ഡീസല്‍ വേരിയന്റുകളുടെ വില്‍പ്പന അവസാനിപ്പിച്ചു

ഡീസല്‍ വേരിയന്റുകളുടെ വില്‍പ്പന അവസാനിപ്പിച്ചു
  • ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 ഇനി പെട്രോള്‍ എന്‍ജിനില്‍ മാത്രം
  • മാഗ്ന, സ്‌പോര്‍ട്‌സ് എന്നീ വേരിയന്റുകളില്‍ മാത്രമായിരിക്കും ഇനി ഗ്രാന്‍ഡ് ഐ10 ലഭിക്കുന്നത്

ന്യൂഡെല്‍ഹി: ഗ്രാന്‍ഡ് ഐ10 ഹാച്ച്ബാക്കിന്റെ ഡീസല്‍ വേരിയന്റുകളുടെ വില്‍പ്പന ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ അവസാനിപ്പിച്ചു. മാത്രമല്ല, ഇനി മാഗ്ന, സ്‌പോര്‍ട്‌സ് എന്നീ മിഡ് സ്‌പെക് വേരിയന്റുകളില്‍ മാത്രമായിരിക്കും ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 ലഭിക്കുന്നത്. ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് കാര്‍ പരിഷ്‌കരിച്ചോ എന്ന് വ്യക്തമല്ല. ഗ്രാന്‍ഡ് ഐ10 നിയോസ് പുറത്തിറങ്ങിയാല്‍ ഗ്രാന്‍ഡ് ഐ10 ഡീസല്‍ വേരിയന്റുകള്‍ നിര്‍ത്തുമെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു.

1.2 ലിറ്റര്‍ എന്‍ജിനാണ് പെട്രോള്‍ വേരിയന്റുകള്‍ക്ക് കരുത്തേകുന്നത്. ഈ മോട്ടോര്‍ 83 ബിഎച്ച്പി കരുത്തും 114 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സിഎന്‍ജി-പെട്രോള്‍ പതിപ്പിലും ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 ലഭിക്കും. ഈ വേര്‍ഷനില്‍ പെട്രോള്‍ ഉപയോഗിക്കുമ്പോള്‍ 81.6 എച്ച്പി കരുത്തും 110 എന്‍എം ടോര്‍ക്കും സിഎന്‍ജി ഉപയോഗിക്കുമ്പോള്‍ 66.3 എച്ച്പി കരുത്തും 98 എന്‍എം ടോര്‍ക്കും ലഭിക്കും. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഇനി ലഭിക്കില്ല. 5 സ്പീഡ് മാന്വല്‍ മാത്രമായിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍. സ്‌പോര്‍ട്‌സ് വേരിയന്റില്‍ മാത്രമാണ് സിഎന്‍ജി ഓപ്ഷന്‍ ലഭിക്കുന്നത്.

അലോയ് വീലുകള്‍, റിയര്‍ വാഷ് വൈപ്പര്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവ ഇനി ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 ഹാച്ച്ബാക്കില്‍ ഉണ്ടായിരിക്കില്ല. അതേസമയം, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ സഹിതം 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, റിയര്‍ പാര്‍ക്കിംഗ് കാമറ, പവര്‍ ഫോള്‍ഡിംഗ് വിംഗ് മിററുകള്‍ എന്നിവ സ്‌പോര്‍ട്‌സ് വേരിയന്റില്‍ തുടര്‍ന്നും ഫീച്ചറുകളായിരിക്കും.

Comments

comments

Categories: Auto