നികുതി നിരക്കുകളില്‍ അഭിപ്രായമാരാഞ്ഞ് ധനമന്ത്രി

നികുതി നിരക്കുകളില്‍ അഭിപ്രായമാരാഞ്ഞ് ധനമന്ത്രി
  • വ്യക്തിഗത, കോര്‍പ്പറേറ്റ് അടക്കം വിവിധ നികുതികളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ അറിയിക്കാം
  • ശുപാര്‍ശകള്‍ക്ക് പിന്‍ബലമേകുന്ന കണക്കുകള്‍ നല്‍കണം; അവസാന തിയതി നവംബര്‍ 21
  • 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതു ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡെല്‍ഹി: രാജ്യ ചരിത്രത്തില്‍ ആദ്യമായി നികുതി ഘടന സംബന്ധിച്ച് പൊതു അഭിപ്രായ സമാഹരണത്തിന് കേന്ദ്ര സര്‍ക്കാര്‍. ഫെബ്രുവരിയില്‍ അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റ് തയാറാക്കുന്നതിന് മുന്നോടിയായാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യവസായ സംഘടനകളോടും പ്രമുഖ വ്യക്തികളോടും അഭിപ്രായം ആരാഞ്ഞിരിക്കുന്നത്. പ്രത്യക്ഷ, പരോക്ഷ നികുതികളില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് നിര്‍ദേശങ്ങള്‍ അവതരിപ്പിക്കാനാണ് അവസരം. ഫെബ്രുവരി ഒന്നിനാണ് 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതു ബജറ്റ് അവതരിപ്പിക്കുക.

വിവിധ മേഖലകളുമായും വ്യവസായികളുടെ സംഘടനകളുമായുള്ള ബജറ്റ് പ്രതീക്ഷാ ചര്‍ച്ചകള്‍ കേന്ദ്ര ധനമന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് വ്യക്തിഗത ആദായ നികുതി, കോര്‍പ്പറേറ്റ് വരുമാന നികുതി, എക്‌സൈസ് നികുതിയും കസ്റ്റംസ് നികുതിയുമടക്കമുള്ള പരോക്ഷ നികുതികള്‍ എന്നിവയുടെ ഘടനയില്‍ വരുത്തേണ്ട മാറ്റങ്ങളെപ്പറ്റി നിര്‍ദേശങ്ങളറിയിക്കാന്‍ ആവശ്യപ്പെടുന്ന സര്‍ക്കുലര്‍ റവന്യൂ വിഭാഗം പുറപ്പെടുവിച്ചിരിക്കുന്നത്. നികുതി നിരക്കുകളിലും വരുത്തേണ്ട മാറ്റങ്ങള്‍ അവയുടെ സാമ്പത്തിക നീതീകരണത്തിനൊപ്പം നല്‍കാനും നികുതിവലയുടെ വലിപ്പം കൂട്ടുന്നതിനെക്കുറിച്ചുള്ള അഭിപ്രായമറിയിക്കാനും സര്‍ക്കുലര്‍ ആവശ്യപ്പെടുന്നു.

‘ഉല്‍പ്പാദനം, വിലനിലവാരം, ശുപാര്‍ശ ചെയ്ത ഭേദഗതികളുടെ വരുമാന ആഘാത സാധ്യത എന്നിവയടക്കം സാധുവായ കണക്കുകളുടെയും വിവരങ്ങളുടെയും പിന്തുണയോടെ നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക’ സര്‍ക്കുലറില്‍ ധനമന്ത്രാലയം ആവശ്യപ്പെടുന്നു.

പ്രത്യക്ഷ നികുതി സംബന്ധിച്ച് ശുപാര്‍ശകള്‍ നല്‍കുമ്പോള്‍ ആഭ്യന്തര കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ച സര്‍ക്കാര്‍ നടപടി കൂടി കണക്കിലെടുക്കണമെന്ന് സര്‍ക്കുലറില്‍ ധനമന്ത്രാലയം ഓര്‍മിപ്പിക്കുന്നുണ്ട്. വ്യക്തിഗത ആദായ നികുതിയില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനുള്ള ശുപാര്‍ശകള്‍ മന്ത്രാലയം പ്രതീക്ഷിക്കുന്നുണ്ട്. ജിഎസ്ടിയുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ പരിഗണിക്കുന്നില്ലെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ഇത് ജിഎസ്ടി കൗണ്‍സിലിന്റെ അധികാര പരിധിയിലാണുള്ളത്. കസ്റ്റംസ് നികുതി, സെന്‍ട്രല്‍ എക്‌സൈസ് നികുതി എന്നിവയില്‍ നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്തിട്ടുണ്ട്. നവംബര്‍ ഇരുപത്തൊന്നിനകം എല്ലാ ശുപാര്‍ശകളും നല്‍കാനാണ് നിര്‍ദേശം.

അധിക ജാഗ്രത 

നടപ്പു വര്‍ഷത്തെ ബജറ്റ് അവതരണത്തിലെ അധിക നികുതി ശുപാര്‍ശകള്‍ രാജ്യത്തെ വ്യവസായ സമൂഹത്തെയും നികുതി ദായകരെയും വന്‍ പ്രതിഷേധത്തിലേക്ക് നയിച്ച സാഹചര്യമാണ് ഇത്തവണ കാലേകൂട്ടി അഭിപ്രായ രൂപീകരണം നടത്താന്‍ ധനമന്ത്രാലയത്തെ പ്രേരിപ്പിച്ചതെന്നാണ് കണക്കുകൂട്ടല്‍. സാമ്പത്തിക വളര്‍ച്ച തിരികെ പിടിക്കാനും അധിക വരുമാന സമാഹരണത്തിനുമായി ധനമന്ത്രി കഴിഞ്ഞതവണ (ജൂലൈ 5) നടത്തിയ കോര്‍പ്പറേറ്റ് നികുതിയടക്കമുള്ള പ്രഖ്യാപനങ്ങള്‍ വമ്പന്‍ എതിര്‍പ്പാണ് ക്ഷണിച്ചു വരുത്തിയിരുന്നത്. സെപ്റ്റംബറില്‍ ആഭ്യന്തര കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതി 30% ല്‍ നിന്ന് 22 ശതമാനത്തിലേക്ക് താഴ്‌ത്തേണ്ടി വന്നു. ഫലത്തില്‍ രാജ്യത്തെ കോര്‍പ്പറേറ്റ് നികുതി 25.3 ശതമാനത്തിലേക്ക് താഴ്ന്നു. ഒക്‌റ്റോബര്‍ ഒന്നിന് ശേഷം രൂപീകരിച്ച പുതിയ കമ്പനികളുടെ നികുതി 25 ല്‍ നിന്ന് 15 ശതമാനത്തിലേക്ക് താഴ്ത്തുകയും ചെയ്തിരുന്നു. ഇത്തവണ ബജറ്റിന് മുന്‍പ് തന്നെ വ്യാപക അഭിപ്രായ സമാഹരണം നടത്തി എതിര്‍പ്പുകള്‍ കുറയ്ക്കാനാണ് നീക്കം. ധനമന്ത്രിയുടെ കഴിഞ്ഞ ബജറ്റിലെ പല പ്രഖ്യാപനങ്ങളും പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസിന് ഇടപെടേണ്ടി വന്നിരുന്നു.

Categories: FK Special, Slider