ആഗോള അരങ്ങേറ്റം നടത്തി 2020 സ്‌കോഡ ഒക്ടാവിയ

ആഗോള അരങ്ങേറ്റം നടത്തി 2020 സ്‌കോഡ ഒക്ടാവിയ

മുന്‍ഗാമികളേക്കാള്‍ വലുപ്പം വര്‍ധിച്ചിരിക്കുന്നു

പ്രാഗ്: 2020 മോഡല്‍ സ്‌കോഡ ഒക്ടാവിയ ആഗോളതലത്തില്‍ അനാവരണം ചെയ്തു. സ്‌കോഡ നെയിംപ്ലേറ്റിന്റെ അറുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് പുതിയ ഒക്ടാവിയ വരുന്നത്. 90 കളുടെ മധ്യത്തില്‍ ഒക്ടാവിയ എന്ന പേര് ഫോക്‌സ്‌വാഗണ്‍ പുനരുജ്ജീവിപ്പിച്ച ശേഷം വിപണിയിലെത്തുന്ന നാലാം തലമുറ ഒക്ടാവിയ ആണ് ഇപ്പോള്‍ അനാവരണം ചെയ്തിരിക്കുന്നത്. ആഗോളതലത്തില്‍ ആക്റ്റീവ്, അംബീഷന്‍, സ്‌റ്റൈല്‍ എന്നീ മൂന്ന് വേരിയന്റുകളില്‍ പുതിയ ഒക്ടാവിയ ലഭിക്കും. കോംബി സ്‌കൗട്ട് ഓഫ്-റോഡ്, ആര്‍എസ് സ്‌പോര്‍ട്ടി വേരിയന്റുകള്‍ പിന്നീട് പുറത്തിറക്കും. അടുത്ത വര്‍ഷം അവസാനത്തോടെ പുതിയ സ്‌കോഡ ഒക്ടാവിയ ഇന്ത്യയിലെത്തും. മുന്‍ഗാമികളേക്കാള്‍ വലുതാണ് പുതിയ കാര്‍. വലുപ്പം വര്‍ധിച്ചിരിക്കുന്നു. നീളം 19 മില്ലി മീറ്ററും വീതി 15 മില്ലി മീറ്ററും വര്‍ധിച്ചു. ഇപ്പോള്‍ യഥാക്രമം 4,689 എംഎം, 1,829 എംഎം. 2,686 മില്ലി മീറ്ററാണ് വീല്‍ബേസ്. 19 ഇഞ്ച് വരെയുള്ള വീലുകള്‍ ലഭിക്കും.

പുതിയ സ്‌കോഡ ഒക്ടാവിയ പൂര്‍ണമായും പുനര്‍രൂപകല്‍പ്പന ചെയ്തിരിക്കുന്നു. കൂടുതല്‍ ഷാര്‍പ്പാണ് പുതിയ ഒക്ടാവിയയുടെ ഡിസൈന്‍. കൂടുതല്‍ മെലിഞ്ഞ പുതിയ ഓപ്ഷണല്‍ മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലാംപുകളും എല്‍ഇഡി ടെയ്ല്‍ലാംപുകളും കാണാം. പുതിയ ഒക്ടാവിയ അത്യന്തം എയ്‌റോഡൈനാമിക്കാണ്. 0.24 ആണ് ഡ്രാഗ് കോ-എഫിഷ്യന്റ്. കൂടുതല്‍ വിസ്തൃതമായ സ്‌കോഡയുടെ തനത് ഗ്രില്‍, കൂടുതല്‍ പ്രകടമായ ബോഡി ലൈനുകളും ഇടുപ്പും, ഡക്‌ടെയ്ല്‍ പോലുള്ള പിറകുവശം എന്നിവയും ശ്രദ്ധേയ മാറ്റങ്ങളാണ്. വശങ്ങളില്‍നിന്ന് നോക്കുമ്പോള്‍, കൂടുതല്‍ കൂപ്പെ സമാനമാണ് പുതിയ ഒക്ടാവിയയുടെ ലുക്ക്. കൂട്ടിയിടി ഒഴിവാക്കുന്ന സംവിധാനം, സ്റ്റിയറിംഗ് വളയത്തില്‍ കൈ ഉണ്ടെന്ന് തിരിച്ചറിയുന്ന സംവിധാനം, ഡോറുകള്‍ തുറക്കുമ്പോള്‍ വാഹനങ്ങള്‍ കടന്നുപോയേക്കാമെന്ന് ഡ്രൈവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം എന്നിവയെല്ലാം പുതിയ സുരക്ഷാ ഫീച്ചറുകളാണ്.

കാറിനകത്ത്, ഉയര്‍ന്നുനില്‍ക്കുന്ന പുതിയ ഇന്‍ഫൊടെയ്ന്‍മെന്റ് സ്‌ക്രീന്‍ (നാല് വലുപ്പത്തില്‍), 2 സ്‌പോക്ക് സ്റ്റിയറിംഗ് വളയം എന്നിവ നല്‍കിയിരിക്കുന്നു. പ്രത്യേക ഫാബ്രിക് സ്‌പോര്‍ട്‌സ് സീറ്റുകള്‍, കാറിനകം മൂന്ന് മേഖലകളായി തിരിച്ചുള്ള (3 സോണ്‍) എയര്‍ കണ്ടീഷണിംഗ്, ഹെഡ്-അപ് ഡിസ്‌പ്ലേ എന്നിവ മറ്റ് ഓപ്ഷണല്‍ ഫീച്ചറുകളാണ്. പുതിയ ലേഔട്ട്, പുതിയ കണ്‍ട്രോളുകള്‍ എന്നിവയോടെ പത്ത് ഇഞ്ച് വലുപ്പമുള്ളവയാണ് ഇന്‍ഫൊടെയ്ന്‍മെന്റ് സ്‌ക്രീന്‍, വിര്‍ച്വല്‍ കോക്പിറ്റ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവ. ഡിഎസ്ജി ഗിയര്‍ ലിവറിന് പകരം റോക്കര്‍ സ്വിച്ച് നല്‍കിയിരിക്കുന്നു. ഡ്രൈവ്-ബൈ-വയര്‍ സാങ്കേതികവിദ്യ സവിശേഷതയാണ്. കാറിനകത്തെ സ്ഥലസൗകര്യവും വര്‍ധിച്ചിരിക്കുന്നു. നീ (കാല്‍മുട്ട്) റൂം ഇപ്പോള്‍ കൂടുതലാണ്. പുതിയ സ്ലീപ്പ് പാക്കേജ്, ഡോര്‍ പാനലുകളില്‍ കുടകള്‍, ഓവര്‍ഹെഡ് കണ്‍സോളില്‍ യുഎസ്ബി സി പോര്‍ട്ട് എന്നിവയും നല്‍കിയിരിക്കുന്നു. 600 ലിറ്ററാണ് ബൂട്ട് ശേഷി.

പുതിയ ഒക്ടാവിയയില്‍ പുതുനിര എന്‍ജിനുകള്‍ നല്‍കിയിരിക്കുന്നു. പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റാണ് ഏറ്റവും വലിയ വിശേഷം. 1.4 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറുമാണ് ഒക്ടാവിയ ഐ5 എന്ന പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റിന് കരുത്തേകുന്നത്. 204 പിഎസ് കരുത്ത് ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ നല്‍കിയിരിക്കുന്നു. കൂടുതല്‍ കരുത്തുറ്റ 245 പിഎസ് വേര്‍ഷന്‍ പിന്നീട് അവതരിപ്പിക്കും. 1.0 ലിറ്റര്‍ 3 സിലിണ്ടര്‍, 1.5 ലിറ്റര്‍ 4 സിലിണ്ടര്‍, 2.0 ലിറ്റര്‍ എന്നിവയാണ് മറ്റ് ടര്‍ബോ-പെട്രോള്‍ എന്‍ജിനുകള്‍. മൂന്ന് എന്‍ജിനുകള്‍ യഥാക്രമം 115 പിഎസ്, 150 പിഎസ്, 190 പിഎസ് കരുത്ത് പുറപ്പെടുവിക്കും. എല്ലാ എന്‍ജിനുകളുമായി 7 സ്പീഡ് ഡിഎസ്ജി ചേര്‍ത്തുവെച്ചു. 1.0 ലിറ്റര്‍, 1.5 ലിറ്റര്‍ എന്‍ജിനുകളുടെ കൂടെ 48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ നല്‍കി. ഈ രണ്ട് എന്‍ജിനുകളും 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സുമായും ലഭിക്കും. എന്നാല്‍ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഉണ്ടായിരിക്കില്ല. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ പുതിയ ‘ഇവോ’ ഡീസല്‍ എന്‍ജിന്‍ പുതിയ ഒക്ടാവിയയില്‍ അരങ്ങേറി. 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ എന്‍ജിന്‍ യൂറോ 6ഡി പാലിക്കുന്നതാണ്. ഇന്ത്യയിലെത്തുമ്പോള്‍ ബിഎസ് 6 അനുസരിക്കും. 115 പിഎസ്, 150 പിഎസ്, 200 പിഎസ് ട്യൂണുകളില്‍ ഈ മോട്ടോര്‍ ലഭിക്കും. ജി-ടെക് സിഎന്‍ജി വേരിയന്റും ലഭ്യമാണ്. 130 പിഎസ് പുറപ്പെടുവിക്കുന്ന 1.5 ലിറ്റര്‍ മോട്ടോറാണ് ഈ വേരിയന്റിന് കരുത്തേകുന്നത്. 6 സ്പീഡ് മാന്വല്‍, 7 സ്പീഡ് ഡിഎസ്ജി ട്രാന്‍സ്മിഷന്‍ എന്നിവയാണ് ഓപ്ഷനുകള്‍.

Comments

comments

Categories: Auto