പശ്ചിമേഷ്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സ്വീകാര്യത കൂടും: മേഴ്‌സിഡസ് ബെന്‍സ് സിഇഒ

പശ്ചിമേഷ്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള സ്വീകാര്യത കൂടും: മേഴ്‌സിഡസ് ബെന്‍സ് സിഇഒ

ഇല്ക്ട്രിക് വാഹനങ്ങള്‍ സംബന്ധിച്ച് ആളുകള്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നു

ദുബായ്: സാങ്കേതികവിദ്യ സംബന്ധിച്ച് തെറ്റിദ്ധാരണകള്‍ ഏറെയുണ്ടെങ്കിലും അതിനുവേണ്ട അടിസ്ഥാനസൗകര്യങ്ങള്‍ കുറവാണെങ്കിലും പശ്ചിമേഷ്യയില്‍ ഇലക്ട്രിക് കാറുകള്‍ക്കുള്ള സ്വീകാര്യതയില്‍ വര്‍ധനവുണ്ടാകുമെന്ന് മേഴ്‌സിഡസ് ബെന്‍സിന്റെ പശ്ചിമേഷ്യ വിഭാഗം സിഇഒ തോമസ് ക്ലീന്‍. അടിസ്ഥാനപരമായി മോട്ടോര്‍വാഹനങ്ങളുടെ ഭാവി ഇലക്ട്രിക് വാഹനങ്ങളിലാണെന്നും എന്നുകരുതി പരമ്പരാഗത എഞ്ചിനുകളോടുകൂടിയ വാഹനങ്ങള്‍ ഇല്ലാതാകില്ലെന്നും തോമസ് ക്ലീന്‍ അഭിപ്രായപ്പെട്ടു.

ദുബായ് മോട്ടോര്‍ ഷോയോട് അനുബന്ധിച്ച് മാധ്യമങ്ങളോട്് സംസാരിക്കുകയായിരുന്നു തോമസ് ക്ലീന്‍. ഇലക്ട്രിക് കാറുകളുടെ സാങ്കേതികവിദ്യ സംബന്ധിച്ച് നിരവധി തെറ്റിദ്ധാരണകള്‍ ഇന്നുണ്ട്. എങ്കിലും പശ്ചിമേഷ്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടാകും. എന്നുകരുതി പരമ്പരാഗത എഞ്ചിനുകള്‍ ഇല്ലാതാകില്ല. കൂടുതല്‍ ഹൈബ്രിഡ് വാഹനങ്ങള്‍ പുറത്തിറങ്ങും. അതോടൊപ്പം തന്നെ സമ്പൂര്‍ണ ഇലക്ട്രിക് വാഹനങ്ങളും വരും. ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത അതുമായി ബന്ധപ്പെട്ട നയങ്ങളും നല്‍കുന്ന സൗകര്യങ്ങളും അനുസരിച്ചായിരിക്കുമെന്നും തോമസ് ക്ലീന്‍ പറഞ്ഞു.

2018ലാണ് മേഴ്‌സിഡസ് ബെന്‍സ് ആദ്യമായി ഇക്യുസി എന്ന ഇലക്ട്രിക് വാഹനം അവതരിപ്പിക്കുന്നത്. 2022 ഓടെ കമ്പനി പുറത്തിറക്കുന്ന പത്ത് പുതിയ ഇലക്ട്രിക് വാഹന മോഡലുകളുടെ ആദ്യ പതിപ്പായിരുന്നു അത്.

‘ഇലക്ട്രിക് കാറുകള്‍ക്ക് ചില പ്രത്യേക നേട്ടങ്ങളുണ്ടാകുമെന്ന തെറ്റായ വിശ്വാസം ആളുകള്‍ക്കിടയിലുണ്ട്, എന്നാലത് തെറ്റാണ്. ഇക്യുസിയുടെ കാര്യം ഉദാഹരണമായി എടുത്താല്‍ അതേ ശ്രേണിയില്‍ പെട്ട പെട്രോള്‍ വാഹനങ്ങള്‍ക്ക് സമാനമായ ഫീച്ചറുകളാണ് ഇക്യുസിക്കും ഉണ്ടായിരുന്നത്. മുന്‍ മോഡലുകളുടെ പരിമിതികളില്‍ നിന്നുമാണ് അത്തരം തെറ്റിദ്ധാരണകള്‍ ആരംഭിക്കുന്നത്. ആദ്യകാല ഇലക്ട്രിക് കാറുകള്‍ക്ക് ചില ന്യൂനതകള്‍ ഉണ്ടായിരുന്നു. ബാറ്ററികള്‍ക്ക് കൂടുതല്‍ സ്ഥലം വേണ്ടിയിരുന്നതിനാല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന ഭാഗം ചെറുതായിരുന്നു. മാത്രമല്ല, കമ്പനി അവകാശപ്പെടുന്നതു പോലെയുള്ള ശേഷി അവയ്ക്ക് ഉണ്ടായിക്കൊള്ളണമില്ല. അതെല്ലാം ആളുകളില്‍ മതിപ്പുണ്ടാക്കുന്ന കാര്യമല്ല’, ക്ലീന്‍ അഭിപ്രായപ്പെട്ടു.

ഡ്രൈവറില്ലാ വാഹനങ്ങള്‍ക്ക് (ഓട്ടോനോമസ്) ഭാവിയില്‍ വലിയ സ്വീകാര്യത ലഭിക്കുമെന്ന് ക്ലീന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഓട്ടോമൊബീല്‍ രംഗത്തെ പുതിയ സാങ്കേതിക വിദ്യകളോട് ഉപഭോക്താക്കള്‍ അനുഭാവപൂര്‍ണമായ സമീപനമാണ് സ്വീകരിക്കുന്നത്. സെമി-ഓട്ടോനോമസ് വാഹനങ്ങള്‍ ഇപ്പോള്‍ തന്നെ നിരത്തുകളിലുണ്ട്. മേഴ്‌സിഡസ് ബെന്‍സ് വാഹനങ്ങളില്‍ ഡിസ്റ്റന്‍സ് കണ്‍ട്രോള്‍, എമര്‍ജന്‍സി ബ്രേക്ക് തുടങ്ങി നിരവധി ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ ഉണ്ടന്നും ക്ലീന്‍ പറഞ്ഞു

ഓട്ടോനോമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യയെ അടിസ്ഥാനപ്പെടുത്തിയുള്ള നിരവധി പ്രോജക്ടുകള്‍ നിലവില്‍ മേഴ്‌സിഡസ് ബെന്‍സിനുണ്ട്. മേഴ്‌സിഡസ് ബെന്‍സ് എസ് ക്ലാസ് എസ് 500 ഇന്റെലിജന്‍സ് ഡ്രൈവ് അത്തരത്തിലൊന്നാണ്. പൂര്‍ണമായും ഓട്ടോമാറ്റിക് ആയ വാഹനം ലഭിക്കുന്നതിന് വേണ്ട നിക്ഷേപം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വേണ്ടി വരുന്നതിനേക്കാള്‍ വളരെയധികമാണ്. അവ എപ്പോള്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും,അതിന് വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും ക്ലീന്‍ പറഞ്ഞു.

Comments

comments

Categories: Arabia

Related Articles