ഒമാനില്‍ കെട്ടിട നിര്‍മാണ, ശുചീകരണ മേഖലകളിലെ തൊഴില്‍ വിസയ്ക്ക് താത്കാലിക നിരോധനം

നൂറില്‍ കൂടുതല്‍ തൊഴിലാളികള്‍ ഉള്ള കമ്പനികള്‍ക്ക് നിരോധനം ബാധകമല്ല
മസ്കറ്റ്: കെട്ടിട നിര്‍മാണ, ശുചീകരണ ജോലികളില്‍ പ്രവാസികളെ നിയമിക്കുന്നതിന് ഒമാന്‍ മാനവവിഭവശേഷി മന്ത്രാലയം അറുമാസത്തേക്ക് നിരോധനം ഏര്‍പ്പെടുത്തി. ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികള്‍ ആറുമാസത്തേക്ക് പ്രവാസികള്‍ക്ക് തൊഴില്‍ നല്‍കരുതെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമെന്ന് ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്തു.
കെട്ടിട നിര്‍മാണ, ശുചീകരണ ജോലികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ മേഖലാ കമ്പനികള്‍ക്ക് ഒമാനികളല്ലാത്ത തൊഴിലാളികളെ നിയമിക്കുന്നതിനുള്ള അധികാരം ആറുമാസത്തേക്ക് റദ്ദാക്കിയിരിക്കുന്നുവെന്നാണ് മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. അതേസമയം നൂറിലധികം തൊഴിലാളികള്‍ ഉള്ള കമ്പനികള്‍ക്ക് ഈ നിബന്ധന ബാധകമായിരിക്കില്ല. ഇവരെക്കൂടാതെ സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കുന്ന കമ്പനികള്‍ക്കും ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വികസനത്തിന് വേണ്ടിയുള്ള സര്‍ക്കാര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ സമയ കമ്പനികള്‍ക്കും സ്വതന്ത്ര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന, ‘വേള്‍ഡ് കാറ്റഗറി’യില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കമ്പനികള്‍ക്കും പുതിയ തീരുമാനം ബാധകമായിരിക്കില്ല.
ഒമാനില്‍ കെട്ടിട നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന ആകെ പ്രവാസി തൊഴിലാളികളുടെ എണ്ണത്തില്‍ രണ്ട് വര്‍ഷത്തിനിടെ 17 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ദേശീയ സ്ഥിതിവിവര കേന്ദ്രത്തില്‍ നിന്നുള്ള കണക്ക് പ്രകാരം 1,700,000 വിദേശ തൊഴിലാളികളാണ് നിലവില്‍ ഒമാനില്‍ ജോലി ചെയ്യുന്നത്. ഇവരില്‍ 508,690 പേര് കെട്ടിട നിര്‍മാണ മേഖലയല്‍ ജോലി ചെയ്യുന്നവരാണ്. എന്നാല്‍ 2017ല്‍ കെട്ടിട നിര്‍മാണ മേഖലയില്‍ തൊഴിലെടുക്കുന്ന പ്രവാസികളുടെ എണ്ണം 619,744 ആയിരുന്നു.