ഹെലിക്കോപ്റ്റര്‍ കരാറിനായി ടാറ്റയും അദാനിയും രംഗത്ത്

ഹെലിക്കോപ്റ്റര്‍ കരാറിനായി ടാറ്റയും അദാനിയും രംഗത്ത്
  • നാവിക സേനയ്ക്കായി നിര്‍മിക്കുന്നത് 25,000 കോടി രൂപ ചെലവില്‍ 111 ചോപ്പറുകള്‍
  • ടാറ്റയ്്ക്കും അദാനിക്കുമൊപ്പം മഹീന്ദ്ര ഡിഫന്‍സും ഭാരത് ഫോര്‍ജും അന്തിമ പട്ടികയില്‍

ന്യൂഡെല്‍ഹി: നാവിക സേനയ്ക്കായി 111 വിവിധോദ്ദേശ്യ ഹെലിക്കോപ്റ്ററുകള്‍ നിര്‍മിക്കാനുള്ള അന്തിമ കരാര്‍ നേടാനായി നാല് ഇന്ത്യന്‍ കമ്പനികള്‍ സജീവമായി രംഗത്ത്. 25,000 കോടി രൂപ ചെലവ് വരുന്ന കരാറില്‍ തന്ത്രപരമായ ആഭ്യന്തര പ്രതിരോധ പങ്കാളിയാകാനാണ് ടാറ്റ, അദാനി, മഹീന്ദ്ര ഡിഫന്‍സ്, ഭാരത് ഫോര്‍ജ് എന്നീ കമ്പനികള്‍ മത്സരിക്കുന്നത്. വിദേശ കമ്പനികളുമായി ചേര്‍ന്നുള്ള പ്രതിരോധ ഉല്‍പ്പാദനത്തിലൂടെ ആഭ്യന്തര പ്രതിരോധ ഉല്‍പ്പാദനം ശക്തമാക്കാനും സ്വയംപര്യാപ്തത കൈവരിക്കാനുമാണ് മോദി സര്‍ക്കാര്‍ പദ്ധതിയിട്ടിരിക്കുന്നത്. കേന്ദ്രത്തിന്റെ തന്ത്രപ്രധാന പങ്കാളിത്ത നയത്തിന്റെ അടിസ്ഥാനത്തിലുള്ള ആദ്യത്തെ കരാറാണിത്. പൊതുമേഖലാ സ്ഥാപനമടക്കം എട്ട് ഇന്ത്യന്‍ കമ്പനികള്‍ പ്രതിരേധ പങ്കാളിത്ത കരാറിന്റെ ഭാഗമാകാന്‍ മുന്നോട്ടുവന്നിരുന്നു. ഇവയില്‍ നിന്നാണ് നാല് കമ്പനികളെ നാവികസേന തിരഞ്ഞെടുത്തത്.

യൂറോപ്യന്‍ എയര്‍ബസ് ഹെലികോപ്‌റ്റേഴ്‌സ്, യുഎസിലെ സിക്രോസ്‌കി-ലോക്ക്ഹീഡ് മാര്‍ട്ടിന്‍, റഷ്യയിലെ റോസോബോറോണ്‍എക്‌സ്‌പോര്‍ട്ട് എന്നിവയാണ് അന്തിമ പട്ടികയില്‍ ഇടം നേടിയ വിദേശ പ്രതിരോധ നിര്‍മാതാക്കള്‍. ഇവയില്‍ തെരഞ്ഞെടുക്കപ്പെടുന്ന കമ്പനികളുമായി ഇന്ത്യന്‍ കമ്പനി പ്രതിരോധ പങ്കാളിത്തം ഉണ്ടാക്കണം. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്ത വിദേശ, സ്വദേശി കമ്പനികളുടെ പട്ടിക പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പ്രതിരോധ ഏറ്റെടുപ്പ് കൗണ്‍സിലിന് (ഡിഎസി) നാവികസേന ഉടന്‍ സമര്‍പ്പിക്കും. മുന്നോട്ടുപോകാനുള്ള അനുമതി ഡിഎസിയില്‍ നിന്നാണ് ലഭിക്കേണ്ടത്.

കരാര്‍ പ്രകാരം, 11 ഹെലിക്കോപ്റ്ററുകളില്‍ 16 എണ്ണം വിദേശ കമ്പനിയുടെ വിദേശത്തുള്ള കേന്ദ്രത്തിലാവും നിര്‍മിക്കുക. ഇന്ത്യന്‍ കമ്പനിയുമായുള്ള സംയുക്ത സംരംഭമായി ഇന്ത്യയിലെ ഉല്‍പ്പാദന കേന്ദ്രങ്ങളില്‍ ശേഷിക്കുന്ന 95 ചോപ്പറുകളും നിര്‍മിക്കും.

തന്ത്രപ്രധാന പങ്കാളിത്തം

നിര്‍ണായകമായ പ്രതിരോധ രംഗത്ത് സ്വാശ്രയത്വം വളര്‍ത്താനും കയറ്റുമതി കൂടി ആരംഭിക്കാനും ലക്ഷ്യമിട്ട് മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന്റെ കാലത്ത് ആരംഭിച്ച പദ്ധതിയാണ് തന്ത്രപ്രധാന പങ്കാളിത്ത കരാര്‍. നിര്‍മല സീതാരാമന്‍ പ്രതിരോധ മന്ത്രിയായിരിക്കെ പദ്ധതിക്ക് അന്തിമ രൂപമായി. വിദേശ കമ്പനികളില്‍ നിന്ന് നൂതന സാങ്കേതിക വിദ്യകള്‍ സ്വന്തമാക്കാനും ഇന്ത്യയില്‍ ലോകോത്തര ഉല്‍പ്പാദന കേന്ദ്രങ്ങള്‍ സ്ഥാപിച്ച് പ്രതിരോധ ഉല്‍പ്പാദനം നടത്താനുമാണ് ലക്ഷ്യം. രാജ്യത്ത് സ്വകാര്യ മേഖലയില്‍ പ്രതിരോധ ഉല്‍പ്പാദന കമ്പനികളെ ശക്തിപ്പെടുത്താനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു.

Comments

comments

Categories: Arabia
Tags: Adani, Tata