ടാറ്റ സ്റ്റീല്‍ പ്ലാന്റ് ടാറ്റ ടിഗോര്‍ ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നു

ടാറ്റ സ്റ്റീല്‍ പ്ലാന്റ് ടാറ്റ ടിഗോര്‍ ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നു

ആകെ നാല്‍പ്പത് യൂണിറ്റ് ടാറ്റ ടിഗോര്‍ ഇലക്ട്രിക് കാറുകളാണ് ജംഷദ്പുരിലെ ടാറ്റ സ്റ്റീല്‍ പ്ലാന്റ് വാങ്ങുന്നത്

ന്യൂഡെല്‍ഹി: ടാറ്റ സ്റ്റീല്‍ ജീവനക്കാരുടെ ഗതാഗത ആവശ്യങ്ങള്‍ക്ക് ടാറ്റ ടിഗോര്‍ ഇവി ഉപയോഗിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ടാറ്റ സ്റ്റീലും ടാറ്റ മോട്ടോഴ്‌സും സഹോദര സ്‌നേഹം കാണിച്ചിരിക്കുകയാണ്. ആകെ നാല്‍പ്പത് ടാറ്റ ടിഗോര്‍ ഇലക്ട്രിക് കാറുകളാണ് ജംഷദ്പുരിലെ ടാറ്റ സ്റ്റീല്‍ പ്ലാന്റ് വാങ്ങുന്നത്. ആദ്യ ബാച്ച് ടിഗോര്‍ ഇവി ഇതിനകം ടാറ്റ സ്റ്റീല്‍ അധികൃതര്‍ക്ക് കൈമാറി.

കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനൊപ്പം, ഹരിത വാഹനങ്ങളിലേക്ക് മാറുന്നതിന് ജീവനക്കാരെ പ്രേരിപ്പിക്കുകയെന്നതും ലക്ഷ്യമാണെന്ന് ടാറ്റ സ്റ്റീല്‍ അധികൃതര്‍ പറഞ്ഞു. ടാറ്റ സ്റ്റീലുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ടാറ്റ മോട്ടോഴ്‌സ് ഇലക്ട്രിക് മൊബിലിറ്റി ബിസിനസ് ആന്‍ഡ് കോര്‍പ്പറേറ്റ് സ്ട്രാറ്റജി വിഭാഗം പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു.

21.5 കിലോവാട്ട്അവര്‍ ബാറ്ററി പാക്കാണ് ടിഗോര്‍ ഇവി ഉപയോഗിക്കുന്നത്. കരുത്തും ടോര്‍ക്കും എത്രയെന്ന് ടാറ്റ മോട്ടോഴ്‌സ് വെളിപ്പെടുത്തിയിട്ടില്ല. സിംഗിള്‍ സ്പീഡ് ട്രാന്‍സ്മിഷന്‍ നല്‍കി. ഇരട്ട എയര്‍ബാഗുകള്‍ (എക്‌സ്ഇ പ്ലസ് വേരിയന്റില്‍ ഡ്രൈവര്‍ എയര്‍ബാഗ് മാത്രം), ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) എന്നിവ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളാണ്.

കഴിഞ്ഞ മാസം മുതലാണ് ടാറ്റ ടിഗോര്‍ ഇലക്ട്രിക് പൊതുജനങ്ങള്‍ക്ക് വാങ്ങാന്‍ അവസരം ലഭിച്ചത്. എല്ലാ സര്‍ക്കാര്‍ സബ്‌സിഡികളും കുറച്ചശേഷം 9.44 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. എക്‌സ്ഇ പ്ലസ്, എക്‌സ്എം പ്ലസ്, എക്‌സ്ടി പ്ലസ് എന്നീ മൂന്ന് വേരിയന്റുകളില്‍ ലഭിക്കും. മൂന്ന് വര്‍ഷം/1.25 ലക്ഷം കിലോമീറ്റര്‍ വാറന്റി ലഭ്യമാണ്.

Comments

comments

Categories: Auto