ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍: ഇതുവരെ വിആര്‍എസ് തെരഞ്ഞെടുത്തത് 80,000 ജീവനക്കാര്‍

ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍: ഇതുവരെ വിആര്‍എസ് തെരഞ്ഞെടുത്തത് 80,000 ജീവനക്കാര്‍

ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിലുടെ പ്രതിവര്‍ഷം 7,500 കോടി രൂപ ശമ്പളച്ചെലവില്‍ ലാഭിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്

ന്യൂഡെല്‍ഹി: പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച ബിഎസ്എന്‍എലും എംടിഎന്‍എലും പ്രഖ്യാപിച്ച സ്വയം വിരമിക്കല്‍ പദ്ധതി(വിആര്‍എസ്) ക്കായി 80,000 ജീവനക്കാര്‍ ഇതിനകം അപേക്ഷ നല്‍കി. മൊത്തം 94,000 ജീവനക്കാര്‍ക്ക് വിആര്‍എസ് നല്‍കാനാണ് കമ്പനികള്‍ ലക്ഷ്യം വെക്കുന്നത്. ബിഎസ്എന്‍എലില്‍ 79,000 ജീവനക്കാരെയും എംടിഎന്‍എലില്‍ 15,000 പേരെയും വിരമിക്കലിലേക്ക് എത്തിക്കുന്നതിനാണ് നിശ്ചയിച്ചിരുന്നത്. ഇതിനകം ബിഎസ്എന്‍എല്ലിലെ 72,000 ജീവനക്കാരും എംടിഎന്‍എലിലെ 8,900 പേരും വിആര്‍എസിന് അപേക്ഷ നല്‍കിയിട്ടുണ്ട്.

ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നതിലുടെ പ്രതിവര്‍ഷം 7,500 കോടി രൂപ ശമ്പളച്ചെലവില്‍ ലാഭിക്കാന്‍ കഴിയുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ 14,000 കോടി രൂപയ്ക്കു മുകളിലാണ് ഒരു വര്‍ഷം ശമ്പളത്തിനായി ചെലവഴിക്കുന്നതിന്. എംടിഎന്‍എന്‍എലിനെ ബിഎസ്എന്‍എലില്‍ ലയിപ്പിക്കുന്നതും ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതും ഉള്‍പ്പടെയുള്ള പുനരുജ്ജീവന പാക്കേജ് കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 70,000 കോടി രൂപയുടെ പാക്കേജില്‍ വിആര്‍എസിന് 29,937 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്.

എക്‌സിക്യൂട്ടീവ് തസ്തികകളില്‍ 46,000ത്തോളം പേരും നോണ്‍ എക്‌സിക്യൂട്ടീവ് തസ്തികകളില്‍ ഏകദേശം 1.18 ലക്ഷം പേരുമാണ് ബിഎസ്എന്‍എലില്‍ ജോലി ചെയ്യുന്നത്. 50 വയസോ അതിനു മുകളിലോ ഉള്ള ജീവനക്കാര്‍ക്കായാണ് സ്വയം വിരമിക്കല്‍ പദ്ധതി മുന്നോട്ടുവെച്ചിട്ടുള്ളത്. നിലവില്‍ കമ്പനിയുടെ വരുമാനത്തിന്റെ 77 ശതമാനവും വേതന വിതരണത്തിനായാണ് നീക്കിവെക്കുന്നത്. ഏതാനും മാസങ്ങളാണ് കമ്പനിയുടെ ശമ്പള വിതരണം വൈകുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്.

ബിഎസ്എന്‍എല്‍ ജീവനക്കാര്‍ ഉള്‍പ്പടെ ദീര്‍ഘകാലയമായി ആവശ്യപ്പെട്ടിരുന്ന 4ജി സ്‌പെക്ട്രം വിതരണവും പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ബിഎസ്എന്‍എലിനെ സ്വകാര്യവത്കരിക്കുന്നതിനുള്ള യാതൊരു നീക്കവും ഇല്ലൈന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: FK News
Tags: BSNL-MTNL, VRS