മഹാരാഷ്ട്രയിലെ റിഫൈനറി പദ്ധതികളുമായി മുന്നോട്ടുപോകും: ധര്‍മ്മേന്ദ്ര പ്രദാന്‍

മഹാരാഷ്ട്രയിലെ റിഫൈനറി പദ്ധതികളുമായി മുന്നോട്ടുപോകും: ധര്‍മ്മേന്ദ്ര പ്രദാന്‍

പടിഞ്ഞാറന്‍ തീരത്തെ റിഫൈനറി സംബന്ധിച്ച് അഡ്‌നോക് സിഇഒയുമായി ദീര്‍ഘനേരം ചര്‍ച്ച നടത്തി

ദുബായ്: സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചതത്വങ്ങള്‍ മഹാരാഷ്ട്രയില്‍ പദ്ധതിയിട്ടിരിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റിഫൈനറി പദ്ധതിയെ ബാധിക്കില്ലെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രദാന്‍. പടിഞ്ഞാറന്‍ തീരത്തെ കൂറ്റന്‍ എണ്ണ സംസ്‌കരണ ശാല യാഥാര്‍ത്ഥ്യമാകുമെന്ന് അബുദാബിയിലെ ഊര്‍ജ കോണ്‍ഫറന്‍സായ അഡിപെകില്‍ പങ്കെടുക്കാന്‍ യുഎഇയിലെത്തിയ പ്രദാന്‍ ഗള്‍ഫ് മാധ്യമമായ ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇന്ത്യയ്ക്ക് ആ റിഫൈനറി ആവശ്യമാണെന്നും പദ്ധതിയുമായി മുമ്പോട്ട് പോകുമെന്നും ധര്‍മ്മേന്ദ്ര പ്രദാന്‍ വ്യക്തമാക്കി.

റിഫൈനറി സംബന്ധിച്ച് അബുദാബി എണ്ണക്കമ്പനിയായ അഡ്‌നോകിന്റെ ഗ്രൂപ്പ് സിഇഒയും യുഎഇ സഹമന്ത്രിയുമായ ഡോ.സുല്‍ത്താന്‍ അല്‍ ജബെറുമായി ദീര്‍ഘനേരം ചര്‍ച്ചകള്‍ നടത്തിയതായി പ്രദാന്‍ അറിയിച്ചു. പദ്ധതി നടപ്പിലാക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെന്നും ഔദ്യോഗിക കരാറിന് വേണ്ടിയുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും പ്രദാന്‍ പറഞ്ഞു.

ഡോ.സുല്‍ത്താന്‍ അല്‍ ജബെറിന് പുറമേ യുഎഇ, ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിവിധ മന്ത്രിമാരുമായും എണ്ണക്കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെകിന്റെ സെക്രട്ടറി ജനറല്‍ മുഹമ്മദ് ബര്‍ക്കിന്‍ഡോയുമായും പ്രദാന്‍ ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ ചര്‍ച്ചകളില്‍ സുപ്രധാന തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പ്രകൃതി വാതകത്തില്‍ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയായി മാറുകയെന്ന ലക്ഷ്യത്തോടെയുള്ള ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച മാത്രമായിരുന്നു ചര്‍ച്ചകളെന്നും പ്രദാന്‍ വ്യക്തമാക്കി.

ഊര്‍ജ മേഖലയില്‍ പതിനായിരം കോടി ഡോളറിന്റെ അടിസ്ഥാന സൗകര്യ പദ്ധതികളാണ് ഇന്ത്യ നടപ്പാക്കാനിരിക്കുന്നത്. ഇതിനായി താങ്ങാവുന്ന ചിലവിലുള്ള സാങ്കേതികവിദ്യയും മികച്ച ആളുകളും പുതിയ ആശയങ്ങളും മാതൃകകളും ആവശ്യമുണ്ട്. അഡിപെക് പോലുള്ള വേദികള്‍ അതിനുള്ള മികച്ച അവസരങ്ങളാണെന്ന് പ്രദാന്‍ പറഞ്ഞു. ഊര്‍ജ കമ്പനി മേധാവികളുമായുള്ള ഇത്തരം കൂടിക്കാഴ്ചകള്‍ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ അവര്‍ക്കുള്ള ക്ഷണം കൂടിയാണെന്ന് പ്രദാന്‍ പറഞ്ഞു. സമീപകാലത്ത് ഇന്ത്യയില്‍ നടപ്പിലാക്കിയ കോര്‍പ്പറേറ്റ് നികുതിയിളവ്, ബിസിനസ് സൗഹൃദ സമീപനങ്ങള്‍, ഇന്ധന ചില്ലറ വില്‍പ്പന വ്യവസ്ഥകളിലുള്ള ഉദാരവല്‍ക്കരണ നയങ്ങള്‍ എന്നിവ മൂലം ഊര്‍ജ വ്യവസായ രംഗത്തുള്ള നിരവധി കമ്പനികള്‍ ഇന്ത്യയിലേക്ക് വരാന്‍ അവസരങ്ങള്‍ കാത്തിരിക്കുകയാണെന്ന് പ്രദാന്‍ പറഞ്ഞു. ഇന്ത്യയിലെ എണ്ണ, പ്രകൃതിവാതക മൂല്യ ശൃംഖലയില്‍ നിക്ഷേപം നടത്താന്‍ വിറ്റോള്‍ ഗ്രൂപ്പിനെ ക്ഷണിച്ചിട്ടുണ്ടെന്നും പ്രദാന്‍ കൂട്ടിച്ചേര്‍ത്തു.

‘ഊര്‍ജ വ്യവസായ രംഗത്ത് വളര്‍ച്ച കൈവരിക്കുന്നത് ഇന്ത്യ മാത്രമാണ്. ലോകത്തിലെ മൂന്നാമത്തെ വലിയ ഊര്‍ജ ഉപഭോക്താവാണ് ഇന്ത്യ. അടുത്ത ദശാബ്ദത്തോടെ ഞങ്ങള്‍ ഒന്നാംസ്ഥാനത്തേക്ക് എത്തും’, പ്രദാന്‍ പറഞ്ഞു. രാജ്യത്ത് ഊര്‍ജ ദാരിദ്ര്യം അവസാനിപ്പിക്കുന്നതിനും ഊര്‍ജ നീതി നടപ്പിലാക്കുന്നതിനും മോദി സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ചും പ്രദാന്‍ എടുത്തുപറഞ്ഞു. ഭാവി ഊര്‍ജ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള ലോകത്തിലെ മറ്റ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഇടപെടല്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പതിന്മടങ്ങ് വര്‍ധിച്ചതായി മന്ത്രി അവകാശപ്പെട്ടു.

പശ്ചിമേഷ്യയിലേക്ക് ഇന്ത്യയില്‍ നിന്നും സ്റ്റീല്‍ കയറ്റുമതി ചെയ്യുന്നതിനുള്ള സാധ്യതകള്‍ ആരായുക കൂടിയായിരുന്നു മന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്. സമ്പൂര്‍ണ സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ ഹബ്ബായി ഇന്ത്യയെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നതെന്ന്പ്രദാന്‍ പറഞ്ഞു.

Comments

comments

Categories: FK News