിയിലുള്‍പ്പെടുത്താനുള്ള അവസരം നഷ്ടമാക്കരുതെന്ന് അടുത്തിടെ ഗ്ലോബല്‍ ടൈംസ് പത്രത്തില്‍ വന്ന ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു. ചൈനീസ് സര്‍ക്കാരിന് കീഴിലുള്ള ദേശീയ ദിനപത്രമാണ് ഗ്ലോബല്‍ ടൈംസ്. ആര്‍സിഇപിയുടെ ഭാഗമാകാന്‍ ഇന്ത്യയെ പ്രേരിപ്പിക്കണമെന്ന് അംഗരാജ്യങ്ങളോട് ആവശ്യപ്പെടുന്നുണ്ട് ലേഖനത്തില്‍. ഇന്ത്യയുടെ സൂപ്പര്‍ പവര്‍ സ്വപ്‌നം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ആര്‍സിഇപിയില്‍ ചേരേണ്ടതുണ്ടെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.

ബാഹ്യസമ്മര്‍ദങ്ങളെ അതിജീവിച്ച് രാജ്യത്തെ കര്‍ഷകര്‍ക്കും ചെറുകിട, ഇടത്തരം വ്യവസായികള്‍ക്കും ഒപ്പം നില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ ഫലമായിട്ടാണ് ഇന്ത്യ ആര്‍സിഇപിയില്‍ നിന്ന് പിന്മാറിയത്. വ്യാപാരത്തിന്റെ വേഷമണിഞ്ഞ് ചൈന നടത്തുന്ന അധിനിവേശ പദ്ധതിക്കെതിരെയുള്ള വിവേകപൂര്‍വമായ ചെറുത്തുനില്‍പ്പ് കൂടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കൈക്കൊണ്ട തീരൂമാനമെന്നാണ് ഇന്ത്യയിലെ ദേശീയവാദികളുടെ വിലയിരുത്തല്‍. ഇന്ത്യ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞാണ് ബാങ്കോക്ക് ഉച്ചകോടിയോട് അനുബന്ധിച്ച് ആര്‍സിഇപിയില്‍ ചേരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.

വ്യാപാര കരാറിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ആര്‍എസ്എസ് സംഘടനകള്‍ തന്നെ ആഹ്വാനം ചെയ്തതോടെയാണ് ആദ്യം ആര്‍സിഇപിയുടെ ഭാഗമാകാന്‍ തീരുമാനിച്ച ഇന്ത്യ പിന്നീട് നിലപാട് മാറ്റിയത്. 2013ലാണ് ആര്‍സിഇപി കൂടിയാലോചനകള്‍ ആരംഭിച്ചത്. ആസിയാന്‍ അംഗരാഷ്ട്രങ്ങള്‍ക്കിടയിലും അവരുടെ സ്വതന്ത്ര വ്യാപാര കരാര്‍ പങ്കാളികളുമായും ആധുനികവും സമഗ്രവും പരസ്പര ഉപകാരപ്രദവുമായ സാമ്പത്തിക പങ്കാളിത്ത കരാറിന് രൂപം കൊടുക്കുകയായിരുന്നു ലക്ഷ്യം. ബ്രൂണെയ്, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാന്‍മര്‍, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം തുടങ്ങിയ ആസിയാന്‍ രാജ്യങ്ങളുമായും ആര്‍സിഇപിയുടെ ഭാഗമായ ചൈന, ജപ്പാന്‍, സൗത്ത് കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ മറ്റ് അഞ്ച് രാജ്യങ്ങളുമായും ഇന്ത്യക്കുള്ള വ്യാപാര കമ്മി പ്രതിവര്‍ഷം വലിയ തോതില്‍ ഉയര്‍ന്നു വരികയാണ് എന്നാണ് കണക്കുകള്‍. 2013-14 വര്‍ഷത്തില്‍ ഈ രാജ്യങ്ങളുമായി ഭാരതത്തിനുള്ള വ്യാപാര കമ്മി 54 ബില്യണ്‍ ഡോളറായിരുന്നുവെങ്കില്‍ 201819 സാമ്പത്തിക വര്‍ഷത്തില്‍ അത് 105 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. മൊത്തം കയറ്റുമതിയുടെ 20 ശതമാനവും ഇന്ത്യ മുകളില്‍ പറഞ്ഞ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. എന്നാല്‍ ഇതേ രാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതിയുടെ 35 ശതമാനവും ഉണ്ടാകുന്നത്.

സ്വദേശി കാര്‍ഡ്

രാജ്യത്തെ കര്‍ഷകരെയും ചെറുകിട, ഇടത്തരം സംരംഭങ്ങളെയും ടെക്‌സ്റ്റൈല്‍ മേഖലയെയും ക്ഷീര വ്യവസായത്തെയും എല്ലാം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി പോകുമെന്നുള്ളതിന്റെ ഉദാഹരണമാണ് ആര്‍സിഇപി കരാറില്‍ നിന്നുള്ള ഇന്ത്യയുടെ പിന്മാറ്റമെന്നും അമിത് ഷാ പറഞ്ഞു.

ആര്‍സിഇപിയുടെ ഭാഗമാകാന്‍ സമ്മതിച്ചതിന് കഴിഞ്ഞ യുപിഎ സര്‍ക്കാരിനെ ഷാ കുറ്റപ്പെടുത്തുകയും ചെയ്തു. കരാറിന്റെ ഭാഗമായാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യക്ക് വരുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതില്‍ കോണ്‍ഗ്രസിന് വീഴ്ച്ച പറ്റിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആര്‍സിപി നടപ്പായാല്‍ ഇന്ത്യയിലേക്ക് ചൈനീസ് ഉല്‍പ്പന്നങ്ങളുടെ തള്ളിക്കയറ്റമുണ്ടാകുമെന്നാണ് സ്വദേശി ജാഗ്രണ്‍ മഞ്ച് ഉള്‍പ്പടെയുള്ള സംഘടനകള്‍ വാദിച്ചത്. ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാര വിടവ് വലിയ തോതില്‍ വര്‍ധിക്കുമെന്നും ഭയപ്പെടുന്നു സര്‍ക്കാര്‍. അതേസമയം കരാറില്‍ ചേരാന്‍ വൈമനസ്യം കാട്ടിയതിലൂടെ ഇന്ത്യയുടെ വ്യാപാര സാധ്യതകള്‍ക്ക് മങ്ങലേറ്റുവെന്ന വിമര്‍ശനവും ചില കോണുകളില്‍ നിന്നുയര്‍ന്നിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ആര്‍സിഇപി കരാറിനെ എതിര്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചുപോരുന്നത്.

  • 2013ലാണ് ആര്‍സിഇപി സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങുന്നത്
  • ആസിയാനിലെ 10 രാജ്യങ്ങളും അവരുടെ സ്വതന്ത്ര വ്യാപാര പങ്കാളികളായ ആറ് രാജ്യങ്ങളും ചേര്‍ന്നുള്ളതാണ് ആര്‍സിഇപി
  • ഇന്ത്യ ഒഴികെ ബാക്കി 15 രാജ്യങ്ങളും കരാറില്‍ ഒപ്പിടാന്‍ സമ്മതിച്ചു
  • കരാര്‍ പ്രാവര്‍ത്തികമാകുന്നതോടെ വ്യാപാര അധിനിവേശമാണ് ചൈന ഉന്നമിടുന്നത്

Comments

comments

Categories: FK News