വളര്‍ച്ച 5% ലേക്ക് താഴും: സിഎല്‍എസ്എ

വളര്‍ച്ച 5% ലേക്ക് താഴും: സിഎല്‍എസ്എ
  • മോശം സാഹചര്യത്തില്‍ വളര്‍ച്ച 4.50 ശതമാനം വരെ ഇടിയാം
  • 2021 ല്‍ തിരിച്ചുവരവുണ്ടാകും; 7.6 ശതമാനം വളര്‍ച്ചാ പ്രതീക്ഷ

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ വലയം ചെയ്തിരിക്കുന്ന മാന്ദ്യത്തിന്റെ മഞ്ഞ്, നടപ്പ് സാമ്പത്തിക വര്‍ഷം കൂടുതല്‍ ഘനീഭവിക്കുമെന്ന് പ്രമുഖ ആഗോള നിക്ഷേപക സ്ഥാപനമായ സിഎല്‍എസ്എയുടെ മുന്നറിയിപ്പ്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) വളര്‍ച്ച അഞ്ച് ശതമാനത്തിലേക്ക് താഴ്‌ന്നേക്കാമെന്നാണ് സിഎല്‍എസ്എയിലെ വിദഗ്ധര്‍ പ്രവചിക്കുന്നത്. ഏറ്റവും മോശം സാഹചര്യത്തില്‍ വളര്‍ച്ച 50 ബേസിസ് പോയന്റുകള്‍ ഇടിഞ്ഞ് 4.50 ശതമാനം വരെയാകാമെന്നും വിദഗ്ധര്‍ അനുമാനിക്കുന്നു. ബാങ്ക് ഇതര സാമ്പത്തിക സേവന (എന്‍ബിഎഫ്‌സി) സ്ഥാപനങ്ങളിലെ തകര്‍ച്ചയോടെ ആരംഭിച്ച പണത്തിന്റെ അഭാവം നിക്ഷേപം സ്വീകരിക്കുന്ന സ്ഥാപനങ്ങളിലേക്കും ഇപ്പോള്‍ പടര്‍ന്നെന്ന് സിഎല്‍എസ്എ മുഖ്യ സാമ്പത്തിക വിദഗ്ധനായ എറിക് ഫിഷ്‌വിക്ക് പറയുന്നു. ഇന്ത്യ കടുത്ത വായ്പാ പ്രതിസന്ധിയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഇന്ത്യ ചരിത്രപരമായ വളര്‍ച്ചാ ശൈലിക്ക് പിന്നിലാണ് ഇപ്പോള്‍. ആകമാന ഉപഭോക്തൃ ആവശ്യകതയില്‍ സമ്മര്‍ദ്ദം ദൃശ്യമാണ്. മോദിയുടെ കോര്‍പ്പറേറ്റ് നികുതി കുറയ്ക്കല്‍ സുധീരമായ തീരുമാനമാണെങ്കിലും ഫലം കാണിച്ചുതുടങ്ങാന്‍ സമയമെടുക്കും. 2020 അവസാനത്തേക്ക് ഇന്ത്യയുടെ മടങ്ങിവരവ് മാറ്റിവെക്കേണ്ടി വരും’ ഫിഷ്‌വിക്ക് പറഞ്ഞു.

സെപ്റ്റംബറില്‍ വ്യവസായ ഉല്‍പ്പാദന സൂചിക 4.3 ശതമാനത്തിലേക്ക് വീണത് ശുസൂചനയല്ലെന്ന് സിഎല്‍എസ്എ നിരീക്ഷിക്കുന്നു. എട്ടു വര്‍ഷത്തെ താഴ്ന്ന നിലയാണിത്. നികുതി വരുമാനം താഴ്ന്നതിനൊപ്പം കോര്‍പ്പറേറ്റ് നികുതി കൂടി കുറയ്‌ക്കേണ്ടി വന്നത് സര്‍ക്കാരിന്റെ മേല്‍ അധികഭാരം ഏല്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ 2021 ല്‍ ഇന്ത്യയുടെ ആവേശകരമായ തിരിച്ചുവരവും സിഎല്‍എസ്എ പ്രവചിക്കുന്നു. 7.6 ശതമാനം ജിഡിപി വളര്‍ച്ച അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം നേടുമെന്നാണ് പ്രതീക്ഷയെന്ന ഫിഷ്‌വിക്ക് പറഞ്ഞു. ആര്‍ബിഐ നിലവിലെ 5.15 ശതമാനത്തില്‍ നിന്ന് ഒരു ശതമാനം വരെ റിപ്പോ നിരക്ക് താഴ്ത്താമെന്നും സിഎല്‍എസ്എ നിരീക്ഷിക്കുന്നുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 50 ബേസിസ് പോയന്റിന്റഏയും 2021 ല്‍ വീണ്ടും 50 ബേസിസ് പോയന്റിന്റേയും വെട്ടിക്കുറയ്ക്കലാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജിഡിപി പ്രവചനം

രാജ്യം 2019 2020 2021

യുഎസ്എ 2.2 1 2.2

യൂറോപ്പ് 1 0.7 1.5

ജപ്പാന്‍ 0.7 0.3 0.7

ചൈന 6.3 6 5.8

ഇന്ത്യ 5.7 5 6.2

Comments

comments

Categories: FK News