ഓണ്‍ലൈന്‍ കാര്‍ വിപണിയില്‍ 400 ദശലക്ഷം ഡോളര്‍ നിക്ഷേപവുമായ് ഒഎല്‍എക്‌സ്

ഓണ്‍ലൈന്‍ കാര്‍ വിപണിയില്‍ 400 ദശലക്ഷം ഡോളര്‍ നിക്ഷേപവുമായ് ഒഎല്‍എക്‌സ്

എഫ്‌സിജി പങ്കാളിയായ ഒഎല്‍എക്‌സ് കാഷ്‌മൈകാര്‍ സംരംഭത്തിലേക്കാണ് നിക്ഷേപം

ബെംഗളുരു: ഓണ്‍ലൈന്‍ ക്ലാസിഫൈഡ് ബിസിനസ് ഭീമന്‍ ഒഎല്‍എക്‌സ് ഗ്രൂപ്പ് ബെര്‍ലിന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ കാര്‍ വിപണിയായ ഫ്രോണ്ടിയര്‍ കാര്‍ ഗ്രൂപ്പില്‍ (എഫ്‌സിജി) 400 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ചു. കഴിഞ്ഞ വര്‍ഷം ഒഎല്‍എക്‌സ് ഇന്ത്യ എഫ്‌സിജിയുമായി ചേര്‍ന്ന് ഒഎല്‍എക്‌സ് കാഷ്‌മൈകാര്‍ എന്ന പേരില്‍ ഒരു സംയുക്ത സംരംഭത്തിന് തുടക്കമിട്ടിരുന്നു. ഉപയോഗിച്ച കാറുകള്‍ വില്‍ക്കാനും വാങ്ങാനുമുള്ള പ്ലാറ്റ്‌ഫോമാണിത്.

ഒഎല്‍എക്‌സ് കാഷ്‌മൈകാര്‍ സംരംഭത്തിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിക്ഷേപം. കഴിഞ്ഞ വര്‍ഷം മേയില്‍ ഒഎല്‍എക്‌സ് ബെര്‍ലിന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പില്‍ 89 ദശലക്ഷം ഡോളര്‍ നിക്ഷേപം നടത്തിയിരുന്നു. എഫ്‌സിജിക്കൊപ്പം, ഉപയോഗിച്ച കാറുകളുടെ വിപണിയില്‍ ആഗോളതലത്തില്‍ മികച്ച പ്ലാറ്റ്‌ഫോം സൃഷ്ടിക്കാനാണ് ശ്രമമെന്ന് ഒഎല്‍എക്‌സ് സിഇഒ മാര്‍ട്ടിന്‍ ഷീബോവര്‍ പറഞ്ഞു. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ഒഎല്‍എക്‌സ് കാഷ്‌മൈകാര്‍ സേവനം സൗകര്യപ്രദമാണെന്നും ആഗോളതലത്തില്‍ പ്ലാറ്റ്‌ഫോം വികസിപ്പിക്കുകയാണ് അടുത്ത പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒഎല്‍എക്‌സ് കാഷ്‌മൈകാര്‍ സ്റ്റോറുകള്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ അവരുടെ സാന്നിധ്യം മൂന്നിരട്ടിയാക്കി വര്‍ധിപ്പിച്ചിരുന്നു. മാത്രമല്ല ഈ പ്ലാറ്റ്‌ഫോമിലൂടെ കാറുകളുടെ വിറ്റഴിക്കലിന് പ്രതിമാസം 10 ശതമാനത്തോളം വളര്‍ച്ച നേടാനായി. ഈ വര്‍ഷം ജനുവരി മുതല്‍ പ്ലാറ്റ്‌ഫോമിലെ ഉപയോക്താക്കളുടെ എണ്ണം പത്തു ലക്ഷത്തിലെത്തിക്കാനും കമ്പനിക്ക് കഴിഞ്ഞെന്ന് ഒഎല്‍എക്‌സ് കാഷ്‌മൈകാര്‍ ഇന്ത്യ ജനറല്‍ മാനേജര്‍ ഭാസ്‌കര്‍ ഭാഗ്ചി പറഞ്ഞു. നിലവില്‍ 17 നഗരങ്ങളിലായി 75 കാഷ്‌മൈകാര്‍ സ്റ്റോറുകളുള്ള കമ്പനി 2021 ഓടുകൂടി സേവനം 40 നഗരങ്ങളില്‍ 150 സ്റ്റോറുകളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Business & Economy