തുടര്‍ച്ചയായ രണ്ടാം മാസത്തിലും വ്യാവസായിക ഉല്‍പ്പാദനത്തില്‍ ഇടിവ്

തുടര്‍ച്ചയായ രണ്ടാം മാസത്തിലും വ്യാവസായിക ഉല്‍പ്പാദനത്തില്‍ ഇടിവ്

സെപ്റ്റംബറില്‍ എട്ടു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വ്യാവസായിക ഉല്‍പ്പാദനം കൂപ്പുകുത്തി

ന്യുഡെല്‍ഹി: രാജ്യത്തിലെ മൊത്തം വ്യാവസായിക ഉല്‍പ്പാദനം തുടര്‍ച്ചയായ രണ്ടാം മാസത്തിലും ഇടിവ് പ്രകടമാക്കി. സെപ്റ്റംബറില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 4.3 ശതമാനം ഇടിഞ്ഞ് എട്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വ്യാവസായിക ഉല്‍പ്പാദനം എത്തി. മാനുഫാക്ചറിംഗ് ഉല്‍പ്പാദനത്തിലെ വലിയ നഷ്ടവും മൂലധന ചരക്ക് ഉല്‍പ്പാദനത്തിലെ മാന്ദ്യം കൂടുതല്‍ ശക്തിപ്രാപിക്കുന്നതും സെപ്റ്റംബറിലെ കണക്കുകളില്‍ വ്യക്തമാണ്. ഓഗസ്റ്റില്‍ 1.4 ശതമാനം ഇടിവാണ് വ്യാവസായിക ഉല്‍പ്പാദനത്തില്‍ രേഖപ്പെടുത്തിയിരുന്നത്.

വ്യാവസായിക ഉല്‍പാദന സൂചിക (ഐഐപി)യില്‍ 2011 ഒക്‌റ്റോബറിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് സെപ്റ്റംബറില്‍ ഉണ്ടായത്. ഏറ്റവും പുതിയ ഡാറ്റ പ്രതീക്ഷിച്ചതിലും മോശമാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ‘2019-20ലെ ഇതുവരെയുള്ള മൊത്തം വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച 1.3ശതമാനമാണ്. 2018-19 ലെ 5.2 ശതമാനം വളര്‍ച്ചയില്‍ നിന്ന് വളരെ കുറവാണിത്. വ്യാവസായികാന്തരീക്ഷത്തിലെ സ്തംഭനാവസ്ഥയെ ഇത് സൂചിപ്പിക്കുന്നു,’ കെയര്‍ റേറ്റിംഗിലെ മുഖ്യ സാമ്പത്തിക വിദഗ്ധന്‍ മദന്‍ സബ്‌നാവിസ് പറഞ്ഞു.
വ്യാവസായിക ഉല്‍പാദനം ഓഗസ്റ്റില്‍ 81 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയിരുന്നു. ഒരു വലിയ ഇടിവിനെക്കുറിച്ച് സാമ്പത്തിക വിദഗ്ധര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജൂലൈയില്‍ 4.6 ശതമാനം വ്യാവസായിക വളര്‍ച്ച രേഖപ്പെടുത്തിയത് വ്യാവസായിക ഉല്‍പാദനത്തിന്റെ തിരിച്ചുവരവായി വ്യാഖ്യാനിക്കരുതെന്നും വിലയിരുത്തപ്പെട്ടിരുന്നു.
ഖനന പ്രവര്‍ത്തനങ്ങളിലും വൈദ്യുതി ഉല്‍പാദനത്തിലും സെപ്റ്റംബറില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. വ്യാവസായിക ഉല്‍പാദന സൂചികയില്‍ 78 ശതമാനം പങ്കാളിത്തമുള്ള മാനു ഫാക്ചറിംഗ് മേഖലയിലെ മാന്ദ്യം കൂടുതല്‍ വേഗത്തിലായി. സെപ്റ്റംബറിലെ മാനുഫാക്ചറിംഗ് ഉല്‍പ്പാഗനം 3.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഓഗസ്റ്റില്‍ 1.6 ശതമാനം ഇടിവ് രേഖപ്പെടുത്തിയ സ്ഥാനത്താണിത്. മാനുഫാക്ചറിംഗിലെ 23 ഉപമേഖലകളില്‍ 17 എണ്ണം മുന്‍ വര്‍ഷം സെപ്റ്റംബറിനെ അപേക്ഷിച്ച് ഇടിവ് രേഖപ്പെടുത്തി. ഓഗസ്റ്റില്‍ 15 ഉപമേഖലകളില്‍ ആയിരുന്നു ഇടിവ്. ഐഐപി ഡാറ്റാബേസ് ഓട്ടോമൊബീല്‍ മേഖലയിലെ എല്ലാ വിഭാഗങ്ങളിലും ഇടിവ് വ്യാപിച്ചതായി കാണിക്കുന്നു, സെപ്റ്റംബറില്‍ മോട്ടോര്‍ വാഹന ഉല്‍പ്പാദനം 25 ശതമാനം കുറഞ്ഞു.

മെഷീനറി ഉല്‍പ്പാദനത്തില്‍ 18.2 ശതമാനത്തിന്റെയും ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനത്തില്‍ 10.6 ശതമാനത്തിന്റെയും ഇടിവാണ് സെപ്റ്റംബറില്‍ പ്രകടമായത്. മൂലധന ഉല്‍പ്പന്നങ്ങളുടെ മേഖലയില്‍ 20 ശതമാനം ഇടിവ് രേഖപ്പെടുത്തി.

Comments

comments

Categories: Business & Economy