വിപണി മല്‍സരത്തിന് അവസരമില്ലെങ്കില്‍ ഇന്ത്യയിലെ നിക്ഷേപം അവസാനിപ്പിക്കുമെന്ന് വോഡഫോണ്‍

വിപണി മല്‍സരത്തിന് അവസരമില്ലെങ്കില്‍ ഇന്ത്യയിലെ നിക്ഷേപം അവസാനിപ്പിക്കുമെന്ന് വോഡഫോണ്‍

ഒരു വലിയ ഏറ്റെടുക്കല്‍ വഴി 2007 ലാണ് വോഡഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ടെലികോം മേഖലയില്‍ റിലയന്‍സ് ജിയോയുമായുള്ള വിപണി മല്‍സരത്തിനുള്ള അവസരം ലഭ്യമാകുന്നില്ലെങ്കില്‍ രാജ്യത്ത് പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് യുകെ ആസ്ഥാനമായ വോഡഫോണ്‍ ഗ്രൂപ്പ്. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് വോഡഫോണ്‍ കത്തയച്ചതായി യുകെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിപണിയിലെ നീതിയുക്തമായ മല്‍സരത്തെ ഇല്ലാതാക്കുന്ന തരത്തിലുള്ള ജിയോയുടെ പ്രവര്‍ത്തനത്തെ സര്‍ക്കാര്‍ നിയന്ത്രിക്കണമെന്നും പല നയങ്ങളും മറ്റ് കമ്പനികള്‍ക്ക് ദോഷകരമാകുന്ന തരത്തിലും ജിയോയ്ക്ക് ഗുണകരമാകുന്ന തരത്തിലാണ് വരുന്നതെന്നും വോഡഫോണ്‍ സിഇഒ നിക്ക് റീഡ് കത്തില്‍ ചൂണ്ടിക്കാണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ജിയോ ഉയര്‍ത്തിയ വലിയ വെല്ലുവിളിയില്‍ വിപണി വിഹിതവും വരുമാനവും വലിയ തോതില്‍ ഇടിഞ്ഞതോടെയാണ് തങ്ങളുടെ ഇന്ത്യന്‍ ബിസിനസ് ഐഡിയയുമായി ലയിപ്പിക്കാന്‍ വോഡഫോണ്‍ തയാറായത്. ഏറ്റവും വലിയ ഉപഭോക്തൃ വിപണി വിഹിതത്തോടെ തുടങ്ങിയ വോഡഫോണ്‍ ഐഡിയക്കും ഇതുവരെ വിപണിയില്‍ നിലയുറപ്പിക്കാനായിട്ടില്ല. യുകെ വിപണിയിലും വോഡഫോണ്‍ വായ്പാ ബാധ്യതയുടെ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ നിലവിലെ ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ മൂലധനം ഇറക്കുന്നത് വിഷമകരമാകുമെന്നാണ് വോഡഫോണ്‍ വിലയിരുത്തുന്നത്.

ഒരു വലിയ ഏറ്റെടുക്കല്‍ വഴി 2007 ലാണ് വോഡഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. ഇന്ത്യന്‍ വിപണിയിലെ മുന്നേറ്റം പ്രതീക്ഷിച്ച് നിരവധി നിക്ഷേപങ്ങള്‍ പിന്നീട് നടത്തി. ഇന്ത്യയിലെ ഉദ്യോഗസ്ഥരില്‍ നിന്നും രാഷ്ട്രീയക്കാരില്‍ നിന്നും കോടതികളില്‍ നിന്നും കമ്പനി നിരവധി വെല്ലുവിളികള്‍ നിരന്തരം നേരിട്ടതായും ഇപ്പോള്‍ നിക്ഷേപ മൂല്യത്തിന്റെ പതനം പൂര്‍ത്തിയാകുകയാണെന്നുമാണ് ഒരു ബ്രിട്ടീഷ് റിപ്പോര്‍ട്ട് പറയുന്നത്.

Comments

comments

Categories: Business & Economy