ഇന്ത്യയില്‍ നോട്ട് നിരോധിച്ചാല്‍ ചൈനയില്‍ എങ്ങനെയാണ് മാന്ദ്യമുണ്ടാകുന്നത്

ഇന്ത്യയില്‍ നോട്ട് നിരോധിച്ചാല്‍ ചൈനയില്‍ എങ്ങനെയാണ് മാന്ദ്യമുണ്ടാകുന്നത്

ഈ നാട്ടില്‍ സ്വന്തമായി വ്യവസായമാരംഭിക്കാന്‍ പോലും ബുദ്ധിമുട്ടേറിയ സാഹചര്യമാണുള്ളത്. ഗള്‍ഫ് പ്രവാസികള്‍ തിരിച്ചെത്തുമ്പോള്‍ അവരെ പുനരധിവസിപ്പിക്കാന്‍ ഒരു പ്ലാന്‍ തയ്യാറാക്കാന്‍ സംസ്ഥാനസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കേരളത്തെ സഹായിക്കാന്‍ കേന്ദ്രത്തിന് തുറന്ന മനസാണുള്ളത്. അത് സംസ്ഥാന സര്‍ക്കാരിനും അറിയാം. അതുകൊണ്ടാണ് കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍ ശക്തമായ കേന്ദ്ര വിരുദ്ധസമരങ്ങള്‍ നടത്തിയിരുന്ന സിപിഎമ്മിന് ഇപ്പോള്‍ സമരങ്ങള്‍ ചെയ്യാന്‍ കഴിയാത്തത്-ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറയുന്നു. തന്റെ വികസന സങ്കല്‍പ്പങ്ങളെ കുറിച്ചും സമകാലികരാഷ്ട്രീയത്തെ കുറിച്ചും കുമ്മനം രാജശേഖരന്‍ ഫ്യൂച്ചര്‍കേരളയോട് സംസാരിക്കുന്നു.

  • രാജ്യത്തിനുള്ളിലെ കമ്പനികളെ പ്രോല്‍സാഹിപ്പിക്കുന്ന നയം തന്നെയാണ് കേന്ദ്രസര്‍ക്കാരിന്റേത്
  • വിദ്യാഭ്യാസമേഖലയില്‍ ഒന്നാമതാണെങ്കില്‍ എന്തിനാണ് മലയാളികള്‍ വിദ്യാഭ്യാസത്തിന് പുറത്തുപോകുന്നത്
  • കണക്ടിവിറ്റിയുടെ അഭാവമാണ് അന്താരാഷ്ട്ര നിക്ഷേപങ്ങള്‍ ഇവിടെയെത്തുന്നതിന് പ്രധാനതടസം
  • ആയുര്‍വേദം പോലുള്ള സാധ്യതകളെ വേണ്ടവിധം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല
  • ഗവേഷണ വികസനത്തിനായി സംസ്ഥാനം കൂടുതല്‍ ചെലവിടല്‍ നടത്തണം

ആര്‍എസ്എസിന്റെ സാമ്പത്തികനയം സ്വദേശി അധിഷ്ഠിതമാണല്ലോ. എന്നാല്‍ വിദേശ കുത്തകകളേയും ഇറക്കുമതിയേയും പ്രോല്‍സാഹിപ്പിക്കുന്ന നിലപാടാണല്ലോ കേന്ദ്ര സര്‍ക്കാരിന്റേത്. ഇത് വൈരുദ്ധ്യം സൃഷ്ടിക്കുന്നുണ്ടോ?

ഒരിക്കലുമില്ല. രാജ്യത്തിനുള്ളിലെ കമ്പനികളെ പ്രോല്‍സാഹിപ്പിക്കുന്ന നയം തന്നെയാണ് കേന്ദ്രസര്‍ക്കാരിന്റേത്. മേക്ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതികള്‍ അതിനുവേണ്ടിയുള്ളതാണ്. സ്റ്റാര്‍ട്ടപ്പുകളെ പ്രോല്‍സാഹിപ്പിക്കുന്ന പദ്ധതികളും സ്വദേശിനയത്തിന്റെ ഭാഗമാണ്. വിദേശകമ്പനികളെ പോലും ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നത് ഇന്ത്യയില്‍ ഉല്‍പാദനം നടത്തണമെന്ന ഉദ്ദേശ്യത്തോടുകൂടിയാണ്. അതിന്റെ ഭാഗമായി ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ തൊഴില്‍ ലഭിക്കണം.

ആദ്യമുണ്ടായ പ്രളയം മനുഷ്യനിര്‍മിതമാണെന്ന ആരോപണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം അതേസമയത്ത് വീണ്ടും ദുരന്തം ആവര്‍ത്തിച്ചു. ആദ്യത്തെ പ്രളയശേഷം വേണ്ടത്ര മുന്‍കരുതലുകള്‍ എടുത്തിരുന്നെങ്കില്‍ രണ്ടാമത്തെ ദുരന്തം ഒഴിവാക്കാമായിരുന്നു എന്ന് കരുതുന്നുണ്ടോ?

എന്തുകൊണ്ടാണ് കേരളത്തില്‍ തുടര്‍ച്ചയായ ദുരന്തങ്ങളുണ്ടാകുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ. രണ്ടുദിവസം മഴ പെയ്താല്‍ വെള്ളപ്പൊക്കം, രണ്ടുദിവസം വെയില്‍ വന്നാല്‍ കുടിവെള്ളക്ഷാമം. ഇത് ദീര്‍ഘവീക്ഷണമില്ലാത്ത വികസനത്തിന്റെ പാര്‍ശ്വഫലങ്ങളാണ്. അതിന്റെ ഫലമായിട്ടുണ്ടാകുന്ന കാലാവസ്ഥാവ്യതിയാനത്തിന്റെ ദുരിതങ്ങളാണ് നാം ഇന്ന് അനുഭവിക്കുന്നത്. ഇത് കേരളം ഭരിച്ച സര്‍ക്കാരുകള്‍ വരുത്തിവച്ചതാണ്. ഇവിടെ ആര്‍ക്കുമൊരു നിയന്ത്രണവുമില്ല. അനധികൃതമായ നിരവധി ക്വാറികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ക്വാറികള്‍ പശ്ചിമഘട്ടത്തെയാകെ ഇല്ലാതാക്കുകയാണ്. നാല്‍പത്തിനാല് നദികളും നശിച്ചുകഴിഞ്ഞു. കേരളം വലിയൊരു ദുരന്തത്തിലേയ്ക്കാണ് പോയികൊണ്ടിരിക്കുന്നത്. തമിഴ്‌നാട് ഈ ദുരന്തം അനുഭവിച്ചുകഴിഞ്ഞു. കഴിഞ്ഞ വേനല്‍കാലത്ത് കുടിക്കാന്‍ ഒരുതുള്ളി വെള്ളം പോലുമില്ലാതെ അവര്‍ കഷ്ടപ്പെട്ടു. കേരളവും ആ പാതയിലേക്കാണ് നീങ്ങുന്നത്. നാല്‍പതിനായിരം ഹെക്ടറുണ്ടായിരുന്ന വനം നമുക്ക് നഷ്ടപ്പെട്ടു. എട്ട് ലക്ഷം ഹെക്ടറോളമുണ്ടായിരുന്ന പാടശേഖരങ്ങള്‍ ഇന്ന് രണ്ടര ലക്ഷം ഹെക്ടറായി കുറഞ്ഞു. കുന്നുകളെല്ലാം ഇടിച്ചുനിരത്തി. അറുപത് ശതമാനം കുളങ്ങളാണ് നമുക്ക് നഷ്ടപ്പെട്ടത്. പകുതിയലധികം കാവുകള്‍ വെട്ടിവെളിപ്പിച്ചു. കിണറുകള്‍ വ്യാപകമായി മൂടി. പിന്നെ എങ്ങനെ ഈ ദുരന്തം ഉണ്ടാകാതിരിക്കും. ഇതൊക്കെ പരിശോധിക്കാനോ നിയന്ത്രിക്കാനോ ആളില്ല.

2500 ഓളം വരുന്ന പാടങ്ങള്‍ മണ്ണിട്ടുനികത്തി വിമാനത്താവളം നിര്‍മിക്കാനാണ് സര്‍ക്കാരുകള്‍ക്ക് താല്‍പര്യം. ആറന്മുളയില്‍ ആ വിമാനത്താവളം യാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍ അഞ്ച് ഗ്രാമങ്ങള്‍ കഴിഞ്ഞതവണ ഒലിച്ചുപോയേനെ.

കേരളത്തില്‍ അഞ്ചാമതൊരു വിമാനത്താവളത്തിന്റെ ആവശ്യമുണ്ടോ?

വിമാനത്താവളത്തിന് ഞങ്ങള്‍ എതിരൊന്നുമല്ല. ആവശ്യമാണെങ്കില്‍ വിമാനത്താവളം പണിയണം. നഷ്ടമുണ്ടെങ്കില്‍ സഹിക്കണം. കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഒരു വിമാനത്താവളം പണിയുമ്പോള്‍ സ്വാഭാവികമായും ഫീസബിലിറ്റി പഠനമൊക്കെ നടത്തിയാകുമല്ലോ ആരംഭിക്കുന്നത്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയാണ് വിമാനത്താവളം എന്നാണ് സര്‍ക്കാര്‍ പറയുന്നത്. വര്‍ഷത്തില്‍ ആകെ രണ്ടരമാസം മാത്രമാണ് ശബരിമലയില്‍ നട തുറക്കുന്നത്. ബാക്കി ദിവസങ്ങളില്‍ ഈ വിമാനത്താവളം എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് അറിയില്ല. എന്നാല്‍ അതിനുമപ്പുറം ഈ പദ്ധതിയില്‍ ഒരു അഴിമതിയുണ്ട്. വിമാനത്താവളം നിര്‍മിക്കാനുദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാരിന്റേതാണ്. പാട്ടക്കാലാവധി കഴിഞ്ഞ് സര്‍ക്കാരിലേക്ക് തിരിച്ചേല്‍പ്പിക്കാതെ സ്വന്തമാക്കി വച്ചിരിക്കുന്ന സ്ഥലമാണ് വിമാനത്താവളത്തിന്റെ മറവില്‍ സര്‍ക്കാര്‍ പണം കൊടുത്ത് വാങ്ങുന്നത്. വളരെ ചെറിയ കേരളത്തില്‍ നിലവില്‍ തന്നെ നാല് വിമാനത്താവളങ്ങളുണ്ട്. അതിന് പുറമെ പാലക്കാട് നിന്നും ഒരു മണിക്കൂര്‍ യാത്ര മാത്രമുള്ള കോയമ്പത്തൂരില്‍ വിമാനത്താവളമുണ്ട്. കാസര്‍ഗോഡിന് തൊട്ടടുത്ത മംഗലാപുരത്ത് വിമാനത്താവളമുണ്ട്. തിരുന്നല്‍വേലിയില്‍ പുതിയ വിമാനത്താവളം വരാന്‍പോകുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇപ്പോള്‍ എത്തുന്ന കന്യാകുമാരി ജില്ലയിലും പരിസരപ്രദേശങ്ങളിലുമുള്ളവര്‍ തിരുന്നല്‍വേലിയിലേയ്ക്ക് പോയല്‍ തിരുവനന്തപുരം വിമാനത്താവളത്തിന്റെ അവസ്ഥ എന്താകുമെന്ന് കണ്ടറിയണം. ഒരു അന്താരാഷ്ട്രവിമാനത്താവളമെന്ന നിലയ്ക്ക് തിരുവനന്തപുരം വിമാനത്താവളത്തെ വികസിപ്പിക്കാന്‍ കഴിയുന്നില്ല. അത്തരത്തില്‍ വികസിപ്പിച്ചിരുന്നെങ്കില്‍ നിരവധി അന്താരാഷ്ട്ര കമ്പനികള്‍ തിരുവനന്തപുരത്ത് എത്തുമായിരുന്നു. കണക്ടിവിറ്റിയുടെ അഭാവമാണ് അന്താരാഷ്ട്ര നിക്ഷേപങ്ങള്‍ ഇവിടെയെത്തുന്നതിന് പ്രധാനതടസം. അത് തിരിച്ചറിഞ്ഞ് നിലവിലുള്ള സംവിധാനങ്ങള്‍ ഗുണപ്രദമായി വികസിപ്പിക്കാതെ പുതിയ വിമാനത്താവളങ്ങള്‍ ആരംഭിക്കുന്നതിന് പിന്നിലെ താല്‍പര്യങ്ങള്‍ മറ്റ് പലതുമാണ്.

കര്‍ണാടകയില്‍ പ്രളയമുണ്ടായപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും വളരെയധികം സഹായങ്ങള്‍ ലഭിച്ചു. പക്ഷെ കേരളത്തില്‍ ഉണ്ടായ പ്രളയത്തില്‍ കേരളം ചോദിച്ചത് ലഭിച്ചില്ലെന്ന് പരാതി ഉണ്ടായിരുന്നല്ലോ?

ആദ്യത്തെ പ്രളയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ആയിരത്തിആഞ്ഞൂറ് കോടിയില്‍ ഇനിയും അമ്പത്തൊമ്പത് കോടി രൂപ ചെലവാക്കാതെ ഇരിക്കുമ്പോഴാണ് ഇത്തവണത്തെ ദുരന്തത്തിന് ചോദിച്ച പണം നല്‍കിയത്. പ്രളയം ഉണ്ടായ ഉടന്‍ തന്നെ എഴുപത് കോടിരൂപ നല്‍കി. സംസ്ഥാന സര്‍ക്കാര്‍ ചോദിച്ച തുക നല്‍കിയില്ല എന്നത് വസ്തുതയാണ്. മുപ്പതിനാരം കോടി രൂപയാണ് കേരളം ചോദിച്ചത്. എന്നാല്‍ കേന്ദ്ര സംഘം പരിശോധിച്ചപ്പോള്‍ അത്രത്തോളം നഷ്ടമുണ്ടായിട്ടില്ല എന്ന് മനസിലായി. കേരളസര്‍ക്കാര്‍ പറഞ്ഞ നഷ്ടപരിഹാരം ആവശ്യമാണെന്ന് വിദഗ്ധ സംഘത്തെ ബോധ്യപ്പെടുത്താന്‍ ആവശ്യമായ ഒരു തെളിവുകളും സംസ്ഥാനസര്‍ക്കാര്‍ നല്‍കിയിട്ടില്ല. നാശനഷ്ടങ്ങള്‍ വിദഗ്ധസംഘത്തെ ബോധ്യപ്പെടുത്തുന്നതിന് ഒന്നും ചെയ്യാതെ കേന്ദ്രം പണം തന്നില്ലെന്ന് വിലപിച്ചിട്ട് കാര്യമുണ്ടോ.

ഗാഡ്കില്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിക്കുന്നവരാണ് ഭാരതീയ ജനതാ പാര്‍ട്ടിയും ദേശീയ ജനാധിപത്യസഖ്യവും. എന്നാല്‍ അത് നടപ്പിലാക്കാന്‍ സാധിക്കുന്നില്ല. അത് എത്രയുംവേഗം നടപ്പിലാക്കാന്‍ ബിജെപി സംസ്ഥാനഘടകം കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമോ?

ഞങ്ങള്‍ ആവശ്യപ്പെട്ടുകഴിഞ്ഞല്ലോ. സംസ്ഥാനസര്‍ക്കാരുകളാണ് അത് നടപ്പിലാക്കേണ്ടത്. റിപ്പോര്‍ട്ട് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം ചോദിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

രാജ്യത്ത് ഇന്നുണ്ടായിരിക്കുന്ന സാമ്പത്തികമാന്ദ്യം കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണല്ലോ. കഴിഞ്ഞ നാല്‍പത്തിയഞ്ച് വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മയിലേയ്ക്ക് രാജ്യം കൂപ്പുകുത്തി. നോട്ടുനിരോധനം, ജിഎസ്ടി തുടങ്ങിയവ ഇതിന് കാരണമായിട്ടുണ്ടോ?

ഇന്ത്യയില്‍ നോട്ട് നിരോധിച്ചാല്‍ ചൈനയില്‍ എങ്ങനെയാണ് മാന്ദ്യമുണ്ടാകുന്നത്. യൂറോപ്പില്‍ എങ്ങനെയാണ് മാന്ദ്യമുണ്ടാകുന്നത്. നിലവിലുള്ള സാമ്പത്തികമാന്ദ്യം ഒരു ആഗോളപ്രതിഭാസമാണ്. എന്നാല്‍പോലും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് സാമ്പത്തികമാന്ദ്യം മൂലമുണ്ടായ പ്രശ്‌നങ്ങള്‍ ഇന്ത്യയില്‍ താരതമ്യേന കുറവാണ്. കേരളത്തില്‍ തൊഴിലില്ലായ്മ നിരക്ക് 9.8 % ആണ്. അതായത് 35 ലക്ഷം പേര്‍ ഇവിടെ തൊഴില്‍രഹിതരാണ്. ദേശീയശരാശരി വെറും 6 % ആണ്. കേന്ദ്രത്തെ കുറ്റം പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ. മുംബൈയില്‍ 26 ലക്ഷം മലയാളികളുണ്ട്. ഗള്‍ഫില്‍ 38 ലക്ഷം മലയാളികളുണ്ട്. എന്തുകൊണ്ടാണ് ഇവര്‍ക്ക് കേരളത്തില്‍ നിന്നും പുറത്തുപോകേണ്ടി വന്നത്. ഇവിടെ ജോലി കിട്ടാത്തത് കൊണ്ടല്ലേ. ഇന്ത്യയിലെ ആദ്യത്തെ ഐടി പാര്‍ക്ക് ആരംഭിച്ചത് കേരളത്തിലാണ്. എന്നാല്‍ അതിന് ശേഷം ഐടി മേഖലയിലേയ്ക്ക് തിരിഞ്ഞ ബാംഗ്ലൂരും ഹൈദ്രാബാദുമൊക്കെ ഈ മേഖലയില്‍ ഉയരങ്ങളിലെത്തി. അവിടേക്ക് ഗൂഗിള്‍ വന്നു, ആപ്പിള്‍ വന്നു, ഫേസ്ബുക്ക് വന്നു, മറ്റ് അന്താരാഷ്ട്ര കമ്പനികള്‍ വന്നു. എന്നാല്‍ അവരൊന്നും കേരളത്തിലേക്ക് വന്നില്ല. എന്തുകൊണ്ടാണെന്ന് നമ്മള്‍ ചിന്തിക്കണം. കേരളമൊരു പ്രശ്‌നസംസ്ഥാനമാണ്. ഒരു നിക്ഷേപ സൗഹൃദ സംസ്ഥാനമല്ല. വേണ്ടത്ര അടിസ്ഥാനവികസനമില്ല, കണക്ടിവിറ്റി ഇല്ല. ഇവിടെ സ്റ്റാര്‍ട്ടപ്പ് രംഗത്ത് എന്തൊക്കെയോ ചെയ്യുന്നുവെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ 36.25 ലക്ഷം തൊഴില്‍രഹിതരാണ് കേരളത്തിലുള്ളത്. (പത്രകട്ടിങ്ങുകള്‍ കാണിക്കുന്നു) 44550 ചെറുപ്പക്കാരാണ് എന്‍ജിനിയറിങ് കഴിഞ്ഞ് ജോലി ഇല്ലാതെ നില്‍ക്കുന്നത്. 7303 ഡോക്ടര്‍മാര്‍ തൊഴില്‍രഹിതരാണ്. 6413 പേര്‍ എംബിഎക്കാരാണ്. ബിഎസ്‌സി നേഴ്‌സിങ് കഴിഞ്ഞ പതിനായിരം പേരുണ്ട്. പിജി കൊമേഴ്‌സ് ചെയ്തവര്‍ 11000 പേരുണ്ട്. എംഎ കഴിഞ്ഞവര്‍ 20000 പേരുണ്ട്. ഞാന്‍ വെറുതേ പറയുന്നതല്ല. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ്. അതില്‍ പത്തോ ആയിരമോ പേര്‍ക്ക് മാത്രം ജോലി കിട്ടിയിട്ട് കാര്യമില്ലല്ലോ.

ആരോഗ്യമേഖലയിലും വിദ്യാഭ്യാസമേഖലയിലും കേരളം ഒന്നാമതല്ലെ?

വിദ്യാഭ്യാസമേഖലയില്‍ ഒന്നാമതാണെങ്കില്‍ എന്തിനാണ് മലയാളികള്‍ വിദ്യാഭ്യാസത്തിന് പുറത്തുപോകുന്നത്. ഉന്നതവിദ്യാഭ്യാസത്തിന് ഇവിടെ വേണ്ടത്ര സൗകര്യമില്ല എന്നല്ലെ അതിനര്‍ത്ഥം. സ്വകാര്യമേഖലയില്‍ ഇവിടെ ചില സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അതൊന്നും സര്‍ക്കാരിന്റെ കഴിവല്ലല്ലോ. ഒരുപാട് ആശുപത്രികള്‍ ഇവിടെ ആരംഭിച്ചിട്ടുണ്ട്. അത് അത്രയധികം രോഗികള്‍ ഇവിടെ ഉള്ളത് കൊണ്ടല്ലേ. അതാണോ വികസനം. മദ്യവും ലോട്ടറിയുമാണ് കേരളത്തിന്റെ പ്രധാന വരുമാനമാര്‍ഗം. ജനങ്ങള്‍ എന്ന് മദ്യപാനം നിര്‍ത്തുന്നോ അന്ന് നമ്മുടെ വരുമാനം നില്‍ക്കും. അതുകൊണ്ടാണ് സര്‍ക്കാര്‍ മദ്യപാനത്തെ പ്രോല്‍സാഹിപ്പിക്കുന്നത്. എത്രമാത്രം വിഭവങ്ങളുണ്ട് നമ്മുടെ നാട്ടില്‍. എന്നാല്‍ അതൊന്നും വിനിയോഗിക്കുന്നില്ല. ഇവിടെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഇല്ല. നമ്മുടെ വിഭവങ്ങളെ പറ്റി കാര്യമായ പഠനങ്ങള്‍ നടക്കുന്നില്ല. ആയുര്‍വേദം മതിയല്ലോ നമ്മുടെ നാടിനെ രക്ഷിക്കാന്‍. ടൂറിസംമേഖലയില്‍ നിന്നുള്ള വരുമാനം കുറഞ്ഞുവരുകയാണ്. ആയുര്‍വേദം പോലുള്ള സാധ്യതകളെ വേണ്ടവിധം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. വ്യവസായങ്ങള്‍ തുടങ്ങാന്‍ തയ്യാറായി വരുന്നവര്‍ക്ക് എന്ത് പ്രോല്‍സാഹനമാണ് ഇവിടെ ലഭിക്കുന്നത്. പ്രോല്‍സാഹനമില്ല എന്ന് മാത്രമല്ല അവരെ ആത്മഹത്യയിലേയ്ക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ആഴ്ച്ച ഞാന്‍ ഗുജറാത്തിലായിരുന്നു. അവിടെ ഒരു വ്യവസായം തുടങ്ങണമെങ്കില്‍ വ്യവസായ ഓഫീസറെ ഫോണില്‍ ബന്ധപ്പെട്ടാല്‍ മതി. വ്യവസായ ഓഫീസര്‍ ബാങ്ക് മാനേജരുമായി വീട്ടിലെത്തും. പെര്‍ഫോമ അവര്‍ പൂരിപ്പിച്ച് തരും. ആവശ്യമായ രേഖകള്‍ അവര്‍ തന്നെ ശരിയാക്കിത്തരും. വ്യവസായങ്ങള്‍ക്ക് കറണ്ട് കണക്ഷനൊക്കെ വേഗത്തില്‍ ലഭിക്കും. നിങ്ങളെകൊണ്ട് വ്യവസായം തുടങ്ങിച്ചിട്ടേ അവര്‍ അടങ്ങു. അതേസമയം ഇവിടെ ആറന്മുളയില്‍ ഞാനൊരു ചക്കമഹോല്‍സവം നടത്തിയിരുന്നു. 300 പേര്‍ക്ക് 120 ചക്കഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കാന്‍ പരിശീലനം നല്‍കി. അതില്‍ 70 പേര്‍ സ്വയംസംരംഭം ആരംഭിക്കാന്‍ തയ്യാറായിരുന്നു. ഒരുമാസം കഴിഞ്ഞ് വിളിച്ചപ്പോള്‍ അതില്‍ 25 പേര്‍ സ്വയംതൊഴിലിനായി അപേക്ഷ നല്‍കി കഴിഞ്ഞു. എന്നാല്‍ ഇന്നുവരെ ഒരാള്‍ക്ക് പോലും തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. നിരവധിതവണ അവര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ കയറിഇറങ്ങി മടുത്തു. ഇത് എന്റെ അനുഭവമാണ്. ഇങ്ങനെ എത്രയോപേര്‍.

താങ്കള്‍ ബിജെപി സംസ്ഥാനപ്രസിഡന്റ് ആയിരുന്നപ്പോള്‍ വിദഗ്ധരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തി കേരള ഡെവലപ്പ്‌മെന്റ് പ്ലാന്‍ തയ്യാറാക്കിയിരുന്നല്ലോ. പിന്നീട് അതിന്റെ ഫോളോഅപ്പ് എന്തായിരുന്നു?

തയ്യാറാക്കിയ പ്ലാനുകള്‍ ഉള്‍പ്പെടെ നിവേദനം കേരളസര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും അയച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ചില പദ്ധതികളും കേന്ദ്രസര്‍ക്കാര്‍ മുഖവിലയ്‌ക്കെടുത്തിരുന്നു. പമ്പാനദിയുടെ ക്ലീനിംഗുമായി ബന്ധപ്പെട്ട് ഞങ്ങളുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും ചില നോട്ടീസുകളൊക്കെ വന്നിരുന്നു. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞശേഷം അതിന് പിന്നാലെ പോകാന്‍ കഴിഞ്ഞില്ല. വീണ്ടും അതിന് സമാനമായി ഭാവികേരളം എങ്ങനെയായിരിക്കണമെന്നതിനെ പറ്റി ഒരു ചര്‍ച്ച ഉദ്ദേശിക്കുന്നുണ്ട്.

ബിജെപിയുടെ പുതിയ സംസ്ഥാനഅധ്യക്ഷന് വേണ്ടിയുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടാല്‍ ഒരിക്കല്‍കൂടി ആ പദവി ഏറ്റെടുക്കുമോ?

ആദ്യം നേതൃത്വം ആവശ്യപ്പെടട്ടെ. അക്കാര്യം അപ്പോള്‍ ആലോചിക്കാം.

കേരളത്തിന്റെ രാഷ്ട്രീയവിമര്‍ശനങ്ങള്‍ വ്യക്തിപരമായ പരിഹാസങ്ങളായി മാറുന്നുണ്ടോ? ക്രിയാത്മകരാഷ്ട്രീയമെന്നത് അന്യമാകുന്നുണ്ടോ?

കേരളത്തിലിന്നുള്ളത് നിഷേധാത്മക രാഷ്ട്രീയമാണ്. നമുക്ക് വേണ്ടത് താങ്കള്‍ പറഞ്ഞതുപേലെ ക്രിയാത്മക രാഷ്ട്രീയമാണ്. നമ്മുടെ നാട് വളരണം, അതിന് വേണ്ടി രാഷ്ട്രീയത്തിനതീതമായി ഒന്നിച്ചുനില്‍ക്കണമെന്ന ചിന്ത ഇവിടെയില്ല. കേന്ദ്രപദ്ധതികള്‍ നേടിയെടുക്കാന്‍ വേണ്ട രീതിയിലുള്ള ഹോംവര്‍ക്കുകള്‍ ഇവിടെ നടക്കുന്നില്ല. ഒരു പദ്ധതി ആവശ്യപ്പെടുമ്പോള്‍ അതിന്റെ കേന്ദ്രം ചോദിക്കുന്നതിന് മറുപടികള്‍ ഇവിടെ നിന്നും കൊടുക്കുന്നില്ല. ഉദാഹരണമായി പമ്പാനദി ശുചീകരണ പ്രോജക്ടിനായി 400 കോടിരൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. അതില്‍ 20 കോടി നല്‍കികഴിഞ്ഞു. എന്നാല്‍ ആ പണം വിനിയോഗിച്ചതിന്റെ കണക്ക് ഇതുവരെ കേന്ദ്രത്തിന് കൊടുത്തിട്ടില്ല. എന്നാലല്ലേ അടുത്ത ഗഡു ലഭിക്കു. ഇതുപോലെയാണ് തൊഴിലുറപ്പ് പദ്ധതിയുടെ കാര്യവും. തൊഴിലുറപ്പ് പദ്ധതിയ്ക്കായി 2000 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. എന്നാല്‍ കേരളസര്‍ക്കാര്‍ അതില്‍ രണ്ടാമത്തെ ഗഡു വാങ്ങിച്ചിട്ടെ ഉള്ളു. മറ്റു സംസ്ഥാനങ്ങള്‍ നാലാമത്തേയും അഞ്ചാമത്തേയും ഗഡുക്കള്‍ വാങ്ങിക്കഴിഞ്ഞു. ചെയ്യേണ്ടത് ചെയ്യാതെ വെറുതെ കേന്ദ്രത്തെ കുറ്റം പറയുകമാത്രമാണ് സംസ്ഥാനസര്‍ക്കാര്‍ ചെയ്യുന്നത്. കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍ എത്രയോ വലിയ കേന്ദ്ര വിരുദ്ധ സമരങ്ങള്‍ നടത്തിയിരുന്നവരാണ് എല്‍ഡിഎഫ്. ഇപ്പോഴെന്താണ് കേന്ദ്രവിരുദ്ധ സമരങ്ങള്‍ നടത്താത്തത്. അത്തരത്തില്‍ സമരം നടത്താനുള്ള കാര്യങ്ങളൊന്നും കേന്ദ്രത്തിനെതിരെ അവര്‍ക്ക് പറയാന്‍ കഴിയില്ല. കേന്ദ്രം അവഗണിക്കുന്നു എന്ന് പോലും അവര്‍ക്ക് പറയാന്‍ കഴിയില്ല. കേരളത്തിലെ ദേശീയപാതാ വികസനത്തിന് വേണ്ടി 35000 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്. സ്ഥലമേറ്റെടുത്ത് നല്‍കുന്നതിനനുസരിച്ച് പണി നടക്കും. റെയില്‍വേ പാത ഇരട്ടിപ്പിക്കലിന് എന്ത് സഹായം ചെയ്യാനും കേന്ദ്രം തയ്യാറാണ്. എന്നിട്ടും സംസ്ഥാനസര്‍ക്കാര്‍ ഇഴഞ്ഞുനീങ്ങുകയാണ്. എന്നിട്ട് കേന്ദ്രത്തെ വെറുതെ പഴി പറയുകയാണ്. ഈ പഴി പറച്ചിലാണ് നിഷേധാത്മകരാഷ്ട്രീയം. ക്രിയാത്മകരാഷ്ട്രീയമാണെങ്കില്‍ സര്‍വകക്ഷികളെയും വിളിച്ചുകൂട്ടി അവരുടെ കൂടി സഹകരണത്തോടെ കേന്ദ്രത്തില്‍ നിന്നും സഹായങ്ങള്‍ നേടി എടുക്കുകയും അതിനാവശ്യമായ രേഖകള്‍ ഹാജരാക്കി അത് ഫോളോ അപ്പ് ചെയ്യുകയുമാണുണ്ടാകുക. ഇവിടെ റോഡുകള്‍ നന്നാക്കുന്നില്ല, വിമാനത്താവളങ്ങള്‍ വികസിപ്പിക്കുന്നില്ല, ടെക്‌നോപാര്‍ക്ക് പോലുള്ള ഐടി പാര്‍ക്കുകളെ വളര്‍ത്തുന്നില്ല, തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന സ്ഥാപനങ്ങള്‍ ഉണ്ടാകുന്നില്ല. റീബില്‍ഡ് കേരള എന്ന സര്‍ക്കാരിന്റെ മുദ്രാവാക്യത്തോട് പൂര്‍ണമായും യോജിക്കുന്നു. പക്ഷെ എങ്ങനെ? നമ്മുടെ വിഭവങ്ങളെ നമുക്ക് ഉപയോഗിക്കാന്‍ കഴിയണം. അതിന് ഇച്ഛാശക്തിയുള്ള ഒരു നേതൃത്വം ഉണ്ടാകണം. നമ്മുടെ ഭൗതികജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടണം, ജനങ്ങള്‍ പ്രയോജനമുണ്ടാകുന്ന വികസനങ്ങള്‍ ഉണ്ടാകണം. ഗള്‍ഫ് രാജ്യങ്ങള്‍ വളരെയധികം വെല്ലുവിളികളിലൂടെ കടന്നുപോകുകയാണ്. നിരവധി മലയാളികള്‍ക്ക് തിരിച്ചുവരേണ്ടിവരുന്നു. സംസ്ഥാനത്തിന്റെ വലിയൊരു വരുമാനമാണ് നിന്നുപോകുന്നത്. തിരിച്ചെത്തുന്നവരെ പുനരധിവസിപ്പിക്കണം.

Categories: FK Special, Slider