ഉള്ളിവിലയില്‍ ആശങ്കപ്പെടാതെ ആര്‍ബിഐ

ഉള്ളിവിലയില്‍ ആശങ്കപ്പെടാതെ ആര്‍ബിഐ

വരുന്ന മാസങ്ങളില്‍ ഉള്ളിവിലയടക്കം ഭക്ഷ്യവസ്തുക്കളുടെ വിലനിലവാരം സാധാരണ തോതിലെത്തുമെന്ന് ബാങ്ക് അനുമാനം

ന്യൂഡെല്‍ഹി: ഉള്ളിവില പണപ്പെരുപ്പത്തില്‍ ഏല്‍പ്പിച്ച ആഘാതം താല്‍ക്കാലികമാണെന്ന വിലയിരുത്തലില്‍ കേന്ദ്ര ബാങ്ക്. പ്രഖ്യാപിത ലക്ഷ്യം കടന്ന് നാല് ശതമാനത്തില്‍ എത്തിയ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് സ്ഥിതിഗതികള്‍ വിലയിരുത്തിയത്. വരുന്ന മാസങ്ങളില്‍ ഉള്ളിവിലയടക്കം ഭക്ഷ്യവസ്തുക്കളുടെ വിലനിലവാരം സാധാരണ തോതിലെത്തുമെന്ന് ബാങ്ക് അനുമാനിക്കുന്നു. ഒരു ലക്ഷം ടണ്‍ ഉള്ളി വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഇതിന് സഹായകരമാവും. നവംബര്‍ 15 ന് ശേഷം ഇറക്കുമതി ചെയ്ത ഉള്ളി വിപണിയിലെത്തുന്നതോടെ വിലക്കയറ്റം കുറയുമെന്നും പണപ്പെരുപ്പം നിയന്ത്രണത്തിലെത്തുമെന്നുമാണ് കണക്കുകൂട്ടല്‍.

വീണ്ടും പലിശയിളവ്

2020 മാര്‍ച്ച് മാസത്തിന് മുന്‍പ് ആര്‍ബിഐ വീണ്ടും റിപ്പോ നിരക്കുകള്‍ താഴ്ത്തുമെന്ന് അനുമാനം. നിലവില്‍ 5.15 ശതമാനമാണ് പലിശ നിരക്ക്. ഇത് 4.9 ശതമാനം വരെ താഴ്ത്തിയേക്കുമെന്നാണ് അനുമാനിക്കുന്നത്. വളര്‍ച്ചാ മുരടിപ്പ് തുടരുന്നതും പണപ്പെരുപ്പ സമ്മര്‍ദ്ദവും കേന്ദ്രബാങ്കിനെ ഇതിന് പ്രേരിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്ന് നിര്‍മല്‍ ബാംഗ് ഇക്വറ്റീസിലെ വിദഗ്ധയായ തെരേസ ജോണ്‍ അഭിപ്രായപ്പെട്ടു. ഡിസംബറിലെ ധന നയ അവലോകന യോഗത്തില്‍ 15 ബേസിസ് പോയന്റിന്റെ വെട്ടിക്കുറക്കലാണ് പ്രതീക്ഷിക്കുന്നതെന്നും തേരേസ പറഞ്ഞു. നടപ്പു വര്‍ഷം അഞ്ച് തവണയായി 135 ബേസിസ് പോയന്റുകളാണ് റിപ്പോ നിരക്കില്‍ ആര്‍ബിഐ കുറച്ചത്.

Categories: Current Affairs, Slider
Tags: Onion price, RBI