ദേശീയത മൂലം പരാജയപ്പെടരുതെന്ന് സൗദി മന്ത്രി; സൗദിക്കാരല്ലാത്തവരോട് നന്ദികേട് പാടില്ല

ദേശീയത മൂലം പരാജയപ്പെടരുതെന്ന് സൗദി മന്ത്രി; സൗദിക്കാരല്ലാത്തവരോട് നന്ദികേട് പാടില്ല

സൗദി പൗരന്മാര്‍ക്കും അല്ലാത്തവര്‍ക്കും തൊഴില്‍ ലഭിക്കുന്നത് ഒരുപോലെ ഗുണകരം

റിയാദ്: ദേശീയത മൂലം പരാജിതരാകരുതെന്ന് സൗദി ഊര്‍ജമന്ത്രി ഊര്‍ജമന്ത്രി പ്രിന്‍സ് അബ്ദുള്‍അസീസ് ബിന്‍ സല്‍മാന്‍. സൗദിക്കാരെ പോലെ തന്നെ സൗദിക്കരല്ലാത്തവര്‍ക്കും തൊഴില്‍ ലഭിക്കണമെന്നും രണ്ടും ഒരുപോലെ ഗുണകരമാണെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷത്തെ മിസ്‌ക് ഗ്ലോബല്‍ ഫോറത്തില്‍ സംസാരിക്കവെയാണ് രാജ്യത്തെ പ്രവാസികള്‍ക്ക് നല്‍കേണ്ട പ്രാധാന്യത്തെ കുറിച്ച് മന്ത്രി വാചാലനായത്.

”സൗദി ഇതര പൗരന്മാരും വളരെ പ്രാധാന്യമര്‍ഹിക്കുന്നവരാണ്. അവരില്‍ നിന്നുമാണ് ഞാന്‍ വിദ്യാഭ്യാസം നേടിയത്. അക്കാര്യം നാം തിരിച്ചറിയണം.അവരോട് നാം നന്ദികേട് കാട്ടരുത്. ദേശീയത പരാജയത്തിന് കാരണമാകാന്‍ അനുവദിക്കരുത,്” മന്ത്രി പറഞ്ഞു.

രാജ്യത്തെ പുനരുപയോഗ ഊര്‍ജ പദ്ധതികളിലൂടെ ആയിരക്കണക്കിന് സൗദിക്കാര്‍ക്കും അല്ലാത്തവര്‍ക്കും ജോലി ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇരുവിഭാഗക്കാര്‍ക്കും ജോലി ലഭിക്കുകയെന്നത് ഒരുപോലെ നേട്ടമുണ്ടാക്കുന്ന കാര്യമാണ്. മാത്രമല്ല, എല്ലാ സൗദിക്കാര്‍ക്കും തുല്യമായ അവസരങ്ങള്‍ ലഭ്യമാക്കാനാണ് കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. നമ്മുടെ സ്ത്രീകള്‍ ഇന്ന് പ്രാപ്തിയുള്ളവരാണ്. അവര്‍ക്കായി വിദ്യാഭ്യാസ പരിപാടികളുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യമായ വേതന വ്യവസ്ഥയാണ് ഇവിടെയുള്ളത്്,’ . സാമൂഹിക പരിഷ്‌കരണങ്ങളിലൂടെ റിയാദ് സന്തോഷത്തിന്റെ നഗരമായി മാറിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിജയങ്ങളില്‍ നിന്നല്ല തെറ്റുകളില്‍ നിന്നാണ് നാം പാഠങ്ങള്‍ പഠിക്കേണ്ടതെന്ന് ഫോറത്തില്‍ പങ്കെടുത്തവരോട് മന്ത്രി പറഞ്ഞു. ‘തെറ്റുകളുടെ മൂര്‍ത്തീഭാവമാണ് ഞാന്‍. രാജകുമാരന്മാര്‍ക്കും സ്വപ്‌നങ്ങള്‍ ഉണ്ടാകും. കാരണം അവരുടെ പിതാക്കന്മാര്‍ക്കും മുത്തച്ഛന്മാര്‍ക്കുമെല്ലാം വലിയ സ്വപ്‌നങ്ങള്‍ ഉണ്ടായിരിക്കാം, അവരെ നിരാശപ്പെടുത്തിക്കൂടാ. ഒരിക്കലും തകര്‍ന്നുപോകാതിരിക്കാന്‍ വിദ്യാഭ്യാസം, പരിശീലനം, സ്വാശ്രയത്വം എന്നിവ ആവശ്യമാണ്. സ്വയം പ്രേരണയില്ലെങ്കില്‍ ഇന്നത്തെ നിലയിലേക്ക് താന്‍ വളരുകയില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

യുവതലമുറ സാങ്കേതികവിദ്യയെ ഭയപ്പെടരുതെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് അവരുടെ ജോലി തട്ടിയെടുക്കില്ലെന്നും ഫോറത്തിലെ പാനല്‍ അംഗങ്ങളില്‍ ഒരാളായ ടോട്ടല്‍ കമ്പനി സിഇഒയും ചെയര്‍മാനുമായ പാട്രിക് പൗയെന്‍ പറഞ്ഞു. ആധുനിക സാങ്കേതിക വിദ്യകളുമായി ഇണങ്ങിപ്പോകുകയെന്ന മനോഹരമായ വെല്ലുവിളിയാണ് നമുക്ക് മുമ്പിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ നേതാക്കളെന്ന നിലയില്‍ വിജയം കൈവരിക്കാന്‍ സാധിക്കുംവിധം ഭാവി തലമുറയ്ക്ക് ശരിയായ അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് തങ്ങളുടെ ജോലിയെന്ന് മറ്റൊരു പാനല്‍ അംഗമായ മുബദാല ഇന്‍വെസ്റ്റ്‌മെന്റ് സിഇഒ ഖല്‍ദൂണ്‍ അല്‍ മുബാറക് പറഞ്ഞു. സാങ്കേതികവിദ്യയുമായി മല്ലിടരുതെന്നും അതിനെ പുണരുകയാണ് വേണ്ടതെന്നും ഖല്‍ദൂണ്‍ പറഞ്ഞു.

120 രാജ്യങ്ങളില്‍ നിന്നുള്ള 7,000 ആളുകള്‍ ഇത്തവണത്തെ മിസ്‌ക് ഗ്ലോബല്‍ ഫോറത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തതായി ഫോറം എക്‌സിക്യുട്ടീവ് മാനേജര്‍ ഷൈമ ഹമീദദ്ദീന്‍ പറഞ്ഞു.

സൗദി വൈദ്യുതി കയറ്റുമതിക്ക് തയാറെടുക്കുന്നു

പുനരുപയോഗ ഊര്‍ജ രംഗത്തെ വികസന പദ്ധതികളിലൂടെ തദ്ദേശീയ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മാത്രമല്ല, വൈദ്യുതി കയറ്റുമതി ചെയ്യാനും സൗദിക്ക് സാധിക്കുമെന്ന് മിസ്‌ക് ഗ്ലോബല്‍ ഫോറത്തില്‍ സൗദി ഊര്‍ജമന്ത്രി പ്രിന്‍സ് അബ്ദുള്‍ അസീസ് ബിന്‍ സല്‍മാന്‍. ആഭ്യന്തര ആണവ പരിപാടിയുമായി രാജ്യം മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി. ഊര്‍ജസ്രോതസുകള്‍ വൈവിധ്യവല്‍ക്കരിക്കുമെന്നും അതിലൂടെ വൈദ്യുതി കയറ്റുമതി സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു. പരമ്പരാഗത രീതിയിലല്ലാതെ എണ്ണയും പ്രകൃതി വാതകവും വ്യത്യസ്ത രീതിയില്‍ ഉപയോഗപ്പെടുത്തുന്ന നോബിള്‍ പദ്ധതി രാജ്യത്ത് നടപ്പിലാക്കുമെന്ന് അബ്ദുള്‍അസീസ് പറഞ്ഞു.

Comments

comments

Categories: Arabia
Tags: Saudi