മെഴ്‌സേഡസ് ബെന്‍സ് ജി-ക്ലാസ് ഇലക്ട്രിക് അവതാരമെടുക്കും

മെഴ്‌സേഡസ് ബെന്‍സ് ജി-ക്ലാസ് ഇലക്ട്രിക് അവതാരമെടുക്കും

ഡൈമ്‌ലര്‍ സിഇഒ ഓല കൊളേനിയസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്

ബെര്‍ലിന്‍: മെഴ്‌സേഡസ് ബെന്‍സ് ജി-ക്ലാസ് എസ്‌യുവിയുടെ ഓള്‍ ഇലക്ട്രിക് വേര്‍ഷന്‍ വിപണിയിലെത്തിക്കും. ഡൈമ്‌ലര്‍ സിഇഒ ഓല കൊളേനിയസാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതുസംബന്ധിച്ച് നേരത്തെ ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് ജര്‍മന്‍ വാഹന നിര്‍മാതാക്കളില്‍നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുന്നത്. നേരത്തെ ജി-വാഗണ്‍ എന്ന് അറിയപ്പെട്ടിരുന്ന ജി-ക്ലാസ് എസ്‌യുവി ഈ വര്‍ഷം നാല്‍പ്പത് വയസ്സ് പൂര്‍ത്തിയാക്കുകയാണ്.

ഓള്‍ ഇലക്ട്രിക് ജി-ക്ലാസ് എസ്‌യുവി എപ്പോള്‍ വിപണിയിലെത്തിക്കുമെന്ന് മെഴ്‌സേഡസ് ബെന്‍സ് തല്‍ക്കാലം വെളിപ്പെടുത്തിയിട്ടില്ല. റേഞ്ച്, ടോപ് സ്പീഡ്, ചാര്‍ജിംഗ് സമയം തുടങ്ങിയ സ്‌പെസിഫിക്കേഷനുകള്‍ ലഭിക്കുന്നതിനും സമയമെടുക്കും. എന്നാല്‍ 300 കിലോമീറ്ററിലധികം റേഞ്ച് പ്രതീക്ഷിക്കാം. ഇലക്ട്രിക് വേര്‍ഷനാകുന്നതോടെ മെഴ്‌സേഡസ് ബെന്‍സ് ജി-ക്ലാസ് എസ്‌യുവിയുടെ വില കുത്തനെ വര്‍ധിക്കും. നിലവില്‍ മെഴ്‌സേഡസ് ബെന്‍സിന്റെ ഏറ്റവും വില കൂടിയ മോഡലുകളിലൊന്നാണ് ജി-ക്ലാസ് എസ്‌യുവി.

അതേസമയം, മെഴ്‌സേഡസ് ബെന്‍സ് ജി-ക്ലാസ് എസ്‌യുവിയുടെ ജി 350ഡി വേരിയന്റ് ഇന്ത്യയില്‍ വിറ്റുതീര്‍ന്നു. ഒക്‌റ്റോബര്‍ 16 നാണ് ജി 350ഡി ഇന്ത്യയില്‍ അവതരിപ്പിച്ചത്. 1.50 കോടി രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. ജി-ക്ലാസ് എസ്‌യുവിയുടെ നോണ്‍-എഎംജി വേര്‍ഷന്‍ ഇതാദ്യമായാണ് ഇന്ത്യയിലെത്തിയത്. ജി-ക്ലാസിന്റെ ഡീസല്‍ വകഭേദം ഇന്ത്യയിലെത്തിയതും ആദ്യം. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ജി63 എഎംജി പുറത്തിറക്കിയിരുന്നു. 2.58 കോടി രൂപയാണ് വില.

Comments

comments

Categories: Auto